ഇന്ത്യക്കെതിരെയുള്ള അവസാന ടി-20യിൽ ന്യൂസിലാൻഡ് 7 വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. ന്യൂസിലാൻഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് നേടിയത്.
മറുപടി ബാറ്റിംഗിൽ കിവീസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ട് പരമ്പര നേരത്തെ സ്വന്തമാക്കിയ ഇന്ത്യക്കെതിരെ അവസാന രണ്ട് മത്സരത്തിൽ കിവികളുടെ വമ്പൻ പോരാട്ടമാണ് കണ്ടത്.
ടിം സൈഫർട്ട്, ഗ്ലെൻ ഫിലിപ്സ് എന്നിവരുടെ കരുത്തിലാണ് ന്യൂസിലാൻഡ് വിജയിച്ചത്. 50 പന്തിൽ നിന്നും 93 റൺസാണ് സൈഫർട്ട് നേടിയത്. ഫിലിപ്സ് 38 പന്തിൽ പുറത്താവാതെ 65 റൺസും നേടി വിജയത്തിൽ നിർണായകമായി.

ഈ പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ഫിലിപ്സ് ഒരു ടി-20 പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി മാറി. ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയും അടക്കം 341 റൺസാണ് താരം നേടിയത്. ഇംഗ്ലണ്ട് താരം ഫിൽ സാൾട്ടിനെയാണ് താരം മറികടന്നത്. 2023ൽ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിൽ 331 റൺസായിരുന്നു താരം നേടിയത്.
ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡ് ഡോൺ ബ്രാഡ്മാന്റെ പേരിലാണ്. 1930ൽ ഇംഗ്ലണ്ടിനെതിരെ 974 റൺസാണ് ബ്രാഡ്മാൻ സ്വന്തമാക്കിയത്.
ഏകദിന ഫോർമാറ്റിൽ ഈ നേട്ടം വിരാട് കോലിയുടെ പേരിലാണ്. 2018ൽ സൗത്ത് ആഫ്രിക്കൻ പരമ്പരയിൽ 341 റൺസാണ് താരം നേടിയത്.
ഇന്ത്യക്ക് വേണ്ടി ഇഷാൻ കിഷനും ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഇന്ത്യക്കായി അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. 32 പന്തിൽ 5 വീതം ഫോറുകളും സിക്സുകളും അടക്കം 63 റൺസാണ് താരം നേടിയത്.
അയ്യർ 23 പന്തിൽ നിന്നും 50 റൺസും സ്വന്തമാക്കി. 3 ഫോറുകളും 4 സിക്സുമാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്. മത്സരത്തിൽ നമൻ ധീർ 23 പന്തിൽ 33 റൺസും തീഷ് കുമാർ റെഡ്ഢി 17 പന്തിൽ 22 സ്വന്തമാക്കിയപ്പോൾ ഇന്ത്യ മാന്യമായ ടോട്ടലിലേക്ക് നീങ്ങി. ന്യൂസിലാൻഡിന് വേണ്ടി ആദം മിൽനെ നാല് വിക്കറ്റും നഥാൻ സ്മിത്ത്, ബ്ലെയർ ടെക്ലർ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി.


