ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ടി-20 മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും, മലയാളി സൂപ്പർതാരം സഞ്ജു സാംസണിന്റെ റെക്കോർഡ് പ്രകടനം ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കുകയാണ്.
ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആവേശകരമായ തിരിച്ചുവരവാണ് സഞ്ജു നടത്തിയത്.
റെക്കോർഡ് ബുക്കിൽ ഒന്നാമതായി സഞ്ജു
മത്സരത്തിൽ 23 പന്തുകളിൽ നിന്ന് നാല് സിക്സും ആറ് ഫോറുമടക്കം 56 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. 243.48 എന്ന ഞെട്ടിക്കുന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ തകർപ്പൻ ബാറ്റിംഗ്.
ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ 200-ൽ അധികം സ്ട്രൈക്ക് റേറ്റിൽ വിക്കറ്റ് കീപ്പറെന്ന നിലയിൽ ഏറ്റവും കൂടുതൽ 50+ സ്കോറുകൾ നേടുന്ന താരമായി സഞ്ജു ചരിത്രം കുറിച്ചു.
കരിയറിൽ ആറാം തവണയാണ് സഞ്ജു ഈ നേട്ടം സ്വന്തമാക്കുന്നത്.ഇംഗ്ലീഷ് സൂപ്പർതാരം ജോസ് ബട്ലറുടെ റെക്കോർഡിനൊപ്പമാണ് ഇപ്പോൾ സഞ്ജു തന്റെ പേരെഴുതിച്ചേർത്തിരിക്കുന്നത്.
നാല് തവണ ഈ നേട്ടം സ്വന്തമാക്കിയ സൗത്താഫ്രിക്കൻ താരം ക്വിന്റൺ ഡി കോക്കും, മൂന്ന് തവണ തികച്ച ഇംഗ്ലണ്ട് താരം ഫിൽ സാൾട്ടുമാണ് ഈ പട്ടികയിലെ മറ്റ് പ്രമുഖർ.
മത്സരത്തിന്റെ വഴിത്തിരിവ്
ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 247 റൺസിന്റെ കൂറ്റൻ ടോട്ടസാണ് പടുത്തുയർത്തിയത്.
ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ സെഞ്ച്വറി പ്രകടനമാണ് വിൻഡീസിന് തുണയായത്. നേരിട്ട 50 പന്തിൽ ഒമ്പത് സിക്സും നാല് ഫോറുമടക്കം 102* റൺസുമായി ഹോപ്പ് പുറത്താകാതെ നിന്നു.
ഷെർഫേൻ റൂഥർഫോർഡ് (49*), ഷിംറോൺ ഹെറ്റ്മെയർ (32) എന്നിവരും വിൻഡീസ് സ്കോർ ഉയർത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി സഞ്ജു സാംസണിന് പുറമെ തിലക് വർമ (43), നിതീഷ് കുമാർ റെഡ്ഡി (41), അഭിഷേക് ശർമ (29) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും 19.3 ഓവറിൽ 223 റൺസിന് ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചു.
വിൻഡീസ് നിരയിൽ കീമോ പോൾ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബാറ്റിംഗ് നിരയുടെ ചിറകരിയുകയായിരുന്നു.
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര 2-2 എന്ന നിലയിൽ സമനിലയിലാക്കാൻ വെസ്റ്റ് ഇൻഡീസിന് സാധിച്ചു. പരമ്പരയിലെ ആവേശകരമായ അവസാന മത്സരം ഒക്ടോബർ 17-ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും.


