അറ്റ്ലാന്റ യുണൈറ്റഡിനെതിരായ മത്സരത്തിൽ ഇന്റർ മിയാമിക്ക് തകർപ്പൻ വിജയം സമ്മാനിച്ച് ലയണൽ മെസ്സി. മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ അർജന്റീനിയൻ സൂപ്പർ താരം തന്റെ കരിയറിലെ ആകെ ഗോളുകളുടെ എണ്ണം 936 ആയി ഉയർത്തിയിരിക്കുകയാണ്.
അറ്റ്ലാന്റ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 3-1 എന്ന സ്കോറിനാണ് ഇന്റർ മയാമിയുടെ വിജയം. ഈ ഇരട്ട ഗോളുകളോടെ എം.എൽ.എസിലെ (MLS) ഗോൾവേട്ടക്കാരുടെ പട്ടികയിൽ 25 ഗോളുകളുമായി മെസ്സി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നിലവിൽ പോയിന്റ് പട്ടികയിൽ ഇന്റർ മിയാമി രണ്ടാം സ്ഥാനത്താണ്.
മത്സരത്തിലെ പ്രധാന നിമിഷങ്ങൾ
മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാന നിമിഷം ജർമ്മൻ ബെർട്ടറാമിലൂടെയാണ് മയാമി മുന്നിലെത്തിയത്. തുടർന്ന് രണ്ടാം പകുതിയിൽ മിന്നുന്ന പ്രകടനമാണ് മെസ്സി പുറത്തെടുത്തത്. കേവലം നാല് മിനിറ്റിന്റെ ഇടവേളയിലാണ് താരം രണ്ട് ഗോളുകൾ അടിച്ചുകൂട്ടിയത്.
അറ്റ്ലാന്റയുടെ പ്രതിരോധ നിരയെ വെട്ടിച്ച് ഇടതുകാൽ കൊണ്ട് പന്ത് വലയിലെത്തിച്ച മെസ്സി, തൊട്ടുപിന്നാലെ മികച്ചൊരു മുന്നേറ്റത്തിലൂടെ തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും നേടി. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ അറ്റ്ലാന്റയ്ക്കായി ഫാഫ പികോൾട്ട് ഒരു പെനാൽറ്റിയിലൂടെ ഗോൾ മടക്കിയെങ്കിലും മിയാമിയുടെ വിജയം തടയാൻ അതിനായില്ല. ഈ ജയത്തോടെ ഇന്റർ മിയാമി എം.എൽ.എസ് പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.
ആയിരം ഗോൾ ലക്ഷ്യത്തിലേക്ക് മെസ്സിയും റൊണാൾഡോയും
കരിയറിലെ നാഴികക്കല്ലായ 1,000 ഗോളുകൾ സ്വന്തമാക്കാനുള്ള തീവ്രശ്രമത്തിലാണ് ഫുട്ബോൾ ലോകത്തെ ഇതിഹാസ താരങ്ങൾ. ഇതുവരെ നേടിയ 936 ഗോളുകളിൽ എഫ്.സി ബാഴ്സലോണയ്ക്കായി 672 ഗോളുകളും, പാരീസ് സെന്റ് ജെർമെയ്നിനായി 32 ഗോളുകളും, അർജന്റീന ദേശീയ ടീമിനായി 126 ഗോളുകളും, ഇന്റർ മിയാമിക്ക് വേണ്ടി ഇതുവരെ 106 ഗോളുകളുമാണ് മെസ്സി നേടിയിട്ടുള്ളത്.
മറുഭാഗത്ത്, സഊദി ക്ലബ് അൽ-നാസറിന്റെ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ 981 ഗോളുകളുമായി 1,000 ഗോൾ ക്ലബ്ബിന് വളരെ അടുത്ത എത്തിക്കഴിഞ്ഞു. ആരാദ്യം ഈ ചരിത്രനേട്ടം സ്വന്തമാക്കുമെന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ആരാധകർ ലോകമെമ്പാടും.


