മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിംഗ് മികവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര. സഞ്ജു ഒരിക്കലും ഫോം ഔട്ട് അല്ലെന്നാണ് പൂജാരയുടെ നിരീക്ഷണം. ടോപ്പ് ഓർഡർ ബാറ്റർമാരുടെ കാര്യത്തിൽ സ്ഥിരതയ്ക്ക് അമിതമായ പ്രാധാന്യം നൽകേണ്ടെന്നും പൂജാര അഭിപ്രായപ്പെട്ടു.
‘സഞ്ജു സാംസൺ ഒരിക്കലും ഫോമിന് പുറത്തല്ല. ടി-20യിൽ അദ്ദേഹത്തിന്റെ ഫോം ഇടക്ക് മാറി വരാം. പക്ഷേ ഒരു നല്ല ഇന്നിംഗ്സ് കളിച്ചാൽ മതി. അദ്ദേഹം വീണ്ടും ഫോമിലേക്ക് തിരിച്ചെത്തും. അതുകൊണ്ട് സഞ്ജു ഫോമിൽ അല്ലെന്ന് പറയാൻ സാധിക്കില്ല.
പരാജയങ്ങൾ സ്വാഭാവികമാണ് ആരാണ് ടി-20 യിൽ എപ്പോഴും പുറത്താകാതെ കളിക്കുന്നത്? സ്ഥിരത വളരെ പ്രധാനമാണ്. എന്നാൽ ടോപ്പ് ഓർഡർ ബാറ്റർമാരുടെ കാര്യത്തിൽ സ്ഥിരതയ്ക്ക് അമിത പ്രാധാന്യം നൽകേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം’ പൂജാര ജിയോസ്റ്റാറിലൂടെ പറഞ്ഞു.

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിൽ രണ്ട് അർദ്ധ സെഞ്ച്വറികൾ അടക്കം 168 റൺസ് ആണ് സഞ്ജു നേടിയത്. റാഞ്ചിയിൽ നടന്ന രണ്ടാം മത്സരത്തിൽ 41 പന്തിൽ 82 റൺസ് നേടിയ സഞ്ജു ഹൈദരാബാദിൽ നടന്ന നാലാം മത്സരത്തിൽ 23 പന്തിൽ 56 റൺസും നേടി.


