ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന, ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും വീണ്ടും മുഹമ്മദ് അവഗണിച്ചതിനെതിരെ മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ന്യൂസിലാൻഡിനെതിരെയുള്ള ഷമിയുടെ മികച്ച പ്രകടനങ്ങളെ കുറിച്ച് സംസാരിച്ച കൈഫ് ന്യൂസിലാൻഡ് ബാറ്റർമാർക്ക് പേടിയുള്ള താരം ഷമി ആയിരിക്കുമെന്നും അഭിപ്രായപ്പെട്ടു.
‘ന്യൂസിലാൻഡ് ബാറ്റർമാരോട് ചോദിച്ചു നോക്കൂ. ആരെയാണ് നേരിടാൻ അവർക്ക് ഏറ്റവും പേടിയെന്ന്. അവർ ആദ്യം പറയുന്ന പേര് മുഹമ്മദ് ഷമിയുടെ ആയിരിക്കും. 2023 ഏകദിന ലോകകപ്പിൽ ധർമ്മശാലയിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യയെ ഒറ്റയ്ക്ക് ജയിപ്പിച്ചത് ഷമിയായിരുന്നു.
വാംഖഡെയിലെ സെമിഫൈനലിലെ പ്രകടനവും മറക്കരുത്. ഞാൻ പറയുന്നതാണ് മുഹമ്മദ് ഷമി കളിക്കാനില്ലെന്ന് ന്യൂസിലാൻഡ് താരങ്ങളോട് പറഞ്ഞുനോക്കൂ. അപ്പോൾ തന്നെ അവർക്ക് വലിയ ആശ്വാസമാകും’ കൈഫ് ക്രിക്ബസിലൂടെ പറഞ്ഞു.
2025ലാണ് മുഹമ്മദ് ഷമി അവസാനമായി ഇന്ത്യൻ ജേഴ്സിയണിഞ്ഞത്. ദുബായിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിലായിരുന്നു ഷമിയുടെ അവസാന ഏകദിനം. ടെസ്റ്റിൽ 2023 വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ ഷമി മികച്ച ഫോമിലാണ് കളിക്കുന്നത്.

2025-26 രഞ്ജി ട്രോഫിയിൽ: 7 മത്സരങ്ങളിൽ നിന്ന് 16.72 ശരാശരിയിൽ 37 വിക്കറ്റുകൾ നേടിയ ഷമി 2025-26 വിജയ് ഹസാരെ ട്രോഫിയിൽ ബംഗാളിന്റെ മികച്ച വിക്കറ്റ് വേട്ടക്കാരനുമായിരുന്നു. 7 മത്സരങ്ങളിൽ 24.53 ശരാശരിയിലും 6.09 ഇക്കോണമിയിലും 15 വിക്കറ്റുകൾ ആണ് ഷമി വീഴ്ത്തിയത്. 2026 ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിനായി 3 മത്സരങ്ങളിൽ നിന്ന് 26.57 ശരാശരിയിൽ 7 വിക്കറ്റുകളും താരം നേടി.


