ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ പ്രശംസിച്ച മലയാളി താരം സഞ്ജു സാംസൺ. ഒരു തലമുറയിൽ മാത്രം ലഭിക്കുന്ന താരമാണ് ബുംറയെന്നാണ് സഞ്ജുവിന്റെ പ്രശംസ. ബുംറക്ക് പകരക്കാരനായി ആരുമില്ലെന്നും മലയാളി താരം പറഞ്ഞു.
‘ജസ്പ്രീത് ബുംറക്ക് പകരക്കാരനായി ആരുമില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഒരു തലമുറയിൽ ഒരിക്കൽ മാത്രം വരുന്ന ബൗളർ ആണ് അദ്ദേഹം. ബുംറയെ ലഭിച്ചത് നമ്മുടെ ഭാഗ്യമാണ്’ സഞ്ജു സാംസൺ ക്രിക് ബസിലൂടെ പറഞ്ഞു.
ഇന്ത്യൻ പേസ് നിരയിലെ പ്രധാനപ്പെട്ട താരമാണ് ബുംറ. നിലവിൽ ഇന്ത്യ നേരിട്ട് കൊണ്ടിരിക്കുന്ന ബൗളിംഗ് വെല്ലുവിളികൾ മറികടക്കാൻ ബുംറയെന്ന പേസ് മാസ്റ്റർക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസ് പരമ്പരയാണ് നടന്നുകൊണ്ടിരിക്കുന്നത്. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള നാലാം ടി-20യിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ 24 റൺസിനാണ് വെസ്റ്റ് ഇൻഡീസ് പരാജയപ്പെടുത്തിയത്.
വിൻഡീസ് ഉയർത്തിയ 248 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 19.3 ഓവറിൽ 223 റൺസെടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു. ഈ വിജയത്തോടെ 5 മത്സരങ്ങളടങ്ങിയ ടി-20 പരമ്പര 2-2 എന്ന നിലയിൽ സമനിലയിലായി. ഒക്ടോബർ 17നാണ് അവസാന മത്സരം.


