വെസ്റ്റ് ഇൻഡീസിനെതിരെയുള്ള നാലാം ടി-20യിൽ ഇന്ത്യ പരാജയപ്പെട്ടു. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ 24 റൺസിനാണ് വെസ്റ്റ് ഇൻഡീസ് പരാജയപ്പെടുത്തിയത്.
വിൻഡീസ് ഉയർത്തിയ 248 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 19.3 ഓവറിൽ 223 റൺസെടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു. ഈ വിജയത്തോടെ 5 മത്സരങ്ങളടങ്ങിയ ടി-20 പരമ്പര 2-2 എന്ന നിലയിൽ സമനിലയിലായി.
മത്സരത്തിൽ സഞ്ജു സാംസൺ മികച്ച പ്രകടനം കാഴ്ചവെച്ചു. വെറും 20 പന്തിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ സഞ്ജു 23 പന്തിൽ 56 റൺസാണ് അടിച്ചെടുത്തത്. ആറ് ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതാണ് മലയാളി താരത്തിന്റെ ഇന്നിംഗ്സ്. 200+ സ്ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം.
ടി-20യിൽ ഇന്ത്യക്ക് വേണ്ടി 200+ സ്ട്രൈക്ക് റേറ്റിൽ ഏറ്റവും കൂടുതൽ 50+ റൺസ് സ്കോർ ചെയ്ത ഇന്ത്യൻ താരങ്ങളിൽ മൂന്നാം സ്ഥാനത്തെത്താനും മലയാളി താരത്തിന് സാധിച്ചു. ആറാം തവണയാണ് ഈ പ്രഹര ശേഷിയിൽ 50 കടന്നത്.
ഈ നേട്ടത്തിൽ ഇന്ത്യൻ ഇതിഹാസം യുവരാജ് സിംഗിനെയാണ് സഞ്ജു മറികടന്നത്. 13 തവണ 200+ സ്ട്രൈക്ക് റേറ്റിൽ 50 കടന്ന അഭിഷേക് ശർമ്മയും മുൻ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവുമാണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്.
മത്സരത്തിൽ വിൻഡീസ് നായകൻ ഷായ് ഹോപ്പിന്റെ അതിശയിപ്പിക്കുന്ന സെഞ്ച്വറിയുടെയും (50 പന്തിൽ പുറത്താകാതെ 102) ഷെർഫെയ്ൻ റൂഥർഫോർഡിന്റെയും (26 പന്തിൽ 49*) കരുത്തിലാണ് 20 ഓവറിൽ 247/3 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
കീമോ പോളിന്റെ തകർപ്പൻ ബൗളിങ് പ്രകടനമാണ് (41 റൺസിന് 5 വിക്കറ്റ്) കൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യയെ തടഞ്ഞുനിർത്തിയത്. ഗുഡാകേഷ് മോട്ടിയും വിൻഡീസിനായി മികച്ച ബോളിങ് കാഴ്ചവെച്ചു.


