ഇംഗ്ലണ്ട് താരം ജോ റൂട്ടിനെ പ്രശംസിച്ച് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ആദ്യ മത്സരം കണ്ടപ്പോൾ തന്നെ റൂട്ട് ഉയരങ്ങളിൽ എത്തുമെന്ന് വിശ്വസിച്ചിരുന്നുവെന്നാണ് സച്ചിൻ വ്യക്തമാക്കിയത്. റെഡിറ്റിലെ ആസ്ക്ക് മീ എനിതിങ് സെക്ഷനിലായിരുന്നു സച്ചിന്റെ പ്രതികരണം.
“ഞാൻ എപ്പോഴും അദ്ദേഹത്തെ വലിയ ഒരു താരമായാണ് കണ്ടിട്ടുള്ളത്. ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്നത് കണ്ടപ്പോൾ തന്നെ റൂട്ട് വലിയ നേട്ടങ്ങൾ കാലിവറിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു” സച്ചിൻ വ്യക്തമാക്കി.
2012ൽ ഇന്ത്യക്കെതിരെയായിരുന്നു റൂട്ട് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ മത്സരത്തിൽ തന്നെ തന്റെ പ്രതിഭ തെളിയിക്കാൻ റൂട്ടിന് സാധിച്ചു. ഒന്നാം ഇന്നിംഗ്സിൽ 73 റൺസ് നേടിയാണ് റൂട്ട് തിളങ്ങിയത്.

ടെസ്റ്റ് ക്രിക്കറ്റിൽ സച്ചിന്റെ റെക്കോർഡിന്റെ അടുത്തെത്തി നിൽക്കുകയാണ് റൂട്ട്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന സച്ചിന്റെ റെക്കോർഡ് റൂട്ട് തകർക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ടെസ്റ്റിൽ 15921 റൺസ് നേടിയാണ് സച്ചിൻ കരിയർ അവസാനിപ്പിച്ചത്. 14643 റൺസ് നേടി മുന്നേറുന്ന റൂട്ട് ഈ റെക്കോർഡിലേക്ക് അതിവേഗം കുതിക്കുകയാണ്.


