ഇന്ത്യ-വെസ്റ്റ് അവസാന ടി-20 മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞിരിക്കുകയാണ്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ മഴമൂലം 9 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിംഗിനിടെ വീണ്ടും മഴയെത്തിയതോടെയാണ് മത്സരം പൂർണമായി ഉപേക്ഷിച്ചത്.

ത്സരം 7.4 ഓവറിൽ 118 റൺസ് എന്ന നിലയിൽ നിൽക്കെയായിരുന്നു ഉപേക്ഷിക്കപ്പെട്ടത്. ഇന്ത്യയ്ക്കായി ഈശൻ കിഷൻ 10 പന്തിൽ 30 റൺസ് നേടി മികച്ച പ്രകടനം നടത്തി. മൂന്ന് ഫോറുകളും രണ്ട് സിക്സുകളും ആണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.
ഇന്റർനാഷണൽ ടി-20യിൽ ഒരു കലണ്ടർ ഇയറിൽ ഏറ്റവും കൂടുതൽ ബൗണ്ടറികൾ (ഫോർ+സിക്സ്) നേടുന്ന താരമായി ഇഷാൻ കിഷൻ മാറി. 2026ൽ ഇതുവരെ 177 ബൗണ്ടറികളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. 122 ഫോറുകളും 55 സിക്സുകളുമാണ് കിഷൻ നേടിയിട്ടുള്ളത്.

മുൻ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ഇഷാൻ തകർത്തത്. 2022ൽ 174 ബൗണ്ടറികളാണ് സ്കൈ നേടിയത്. 106 ഫോറുകളും 68 സിക്സുകളുമായിരുന്നു സൂര്യകുമാർ യാദവിന്റെ സമ്പാദ്യം.
അന്താരാഷ്ട്ര ടി-20യിൽ ഒരു കലണ്ടർ ഇയറിൽ ഏറ്റവും കൂടുതൽ ഫോറുകൾ നേടുന്ന താരവും കിഷനാണ്. 122 ഫോറുകളാണ് ഈ 2026ൽ കിഷൻ അടിച്ചുകൂട്ടിയത്. 2021ൽ 119 ഫോറുകൾ നേടിയ പാകിസ്ഥാൻ താരം മുഹമ്മദ് റിസ്വാനെയാണ് ഇഷാൻ മറികടന്നത്.
മത്സരത്തിൽ ഇഷാനൊപ്പം നമൻ ധീർ ആറ് പന്തിൽ 24 റൺസും ക്യാപ്റ്റൻ ശ്രേയസ് അയ്യർ 14 പന്തിൽ 22 റൺസും നേടി മികച്ച പ്രകടനം നടത്തി.


