യുറേനിയം സമ്പുഷ്ടീകരണം തുടരാനുള്ള അവകാശത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ഇതുവരെ സമ്പാദിച്ച യുറേനിയം ശേഖരം മറ്റാര്‍ക്കും കൈമാറില്ലെന്നും വ്യക്തമാക്കി ഇറാന്. ഇറാന്റെ ആറ്റോമിക് എനര്‍ജി ഓര്ഗനൈസേഷന് (AEOI) തലവന്‍ മുഹമ്മദ് എസ്ലാമിയാണ് അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയത്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കെതിരായ അമേരിക്കയുടെ നിരന്തര സൈനിക ഭീഷണികളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആണവ പദ്ധതികള്‍ക്കുമേല്‍ അമേരിക്ക ചെലുത്തുന്ന സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും ഇത്തരം ഭീഷണികള്‍ ഇറാന് പുതിയ കാര്യമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
യുറേനിയം സമ്പുഷ്ടീകരണം ആണവ പ്രക്രിയയുടെ അവിഭാജ്യ ഘടകമാണെന്നും അത് ഇറാന്റെ ദേശീയ അവകാശമാണെന്നും എസ്ലാമി വ്യക്തമാക്കി. ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ വികസനം കൈവരിക്കാനുള്ള അവകാശം ഇറാനിയന്‍ ജനതയ്ക്കുണ്ടെന്നും ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും രാജ്യം തയ്യാറല്ലെന്നും അദ്ദേഹം അടിവരയിട്ടു. വര്‍ഷങ്ങളായി അമേരിക്ക ഇത്തരം ഭീഷണികള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും ഇറാന്റെ ആണവ പദ്ധതികള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും ആണവ നിര്‍വ്യാപന കരാറിനും (NPT) പൂര്‍ണമായും വിധേയമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിസന്ധികളെ അതിജീവിക്കാന്‍ ഇറാനിയന്‍ ജനതയ്ക്ക് ശേഷിയുണ്ടെന്നും എസ്ലാമി പറഞ്ഞു.
ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധസാഹചര്യങ്ങള്‍ അവസാനിപ്പിക്കാനുള്ള നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇറാന്റെ നിര്‍ണായക പ്രഖ്യാപനം. യുദ്ധം അവസാനിപ്പിക്കുന്നതിനും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമുള്ള വ്യവസ്ഥകളുടെ ഭാഗമായി ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ ശേഷി ഗണ്യമായി കുറയ്ക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം.
എന്നാല്‍, ആണവ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടാണ് ഇറാന് ആവര്‍ത്തിക്കുന്നത്. ആണവ പദ്ധതികള്‍ ഇറാന്റെ ദേശീയ അവകാശമാണെന്നും അതിനുമേലുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്നുമുള്ള പ്രഖ്യാപനത്തിലൂടെ അമേരിക്കയ്ക്ക് വ്യക്തമായ സന്ദേശമാണ് രാജ്യം നല്‍കുന്നത്. മേഖലയില്‍ സമാധാന ശ്രമങ്ങള്‍ പ്രതിസന്ധി നേരിടുന്നതിനിടെ ഇറാന്റെ ഈ ഉറച്ച നിലപാട് അന്താരാഷ്ട്ര തലത്തില്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.


