ഇന്ത്യക്കെതിരെ നാലാം ടി-20യിൽ സെഞ്ച്വറി നേടി തിളങ്ങിയ ഷായ് ഹോപ്പിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം അഭിനവ് മുകുന്ദ്. ഏകദിനത്തിൽ നിന്നും ടി-20യിലേക്ക് ബാറ്റിംഗ് ശൈലി മാറ്റിയ ഹോപ്പിന്റെ രീതി അത്ഭുതപ്പെടുത്തിയെന്നാണ് മുൻ ഇന്ത്യൻ താരം പറഞ്ഞത്.
‘ഏകദിനത്തിൽ നിന്നും ടി-20യിലേക്ക് മാറുമ്പോൾ അദ്ദേഹം കളി മാറ്റിയ രീതി എന്നെ അത്ഭുതപ്പെടുത്തി. ഏകദിനത്തിൽ പന്തിന്റെ ലൈനിന് നേരെ നിന്നായിരുന്നു അദ്ദേഹം കളിച്ചിത്. എന്നാൽ ടി-20യിൽ പന്തിൽ നിന്നും മാറി കൂടുതൽ സ്ഥലം കണ്ടെത്തിയാണ് അദ്ദേഹം കളിക്കുന്നത്. ഇങ്ങനെ കളിക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. അക്ഷർ പട്ടേലിനെതിരെ അദ്ദേഹം ബാറ്റ് ചെയ്ത രീതിയിൽ മറ്റൊരു താരവും ഇതുവരെ കളിച്ചിട്ടില്ല’ അഭിനവ് മുകുന്ദ് ക്രിക് ഇൻഫോയിലൂടെ പറഞ്ഞു.
50 പന്തിൽ പുറത്താകാതെ 102 റൺസാണ് ഹോപ്പ് നേടിയത്. താരത്തിന്റെ ഈ പരമ്പരയിലെ രണ്ടാം സെഞ്ച്വറി ആണിത്. റാഞ്ചിയിൽ നടന്ന രണ്ടാം ടി-20യിലും ഹോപ്പ് സെഞ്ച്വറി നേടിയിരുന്നു. ഷായ് ഹോപ്പിന്റെ സെഞ്ച്വറി കരുത്തിലാണ് വിൻഡീസ് റാഞ്ചിയിൽ റെക്കോർഡ് റൺ ചെയ്സ് നടത്തിയത്. 45 പന്തിൽ പുറത്താവാതെ 102 റൺസ് നേടിയാണ് ഹോപ്പ് തിളങ്ങിയത്.
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ 24 റൺസിനാണ് വെസ്റ്റ് ഇൻഡീസ് പരാജയപ്പെടുത്തിയത്. വിൻഡീസ് ഉയർത്തിയ 248 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 19.3 ഓവറിൽ 223 റൺസെടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു. ഈ വിജയത്തോടെ 5 മത്സരങ്ങളടങ്ങിയ ടി-20 പരമ്പര 2-2 എന്ന നിലയിൽ സമനിലയിലായി.
അതേസമയം, മത്സരത്തിൽ വിൻഡീസ് ബൗളിംഗിൽ കീമോ പോളിന്റെ തകർപ്പൻ ബൗളിങ് പ്രകടനമാണ് (41 റൺസിന് 5 വിക്കറ്റ്) കൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യയെ തടഞ്ഞുനിർത്തിയത്. ഗുഡാകേഷ് മോട്ടിയും വിൻഡീസിനായി മികച്ച ബോളിങ് കാഴ്ചവെച്ചു.


