ബാഴ്സലോണയ്ക്കെതിരായ മത്സരത്തിനിടെ ലാമിൻ യമലിനെതിരെ അപമര്യാദയായി പെരുമാറുകയും ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയും ചെയ്ത സംഭവത്തിൽ മാപ്പ് പറഞ്ഞ് റയൽ ബെറ്റിസ് മിഡ്ഫീൽഡർ ഫസുണ്ടോ ബെർണൽ. വിവാദങ്ങൾ നിറഞ്ഞ ആ മത്സരത്തിൽ ബെറ്റിസ് ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് (5-2) പരാജയപ്പെട്ടിരുന്നു.
ബെറ്റിസിന്റെ ഹോം ഗ്രൗണ്ടായ ലാ കാർട്ടൂജയിൽ നടന്ന മത്സരത്തിനിടെ റഫറിയിംഗ് തീരുമാനങ്ങളും കളിക്കാർ തമ്മിലുള്ള കയ്യാങ്കളിയും വലിയ ചർച്ചയായിരുന്നു. മത്സരത്തിന്റെ 54-ാം മിനിറ്റിലാണ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ആ സംഭവമുണ്ടായത്.
സംഭവത്തെക്കുറിച്ച് ബെർണൽ പറഞ്ഞത്:
മത്സരശേഷം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ബെർണൽ ഖേദം പ്രകടിപ്പിച്ചത്. “ഇന്ന് പത്ത് പേരുമായി ടീമിനെ കളത്തിൽ അവസാനിപ്പിച്ചതിന് എന്റെ സഹതാരങ്ങളോടും റയൽ ബെറ്റിസ് ആരാധകരോടും ഞാൻ മാപ്പ് ചോദിക്കുന്നു.
ഇത്തരത്തിൽ പ്രതികരിക്കുന്നത് എനിക്ക് ശീലമുള്ള കാര്യമല്ല, ആ നിമിഷം എന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു, ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കില്ല,” ബെർണൽ കുറിച്ചതായി പ്രമുഖ സ്പാനിഷ് പത്രമായ ‘മാർക്ക’ റിപ്പോർട്ട് ചെയ്തു.
കളിക്കാർ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ പന്ത് പുറത്തുപോയപ്പോൾ, ബെർണൽ ബാഴ്സലോണയുടെ യുവതാരം ലാമിൻ യമലിന്റെ കഴുത്തിൽ പിടിക്കുകയും രണ്ട് തവണ ഹെഡ്ബട്ട് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.
തുടർന്ന് സംഭവത്തിൽ ഇടപെട്ട റഫറി റിക്കാർഡോ ഡി ബർഗോസ് ബെർണലിന് നേരെ നേരിട്ട് ചുവപ്പ് കാർഡ് ഉയർത്തി. സംഭവത്തിൽ യമാലിന് മഞ്ഞ കാർഡ് ലഭിച്ചിരുന്നു.
അബ്ഡെ എസ്സൽസൗലിയുടെ ഗോളിന് തൊട്ടുമുമ്പ് ബാഴ്സലോണ താരം ഫെർമിൻ ലോപ്പസ് മൈതാനത്ത് വീണതിനെത്തുടർന്നാണ് പ്രശ്നങ്ങളുടെ തുടക്കം. സഹതാരത്തെ പ്രതിരോധിക്കാനാണ് ലാമിൻ യമാൽ ഈ രംഗത്തേക്ക് എത്തിയത്.
ബെല്ലെറിന്റെ പ്രതികരണം
മത്സരശേഷം ഡ്രസ്സിങ് റൂമിനുള്ളിൽ ബെർണൽ തന്റെ സഹതാരങ്ങളോട് നേരിട്ട് മാപ്പ് ചോദിച്ചതായി ബെറ്റിസ് താരം ഹെക്ടർ ബെല്ലെറിൻ സ്ഥിരീകരിച്ചു. “തെറ്റുകളെയും നേട്ടങ്ങളെയും കുറിച്ച് തുറന്നു സംസാരിക്കാനുള്ള പരസ്പര വിശ്വാസം ഞങ്ങളുടെ ടീമിനുള്ളിലുണ്ട്.
നാമെല്ലാവരും മനുഷ്യരാണ്, തെറ്റുകൾ സംഭവിക്കാം. എന്നാൽ അടുത്ത മത്സരത്തിൽ കൂടുതൽ ശാന്തതയോടെയും ശക്തമായ ഊർജ്ജത്തോടെയും ഞങ്ങൾ തിരികെ വരുമെന്ന് ബെല്ലെറിൻ വ്യക്തമാക്കി.


