വെസ്റ്റ് ഇൻഡീസിനെതിരെയുള്ള നാലാം ടി-20യിൽ ഇന്ത്യ പരാജയപ്പെട്ടു. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ 24 റൺസിനാണ് വെസ്റ്റ് ഇൻഡീസ് പരാജയപ്പെടുത്തിയത്.
വിൻഡീസ് ഉയർത്തിയ 248 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 19.3 ഓവറിൽ 223 റൺസെടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു. ഈ വിജയത്തോടെ 5 മത്സരങ്ങളടങ്ങിയ ടി-20 പരമ്പര 2-2 എന്ന നിലയിൽ സമനിലയിലായി.
നായകൻ ഷായ് ഹോപ്പിന്റെ സെഞ്ച്വറി കരുത്തിലാണ് വിൻഡീസ് കൂറ്റൻ ടോട്ടൽ നേടിയത്. 50 പന്തിൽ പുറത്താകാതെ 102 റൺസാണ് ഹോപ്പ് നേടിയത്
ഇന്ത്യൻ മണ്ണിൽ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരമായും ഹോപ്പ് മാറി. മറ്റൊരു താരവും ഇന്ത്യയിൽ ഇത്രയധികം സെഞ്ച്വറികൾ നേടിയിട്ടില്ല. ടി-20യിൽ രണ്ട് സെഞ്ച്വറികളും ഏകദിനത്തിൽ നാല് സെഞ്ച്വറികളും ടെസ്റ്റിൽ ഒരു സെഞ്ച്വറിയുമാണ് ഹോപ്പ് ഇന്ത്യയിൽ നേടിയത്.
ആറ് സെഞ്ച്വറികൾ ഇന്ത്യൻ മണ്ണിൽ നേടിയ സൗത്ത് ആഫ്രിക്കൻ വെടിക്കെട്ട് ബാറ്റർ എ.ബി ഡിവില്ലിയേഴ്സിനെ മറികടന്നാണ് താരത്തിന്റെ നേട്ടം.
അതേസമയം, മത്സരത്തിൽ വിൻഡീസ് ബൗളിംഗിൽ കീമോ പോളിന്റെ തകർപ്പൻ ബൗളിങ് പ്രകടനമാണ് (41 റൺസിന് 5 വിക്കറ്റ്) കൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യയെ തടഞ്ഞുനിർത്തിയത്. ഗുഡാകേഷ് മോട്ടിയും വിൻഡീസിനായി മികച്ച ബോളിങ് കാഴ്ചവെച്ചു.


