ന്യൂസിലാൻഡിനെതിരെയുള്ള അഞ്ചാം ടി-20യിൽ ഇന്ത്യൻ ടീമിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദേശിച്ച് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്. അർഷ്ദീപ് സിംഗിന് വിശ്രമം നൽകി മായങ്ക് യാദവിനും പ്രിൻസ് യാദവിനും അവസരം നൽകണമെന്നാണ് കാർത്തിക് അഭിപ്രായപ്പെട്ടത്. വൈഭവ് സൂര്യവംശിയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താൻ സഞ്ജു സാംസണ് പകരം അഭിഷേക് ശർമ്മക്ക് വിശ്രമം നൽകാമെന്നും കാർത്തിക് വ്യക്തമാക്കി.
”പരമ്പര ജയിച്ചതിനാൽ അക്സറിനെ ടീമിൽ നിലനിർത്തുകയും പേസ് ബൗളർമാരിൽ ഒരാൾക്ക് വിശ്രമം നൽകുകയും ചെയ്യുന്നതിൽ എനിക്ക് പ്രശ്നമില്ല. അർഷ്ദീപ് സിംഗിന് വിശ്രമം നൽകി മയാങ്കിനും പ്രിൻസിനും അവസരം നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പരമ്പരയിൽ അർഷ്ദീപ് മികച്ച പ്രകടനമാണ് നടത്തിയത്. ഞങ്ങളുടെ ഏറ്റവും മികച്ച ബൗളറും അദ്ദേഹമായിരുന്നു.
അതുകൊണ്ട് ഈ സാഹചര്യത്തിൽ ഒരു സ്പിന്നർക്ക് അവസരം നൽകി പരീക്ഷിക്കുന്നതിൽ തെറ്റില്ല. വൈഭവ് കളിക്കുന്നത് കാണാനാണ് എല്ലാവർക്കും ആഗ്രഹമെന്ന് എനിക്കറിയാം. എന്നാൽ വൈഭവിനെ ടീമിൽ ഉൾപ്പെടുത്തണമെങ്കിൽ അഭിഷേകിന് വിശ്രമം നൽകണം.
വൈഭവിന്റെ കാര്യം വരുമ്പോഴെല്ലാം സഞ്ജുവിന്റെ പേരാണ് ഉയർന്നു വരുന്നത്. വൈഭവിന് അവസരം നൽകണമെങ്കിൽ അഭിഷേകിന് ഇടവേള നൽകാം. ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അഭിഷേകിന് വിശ്രമം നൽകുകയെന്നതാണ്” ദിനേശ് കാർത്തിക് ക്രിക് ബസിലൂടെ പറഞ്ഞു.

പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ട് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. എന്നാൽ നാലാം മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടു. നാലാം ടി-20യിൽ ഇന്ത്യ 87 റൺസിനാണ് പരാജയപ്പെട്ടത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് 259 റൺസാണ് ഇന്ത്യക്കെതിരെ നേടിയത്. വലിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 172 റൺസിൽ അവസാനിച്ചു. നാളെയാണ് പരമ്പരയിലെ അവസാന മത്സരം.


