ഐപിഎൽ 2027 ലേലത്തിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന ചർച്ചകൾ സജീവമാകുന്നു.
നിലവിലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീം വിടാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിൽ, രോഹിത് ശർമ്മയെ വീണ്ടും നായകനാക്കണമെന്ന നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ.
തന്റെ യൂട്യൂബ് ചാനലായ ‘ആഷ് കി ബാത്ത്’ (Ash Ki Baat) ചർച്ചയിലാണ് അശ്വിൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഹാർദിക് പാണ്ഡ്യയ്ക്ക് തുല്യരായ പകരക്കാർ ടീമിലില്ലാത്തതിനാൽ ഫ്രാഞ്ചൈസി അദ്ദേഹത്തെ നിലനിർത്തണമെന്നും, രോഹിത് ക്യാപ്റ്റനായി തിരിച്ചെത്തുന്നത് കളിക്കാരനെന്ന നിലയിൽ ഹാർദിക്കിൽ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അശ്വിന്റെ വാക്കുകൾ ഇങ്ങനെ:
“ഞാൻ മുംബൈ ഇന്ത്യൻസായിരുന്നെങ്കിൽ, ഹാർദിക് പാണ്ഡ്യയെ മാറ്റി പകരം വയ്ക്കാൻ ആർക്ക് കഴിയുമെന്ന് ഞാൻ ചിന്തിച്ചുകൊണ്ടേയിരിക്കും. ആരെയാണ് അയാൾക്ക് തുല്യനാകാൻ കഴിയുക? ആരുമില്ല.
എങ്ങനെയെങ്കിലും ഹാർദിക്കിനെ അതേ ഫ്രാഞ്ചൈസിയിൽ സന്തോഷിപ്പിക്കാൻ കഴിയുമോ? മുംബൈ രോഹിത് ശർമ്മയെ ക്യാപ്റ്റനാക്കി ഹാർദിക് പാണ്ഡ്യയെ നിലനിർത്തുകയും അദ്ദേഹത്തിൽ നിന്ന് ഏറ്റവും മികച്ചത് പുറത്തെടുക്കുകയും ചെയ്യുന്നത് മോശം ഓപ്ഷനല്ല.”
ഹാർദിക്കിന്റെ പരിക്കുകളും മാനസികാവസ്ഥയും
കഴിഞ്ഞ കാലങ്ങളിൽ ഹാർദിക്കിന് നിരവധി പരിക്കുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും, ഒരു ക്രിക്കറ്റ് താരം എപ്പോഴും സന്തോഷകരമായ ഒരു അന്തരീക്ഷത്തിൽ കളിക്കാൻ ആഗ്രഹിക്കുമെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
രോഹിത് ശർമ്മയ്ക്ക് ഈ സാഹചര്യങ്ങൾ നന്നായി കൈകാര്യം ചെയ്യാൻ കഴിയുമെങ്കിൽ, മുംബൈയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാൻ ഹാർദിക്കിന് കൂടുതൽ അവസരമുണ്ടാകും.
എന്നാൽ, താൻ വേണ്ടത്ര സമയം നൽകിയിട്ടും കാര്യങ്ങൾ അനുകൂലമല്ലെന്ന് ഹാർദിക് കരുതുന്നുവെങ്കിൽ താരം മറ്റൊരു ടീമിലേക്ക് കൂടുമാറാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആവർത്തിച്ചുള്ള പരിക്കുകൾ കാരണം ഐപിഎൽ 2026-ന് ശേഷം ഹാർദിക് മത്സര ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന കാര്യം ശ്രദ്ധേയമാണ്.


