ഏതൊരു വികസിത സമൂഹത്തിലും ആരോഗ്യ സംവിധാനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസമാണ് അതിന്റെ അടിത്തറ. അതിതീവ്ര രോഗ വ്യാപനശേഷിയും ഉയർന്ന മരണനിരക്കുമുള്ള നിപ പോലൊരു അണുബാധ നേരിടുമ്പോൾ ജനങ്ങൾ സർക്കാരിലും മെഡിക്കൽ കോളജുകളിലും അർപ്പിക്കുന്ന പ്രതീക്ഷ വളരെ വലുതാണ്. ആ പ്രതിക്ഷക്കുമേലാണ്, ജീവൻ രക്ഷിക്കേണ്ട മരുന്നിൻ്റെ സ്ഥാനത്ത് കാലാവധി കഴിഞ്ഞതും പരീക്ഷണാടിസ്ഥാനത്തിലുള്ളതുമായ മരുന്നുകൾ നൽകി നിഷ്ഠൂരമായ അനാസ്ഥകാട്ടിയത്. 2023 മുതൽ നൽകിയ ഇത്തരം മരുന്നുകളാണോ അക്കാലത്തെ നിപ മരണങ്ങൾക്ക് കാരണമായത് എന്ന ചോദ്യം ഓരോ കേരളിയന്റെയും ഉള്ളിൽ ഭീതിയും ആശങ്കയും വിതയ്ക്കുന്നു. ഇത് കേവലം സാങ്കേതികപരമായ ഒരു വീഴ്ചയല്ല; പകരം, രോഗികളുടെ ജീവനുനേരെ നടന്ന കടുത്ത മനുഷ്യാവകാശ ലംഘനമാണ്.
കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്തെ പിടിച്ചുലക്കുന്ന ഗുരുതരമായ വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ ബാധിതർക്ക് കാലാവധി കഴിഞ്ഞതും ക്ലിനിക്കൽ ട്രയലിനായി മാറ്റിവെച്ചതുമായ മരുന്നുകൾ നൽകിയെന്ന ആരോഗ്യമന്ത്രി കെ. മുരളിധരൻ്റെ വെളിപ്പെടുത്തൽ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിലെ ഇതുവരെ കാണാ അത്ര ഗൗരവമേറിയ വിഴ്ചകളിലേക്കാണ് വെളിച്ചം വിശുന്നത്.
വിവരങ്ങൾ തെളിവുസഹിതം പുറത്തുവന്നത് സംസ്ഥാനത്തെ പിണറായി ഭരണത്തിൽ പൊതുജനാരോഗ്യ സംരക്ഷണ സംവിധാനങ്ങൾ നേരിട്ട വീഴ്ചകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ‘ക്ലിനിക്കൽ ട്രയൽ ഒൺലി’ എന്ന് രേഖപ്പെടുത്തിയ അമേരിക്കൻ നിർമ്മിത മരുന്ന് തീയതി പോലും രേഖപ്പെടുത്താതെ രോഗികൾക്ക് നൽകിയെന്ന വാർത്ത ഏതൊരു ജനാധിപത്യ സമൂഹത്തെയും ഞെട്ടിക്കുന്നതാണ്. ജീവന് വേണ്ടി കേണ അസുഖബാധിതർക്ക് ഇത്തരത്തിലുള്ള മരുന്ന് നൽകിയത് ആശങ്കപ്പെടുത്തുന്നതാണ്.
കഴിഞ്ഞ ഇടതു സർക്കാരിൻ്റെ കാലത്ത് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നടത്തിയ എല്ലാ ഇടപാടുകളും പരിശോധിക്കുമെന്നും 2023 മുതൽ നിപ മൂലം സംഭവിച്ച മരണങ്ങളെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തുമെന്നുമുള്ള ആരോഗ്യ മന്ത്രി കെ. മുരളിധരന്റെ പ്രഖ്യാപനം കാര്യങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നു. സഭയിൽ രേഖാമൂലം അറിയിച്ച ഈ വിഷയം അന്വേഷിക്കാൻ മെഡിക്കൽ ബോർഡിനെ ചുമതലപ്പെടുത്തിയത് സ്വാഗതാർഹമായ നടപടിയാണ്. എങ്കിലും, ഒരു പകർച്ചവ്യാധിക്കെതിരെ ജീവൻമരണ പോരാട്ടം നടത്തുന്ന സാധാരണക്കാരായ രോഗികളിൽ ഇത്തരം പരിക്ഷണ മരുന്നുകളും കാലാവധി കഴിഞ്ഞ ഔഷധങ്ങളും ഉപയോഗിക്കാൻ ഇടയായത് ആരുടെ വീഴ്ചയാണെന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് ഇടതു സർക്കാരിൻ്റെ കാലത്ത് നടത്തിയ മരുന്ന് വാങ്ങലുകളും കരാറുകളും സുതാര്യമല്ലെന്ന വാദത്തിന് ഈ സംഭവം വിണ്ടും ശക്തി പകരുകയാണ്. മാനദണ്ഡങ്ങൾ പാലിക്കാതെയും ഗുണനിലവാരം ഉറപ്പുവരുത്താതെയും മരുന്നുകൾ സംഭരിക്കുന്ന പ്രവണത മുമ്പും വലിയ വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.
2021 ജൂണിൽ വാങ്ങിയ റെംഡെസിവിർ പോലുള്ള ആന്റി വൈറൽ മരുന്നുകളുടെ കാലാവധി 2023 മെയ് മാസത്തിൽ അവസാനിച്ചതാണെന്നിരിക്കെ, തുടർന്നുള്ള വർഷങ്ങളിലും (2024, 2025) ഇതേ മരുന്നുകൾ ഉപയോഗിക്കപ്പെട്ടുവെന്ന സംശയമാണ് മന്ത്രി നിയമസഭയിൽ ഉന്നയിച്ചിരിക്കുന്നത്. ഇതിന്റെ നിജസ്ഥിതി കണ്ടെത്താൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ഇൻഫെക്റ്റിഷ്യസ് ഡിസീസ് മേധാവി ഡോ. അരവിന്ദിന്റെ്റെ നേത്യത്വത്തിൽ പ്രത്യേക മെഡിക്കൽ ബോർഡിനെ ചുമതലപ്പെടുത്തിയത് അന്വേഷണത്തിന് ഔദ്യോഗിക തിളക്കം നൽകുന്നുണ്ട്. മെഡിക്കൽ ബോർഡിന്റെ അന്വേഷണത്തിനൊപ്പം തന്നെ വിശ്വസനീയമായ ഡിഷ്യൽ അല്ലെങ്കിൽ നിഷ്പക്ഷ അന്വേഷണ ഏജൻസിയുടെ പരിശോധനയും ഉറപ്പാക്കണം. ഈ കാലയളവിൽ നിപ ബാധിച്ച് മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് കൃത്യമായ മറുപടിയും നീതിയും ലഭ്യമാക്കേണ്ടതുണ്ട്.
നിപ പോലെ അതീവ മാരകമായ വൈറസ് രോഗം വരുമ്പോൾ പരിഭ്രാന്തരാകുന്ന ജനങ്ങൾ പൂർണ്ണ വിശ്വാസത്തോടെയാണ് സർക്കാരിന്റെയും പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെയും മുന്നിലെത്തുന്നത്. അവിടെ സുതാര്യതയില്ലാത്ത രീതിയിൽ പരീക്ഷണ മരുന്നുകൾ ഉപയോഗിക്കുകയോ, കാലാവധിയെക്കുറിച്ചുള്ള വ്യക്തതയില്ലാത്ത ഔഷധങ്ങൾ നൽകുകയോ ചെയ്യുന്നത് പൊതുജനാരോഗ്യ സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസ്യത തകർക്കും അനാസ്ഥ വരുത്തിയ ഉദ്യോഗസ്ഥർ ഏത് തലത്തിലുള്ളവരായാലും അവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്.
ഇടതു സർക്കാറിൻ്റെ കാലത്തെ മരുന്ന് വിതരണത്തിലെ ക്രമക്കേടുകളും കെ.എം.എസ്.സി.എല്ലിന്റെ പ്രവർത്ത നങ്ങളിലെ സുതാര്യതയില്ലായ്മയും പല ഘട്ടങ്ങളിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതാണ്. എന്നാൽ ജീവൻരക്ഷാ മരുന്നുകളുടെ കാര്യത്തിൽ, പ്രത്യേകിച്ച് നിപ പോലുള്ള അത്യാഹിത ഘട്ടങ്ങളിൽ ഇത്തരം വീഴ്ചകൾ സംഭവിക്കുന്നത് തികച്ചും അക്ഷന്തവ്യമാണ്. നിപ ബാധിതരായ രോഗികൾക്ക് യഥാർത്ഥത്തിൽ ലഭിച്ച ചികിത്സയെക്കുറിച്ചും ഈ കാലയളവിൽ സംഭവിച്ച ദൗർഭാഗ്യകരമായ മരണങ്ങളിൽ ഇത്തരം മരുന്നുകൾ സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ചും സമഗ്രമായ കണ്ടെത്തലുകൾ പുറത്തു വരേണ്ടതുണ്ട്. ഭാവിയിൽ ഇത്തരം ഗുരുതരമായ വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ മെഡിക്കൽ പർച്ചേസ് സംവിധാനങ്ങൾ കൂടുതൽ സുതാര്യവും കർശന നിയന്ത്രണങ്ങളുള്ളതുമാക്കുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്. രോഗികൾക്ക് മരുന്ന് ലഭിച്ച രേഖകളും പോർട്ടൽ ഡാറ്റകളും പൂർണ്ണമായും പരിശോധിച്ചു നടത്തുന്ന അന്വേഷണത്തിലൂടെ മാത്രമേ ജനങ്ങളുടെ ആശങ്ക പൂർണ്ണമായി ദൂരീകരിക്കാനാകൂ. ഭാവിയിൽ ഇത്തരം പഴുതുകൾ ഒഴിവാക്കാൻ ഡിക്കൽ സ്റ്റോറുകളുടെയും സംഭരണ ഏജൻസികളുടെയും ഡിജിറ്റൽ നിരീക്ഷണം ശക്തമാക്കേണ്ടതുണ്ട്. ജനങ്ങളുടെ ജീവന്റെയും ആരോഗ്യത്തിന്റെയും സുരക്ഷ മുൻനിർത്തി വസ്തുതകൾ അറിയാൻ അവർക്ക് അവകാശമുണ്ട്.


