ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ നായകന്മാരിൽ ഒരാളാണ് സൗരവ് ഗാംഗുലി. ക്യാപ്റ്റനെന്ന നിലയിൽ ഇന്ത്യക്ക് വേണ്ടി ഗാംഗുലി നടത്തിയ പോരാട്ടവീര്യങ്ങൾ ഇന്നും ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഓർമ്മകളാണ്.
പലരും ഗാംഗുലിയെ ക്യാപ്റ്റനെന്ന നിലയിൽ മാത്രം വാഴ്ത്തുമ്പോൾ പലരും മറന്നുപോകുന്ന അമ്പരപ്പിക്കുന്ന ചില ബാറ്റിംഗ് റെക്കോർഡുകളും ഗാംഗുലിയുടെ പേരിൽ ഇന്നും തലയുയർത്തി നിൽക്കുന്നുണ്ട്.
ഗാംഗുലി എന്ന ബാറ്ററെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ കാലഘട്ടമായിരുന്നു 1997 മുതൽ 2000 വരെ. ഈ നാല് വർഷത്തിനുള്ളിൽ അമ്പരപ്പിക്കുന്ന ബാറ്റിംഗ് റെക്കോർഡുകളാണ് ഗാംഗുലി സ്വന്തമാക്കിയത്.

നാല് വർഷത്തിൽ 6000ത്തിലധികം റൺസായിരുന്നു ഗാംഗുലിയുടെ ബാറ്റിൽ നിന്നും പിറന്നത്. ഓരോ കലണ്ടർ ഇയറിലും 1300ലധികം റൺസിന് മുകളിലായിരുന്നു ഗാംഗുലി സ്കോർ ചെയ്തത്.
ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ഒന്നാമനും രണ്ടാമനുമായ സച്ചിൻ ടെണ്ടുൽക്കർക്കും വിരാട് കോലിക്കും ഒരിക്കലും നേടാൻ സാധിക്കാത്ത അമ്പരപ്പിക്കുന്ന റൺ സ്കോറിങ് ആയിരുന്നു ഗാംഗുലി ഈ നാല് വർഷത്തിൽ നടത്തിയത്.
1997ൽ ഒരു സെഞ്ച്വറിയും 10 അർദ്ധ സെഞ്ച്വറികളും അടക്കം 1338 റൺസാണ് ഗാംഗുലിയുടെ ബാറ്റിൽ നിന്നും പിറന്നത്. 1998ൽ 1328 റൺസും ഗാംഗുലി അടിച്ചെടുത്തു. നാല് സെഞ്ച്വറികളും ഏഴ് ഫിഫ്റ്റിയുമായിരുന്നു മുൻ ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്.
1999 കലണ്ടർ ഇയറിൽ മൂന്ന് ന്നു സെഞ്ച്വറികളും ഒമ്പത് അർദ്ധ സെഞ്ച്വറികളും അടക്കം 1767 റൺസുമായാണ് ഗാംഗുലി അവസാനിപ്പിച്ചത്. 2000ത്തിൽ 1579 റൺസും ഗാംഗുലി കൈപ്പിടിയിലാക്കി. മൂന്ന് സെഞ്ച്വറികളാണ് ഈ വർഷത്തിൽ ഗാംഗുലി നേടിയത്. അഞ്ച് അർദ്ധ സെഞ്ചറികളും ഗാംഗുലിയുടെ ബാറ്റിൽ നിന്നും പിറവിയെടുത്തു.
ഈ കാലഘട്ടത്തിലെ ഗാംഗുലിയുടെ ഏറ്റവും മികച്ച പ്രകടനം 1999ൽ
ഗ്വാളിയോറിൽ ന്യൂസിലാൻഡിനെതിരെ നടത്തിയ ഒറ്റയാൾ പോരാട്ടമായിരുന്നു. ഇന്ത്യ 14 റൺസിന് വിജയിച്ച മത്സരത്തിൽ 153 റൺസ് നേടി പുറത്താവാതെയാണ് ഗാംഗുലി തിളങ്ങിയത്.

മറ്റൊരു താരവും ഒരു ഫിഫ്റ്റി പോലും നേടാൻ സാധിക്കാത്ത ഈ മത്സരത്തിൽ ആയിരുന്നു ഗാംഗുലി ഇന്ത്യയെ ഒറ്റയ്ക്ക് തോളിലേറ്റി മുന്നേറിയത്. 18 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു ഗാംഗുലിയുടെ ഇന്നിംഗ്സ്.
ഇതേവർഷം തന്നെ ശ്രീലങ്കയ്ക്കെതിരെ ഗാംഗുലി നടത്തിയ പോരാട്ടവും ഏറെ ശ്രദ്ധിക്കപ്പെട്ടു. 158 പന്തിൽ 17 ഫോറുകളും 7 സിക്സുകളും അടക്കം 183 റൺസ് നേടിയാണ് ഗാംഗുലി തിളങ്ങിയത്.
ഇത്തരത്തിൽ പല ഐതിഹാസികമായ ഇന്നിംഗ്സുകളും മുൻ നായകന്റെ ബാറ്റിൽ നിന്നും പിറന്നത് ഇപ്പോഴും ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ ആവേശമുണർത്തുന്ന നിമിഷങ്ങളാണ്.
ക്യാപ്റ്റൻ എന്നതിലുപരി ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്ററായും ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ തലയുയർത്തി തന്നെ നിൽക്കും.


