2028 ലോകകപ്പ് നേടാൻ ഇന്ത്യൻ ബൗളിങ് നിരയിൽ കൂടുതൽ പരിചയസമ്പത്ത് ആവശ്യമാണെന്ന് മുൻ ഇന്ത്യൻ താരം അഭിനവ് മുകുന്ദ്. ഭുവനേശ്വർ കുമാറിനെ വീണ്ടും ഇന്ത്യൻ ടീമിലേക്ക് തിരിച്ചുകൊണ്ടുവന്നത് മികച്ച തീരുമാനമാണെന്നും മുൻ ഇന്ത്യൻ താരം വ്യക്തമാക്കി.
‘ബുംറയെ മാത്രം ആശ്രയിക്കാൻ കഴിയില്ല. ടെസ്റ്റ്, ഏകദിനം, ടി-20 എന്നീ മൂന്ന് ഫോർമാറ്റുകളിലും ബുംറയെ കളിപ്പിക്കണമെങ്കിൽ അദ്ദേഹം മികച്ച കളിക്കാരൻ ആണെന്ന് സെലക്ടർമാർക്ക് തോന്നണം.അർഷ്ദീപിന് മറ്റൊരു ബൗളറുടെ പിന്തുണ ആവശ്യമാണ്. അതുകൊണ്ട് ബുംറക്കൊപ്പം അർഷ്ദീപിന്റെ പ്രധാന ചുമതല ആദ്യ ഓവറുകളിൽ പന്തറിയുക എന്നതാണ്. നേരത്തെയും അദ്ദേഹം ഈ ജോലി നന്നായി ചെയ്തിട്ടുണ്ട്. അർഷ്ദീപിന് മികച്ച അനുഭവ പരിചയമുണ്ട്. ബുംറക്കൊപ്പം അദ്ദേഹത്തെയും ടീം വളർത്തിയെടുത്തിട്ടുണ്ട്.
ഭുവനേശ്വർ കുമാർ വീണ്ടും ടീമിൽ ഇടം നേടിയിട്ടുണ്ട്. ഒരു ടീമിൽ രണ്ടോ മൂന്നോ അനുഭവസമ്പത്ത് കുറഞ്ഞ താരങ്ങൾ ഉണ്ടെങ്കിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി ആദ്യ വർഷം പൂർത്തിയാക്കുന്ന ഒരാൾക്ക് ടീമിനെ നയിക്കുകയെന്നത് കൂടുതൽ ബുദ്ധിമുട്ടാകും 2028 ലോകകപ്പ് അടുത്ത് വരുന്നതിനാൽ ഇതിനെ കുറിച്ച് ഇപ്പോൾ തന്നെ ചിന്തിക്കണം. ഭുവനേശ്വർ കുമാറിനെ വീണ്ടും ടീമിൽ ഉൾപ്പെടുത്തിയത് ശരിയായ തീരുമാനമാണെന്നാണ് ഞാൻ കരുതുന്നത്’ അഭിനവ് മുകുന്ദ് ക്രിക് ഇൻഫോയിലൂടെ പറഞ്ഞു.

2026 ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി നടത്തിയ തകർപ്പൻ പ്രകടനമാണ് ഭുവനേശ്വർ കുമാറിന്റെ മുന്നിൽ വീണ്ടും ഇന്ത്യൻ ടീമിന്റെ വാതിൽ തുറക്കപ്പെട്ടത്. 2022ലായിരുന്നു താരം അവസാനമായി ഇന്ത്യക്കായി കളിച്ചിരുന്നത്.


