ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി-20യിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. റാഞ്ചിയിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 249 റൺസ് വിജയലക്ഷ്യം വിൻഡീസ് അനായാസമായാണ് മറികടന്നത്. ടി-20യിൽ ഇന്ത്യക്കെതിരെ വിൻഡീസ് നടത്തുന്ന ഏറ്റവും ഉയർന്ന ചെയ്സിങ് ആണിത്.
ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ സെഞ്ച്വറി കരുത്തിലാണ് വിൻഡീസ് റെക്കോർഡ് റൺ ചെയ്സ് നടത്തിയത്. 45 പന്തിൽ പുറത്താവാതെ 102 റൺസ് നേടിയാണ് ഹോപ്പ് തിളങ്ങിയത്. ഷെർഫാനെ റൂഥർഫോർഡ് 37 പന്തിൽ 84 റൺസും സ്വന്തമാക്കി ടീമിന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചു.
ഇന്ത്യക്കെതിരെ മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാണ് ഷായ് ഹോപ്പ്. ഏകദിനത്തിൽ ഇന്ത്യക്കെതിരെ അഞ്ച് സെഞ്ച്വറികൾ നേടിയ ഹോപ്പ് ടെസ്റ്റിൽ ഒരു സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്. ഹോപ്പിന് മുമ്പ് ഇന്ത്യക്കെതിരെ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടിയ ഒരേയൊരു താരം മുൻ ഓസ്ട്രേലിയൻ താരം ഷെയ്ൻ വാട്സൺ ആണ്.
ടി-20യിൽ ഇന്ത്യക്കെതിരെ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ വിൻഡീസ് താരവുമാണ് ഹോപ്പ്. എവിൻ ലൂയിസാണ് ആദ്യ താരം.
ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ലറും ഓസീസ് ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്വെല്ലും ഇന്ത്യക്കെതിരെ ടെസ്റ്റിലും ടി-20യിലും സെഞ്ച്വറി നേടിയിട്ടുണ്ട്. എന്നാൽ ഇരുവർക്കും ഏകദിനത്തിൽ ഇന്ത്യക്കെതിരെ മൂന്നക്കം കടക്കാൻ സാധിച്ചിട്ടില്ല.
ഇന്ത്യൻ നിരയിൽ മലയാളി താരം സഞ്ജു സാംസണാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 41 പന്തുകളിൽ നിന്നും 82 റൺസാണ് മലയാളി താരം അടിച്ചെടുത്തത്. 9 ഫോറുകളും 4 കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്.
സഞ്ജുവിനെ കൂടാതെ ഇഷാൻ കിഷൻ 43 റൺസും ശ്രേയസ് അയ്യർ 40 റൺസുമാണ് നേടിയത്. അവസാന ഓവറുകളിൽ തകർത്തടിച്ച് തിലക് വർമ്മ 44 റൺസ് നേടി പുറത്താവാതെ നിന്നു. മൂന്ന് വീതം ഫോറുകളും സിക്സുകളും ആണ് തിലക് നേടിയത്.
നിലവിൽ പരമ്പരയിലെ രണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. നാളെ ഇൻഡോറിലാണ് പരമ്പരയിലെ മൂന്നാം മത്സരം.


