കോഴിക്കോട്: 2026 നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ നടക്കുന്ന ചന്ദ്രിക വാര്‍ഷിക കാമ്പയിന് വന്‍ വിജയമാക്കുന്നതിന് രംഗത്തിറങ്ങാന്‍ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റും ചന്ദ്രിക ചെയര്മാന് ആന്റ് മാനേജിങ് ഡയറക്ടറുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
രാജ്യത്തിന്റെയും ജനതയുടെയും സര്വതോന്മുഖമായ പുരോഗതിക്കും മതമൈത്രി കാത്തുസൂക്ഷിക്കുന്നതിനും ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഒന്‍പത് പതിറ്റാണ്ടിലേറെയായി നിരന്തരം പ്രയത്നിച്ചുപോരുന്ന അഭിമാനകരമായ പാരമ്പര്യമുള്ള ‘ചന്ദ്രിക’ യുടെ പ്രചാരണം ഊര്‍ജിതമാക്കാന്‍ മുസ്ലിം ലീഗ് ഘടകങ്ങളും അഭ്യുദയകാംക്ഷികളും മുന്നിട്ടിറങ്ങണം.
സ്വതന്ത്രലബ്ധിക്ക് മുന്‍പ് മുതല്‍ ഭരണകൂടങ്ങളുടെ അവഗണനക്കും അവകാശ നിഷേധങ്ങള്‍ക്കും വിധേയമായി ഇരുളില്‍ കഴിയേണ്ടിവന്ന ജനവിഭാഗങ്ങളില്‍ അറിവും ആത്മബലവും പകര്‍ന്ന്, അവരെ രാഷ്ട്രീയ പ്രബുദ്ധവും സംഘടിത ശക്തിയുമാക്കി മാറ്റുന്നതില്‍ ഇക്കാലമത്രയും ചന്ദ്രിക വഹിച്ച പങ്ക് ചരിത്രത്തില്‍ രേഖപ്പെട്ടതാണ്.
നാടിന്റെ സാമൂഹിക വിദ്യാഭ്യാസ വളര്‍ച്ചയിലും സര്‍വതുറകളിലുമുള്ള വികസനത്തിലും അതുല്യ സംഭാവനകളര്‍പ്പിച്ചതാണ് ചന്ദ്രികയുടെ കര്‍മപഥം. രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹിക പൊതുമണ്ഡലം പ്രശ്ന സങ്കീര്‍ണമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഭരണകൂട ഭീകരത രാജ്യത്തിന്റെ പാരമ്പര്യത്തെ തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.
ജനവിരുദ്ധവും മനുഷ്യത്വരഹിതവുമായ ഇത്തരം രാഷ്ട്രീയ സമീപനങ്ങളെ തുറന്നുകാണിക്കാനും വേട്ടയാടപ്പെടുന്ന മനുഷ്യരുടെ വേദനകള്‍ ലോകത്തിന് മുന്നില്‍ അറിയിക്കാനും ആദര്‍ശ ധീരതയാര്‍ന്ന മാധ്യമ സ്ഥാപനങ്ങള്‍ അനിവാര്യമാണ്. 90 വര്‍ഷത്തിലേറെയായി അധികാര കേന്ദ്രങ്ങളുടെ തിന്മകളോട് രാജിയാകാതെ ധീരമായ ചുവടുകളോടെ മുന്നേറിയ പാരമ്പര്യമാണ് ചന്ദ്രികക്കുള്ളത്. ഇനിയും സമൂഹത്തിന്റെ കണ്ണും കാതും നാവുമായി പ്രവര്‍ത്തിക്കാന്‍ ചന്ദ്രികക്കു കഴിയട്ടെ. തുടര്‍ന്നുള്ള പ്രയാണത്തിന് എല്ലാവരും കരുത്തേകണമെന്നും തങ്ങള്‍ പറഞ്ഞു. ചന്ദ്രികക്ക് കൂടുതല്‍ വരിക്കാരെ ചേര്‍ക്കുന്നതിനും പാര്‍ട്ടി ഘടകങ്ങള്‍ സമയബന്ധിതമായി നിശ്ചിത ക്വാട്ട പൂര്‍ത്തിയാക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ വിവിധ ഘടകങ്ങള്‍ ഏറ്റെടുത്ത് നടത്തണമെന്ന് തങ്ങള്‍ ആഹ്വാനം ചെയ്തു.


