ഇംഗ്ലീഷ് പ്രിമീയർ ലീഗിൽ ലിവർപൂളിനെ വീഴ്ത്തി ആഴ്സണൽ. ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ നടന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ആഴ്സണൽ വിജയിച്ചത്.
നീണ്ട 14 വർഷങ്ങൾക്ക് ശേഷമാണ് ഗണ്ണേഴ്സ് ആൻഫീൽഡിൽ ഒരു മത്സരം വിജയിക്കുന്നത്. ഇതിന് മുമ്പ് 13 സീസണുകളിൽ 5 സമനിലയും 8 തോൽവിയുമാണ് ആഴ്സണൽ നേരിട്ടത്.
മത്സരത്തിൽ ജർമൻ താരം കൈ ഹവെർട്സാണ് ആഴ്സണലിന് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 16ാം മിനിറ്റിലായിരുന്നു ഗോൾ നേട്ടം. ലിവർപൂൾ സമനില ഗോളിന് വേണ്ടി 18 ഷോട്ടുകളാണ് എതിർ പോസ്റ്റിലേക്ക് ഉന്നം വെച്ചത്.
നാല് ഷോട്ടുകൾ ഓൺ ടാർഗറ്റിലേക്കും ആയിരുന്നു. എന്നാൽ ആഴ്സണൽ പ്രതിരോധം കരുത്തോടെ നിലയുറപ്പിച്ചതോടെ ആൻഫീൽഡിൽ 14 വർഷത്തെ വിജയത്തിനായുള്ള കാത്തിരിപ്പും അവസാനിപ്പിച്ചു.
പോയിന്റ് പട്ടികയിൽ 24 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഗണ്ണേഴ്സ്. 15 പോയിന്റുള്ള ലിവർപൂൾ അഞ്ചാം സ്ഥാനത്തുമാണ്.


