ഹൈദരാബാദ്: മൗലാനാ ആസാദ് നാഷണൽ ഉർദു സർവകലാശാലയിലേക്ക് നടന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എം.എസ്.എഫ് മുന്നണി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. സർവകലാശാലയിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ തുടങ്ങിയ പ്രധാന സ്ഥാനങ്ങളിലെല്ലാം എം.എസ്.എഫ് മുന്നണി സ്ഥാനാർത്ഥികൾ വിജയക്കൊടി പാറിച്ചു.

ഹൈദരാബാദ് മൗലാനാ ആസാദ് ഉർദു യൂണിവേഴ്സിറ്റിയിലെ എം എസ് എഫ് പ്രവർത്തകരുടെ ആഘോഷം
ട്രഷറർ സ്ഥാനത്തേക്ക് മത്സരിച്ച എം.എസ്.എഫ് സ്ഥാനാർത്ഥിയും രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥിയുമായ മുഹമ്മദ് ഇക്ബാൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടി ഉജ്ജ്വല വിജയം സ്വന്തമാക്കി. സർവകലാശാലയിലെ എം.എസ്.എഫ് പ്രവർത്തകരുടെ കൂട്ടായ്മയും ചിട്ടയായ പ്രവർത്തനങ്ങളും വിദ്യാർത്ഥികൾക്കിടയിൽ സംഘടന നേടിയ സ്വീകാര്യതയുമാണ് ഈ മിന്നും വിജയത്തിന് കരുത്തായത്.
തിരഞ്ഞെടുപ്പിൽ വിജയിച്ച എം.എസ്.എഫ് പ്രവർത്തകരെ ദേശീയ പ്രസിഡന്റ് അഹ്മദ് സാജു അഭിനന്ദിച്ചു. രാജ്യത്തിന്റെ ആത്മാവിനെ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിനുള്ള അംഗീകാരവും പുതിയ ഊർജവുമാണ് ഈ വിജയമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
രാജ്യത്തെ പ്രധാന കേന്ദ്ര സർവകലാശാലകളിലൊന്നായ മൗലാനാ ആസാദ് നാഷണൽ ഉർദു സർവകലാശാലയിൽ എം.എസ്.എഫിന് ലഭിച്ച ഉയർന്ന വോട്ടും വൻ ഭൂരിപക്ഷവും ദേശീയതലത്തിൽ സജീവമായി ഇടപെടുന്ന സംഘടനയുടെ പ്രവർത്തനങ്ങൾക്കുള്ള വിദ്യാർത്ഥി സമൂഹത്തിന്റെ അംഗീകാരം കൂടിയാണ്.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് എം.എസ്.എഫ് കമ്മിറ്റി ഭാരവാഹികളായ ഇർഷാദ്, അസ്ലം, അൻഷൂർ, നിസാം, ജിയാദ്, ഫർസീൻ, ബെന്ന, സിബ്ഗത്ത്, ഇനാൻ, ഹസീൻ, സൽമാൻ, സുഹുറവർദി, ജസ്സ, ഖദീജ, നിദ, ഫഹ്ദ, അൻസിയ, നൂറ, ഷഹബാന, ജെസ്ന, റബാഹ്, റസിൻ, അർസൽ, ഷമീൽ എന്നിവർ നേതൃത്വം നൽകി.


