തനിക്കുനേരെയുണ്ടായ വിമര്‍ശനങ്ങള്‍ക്ക് 12 വര്‍ഷം മുന്‍പത്തെ തന്റെ പോസ്റ്റ് വീണ്ടും പങ്കുവെച്ച് മറുപടി നല്കി ബ്രിട്ടീഷ് ഗായകനും മുന്‍ വണ്‍ ഡയറക്ഷന്‍ അംഗവുമായ സെയ്ന് മാലിക്. ചിലിയില്‍ നടന്ന സംഗീത പരിപാടിക്കിടെ മാലിക് നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് താരത്തിന്റെ നടപടി.
സെപ്റ്റംബറില്‍ സാന്റിയാഗോയില്‍ തന്റെ ‘KONNAKOL’ ടൂറിന്റെ ഭാഗമായി നടന്ന പ്രകടനത്തിനിടയിലായിരുന്നു മാലിക്കിന്റെ വിവാദ പരാമര്‍ശം. രാഷ്ട്രീയ സംഘര്‍ഷങ്ങളെക്കുറിച്ചും മാധ്യമ വാര്‍ത്തകളെക്കുറിച്ചും സംസാരിച്ച താരം, ഓരോ മനുഷ്യജീവനും വിലപ്പെട്ടതാണെന്നും ‘നമ്മളെയെല്ലാം മോചിപ്പിക്കൂ’ (Free us all) എന്നും സദസ്സിനോട് പറയുകയുണ്ടായി. ഇതോടെ, ഇത് ഒരു പൊതു മാനുഷിക സന്ദേശമാണെന്ന് ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വ്യാഖ്യാനിച്ചപ്പോള്‍, പലസ്തീനെക്കുറിച്ച് നേരിട്ട് പരാമര്‍ശിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മറ്റ് ചിലര്‍ താരത്തിനെതിരെ വിമര്‍ശനമുന്നയിച്ചു.
തുടര്‍ന്ന് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ മാലിക് പ്രതികരിക്കുകയായിരുന്നു. 2014 ജൂലൈ 28-ന് താന്‍ പങ്കുവെച്ച ‘FreePalestine’ എന്ന സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്ത താരം, ‘ആശയക്കുഴപ്പമുള്ളവര്ക്കുള്ളതാണ് ഇത്… തീയതി പരിശോധിക്കുക’ എന്ന് കുറിക്കുകയും ചെയ്തു. ഇതിലൂടെ പലസ്തീന് അവകാശങ്ങളെക്കുറിച്ചുള്ള തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു മാലിക്. സാന്റിയാഗോയിലെ പ്രസംഗത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് നില്‍ക്കാതെ, ഒരു ദശാബ്ദത്തിലേറെയായി താന്‍ തുടരുന്ന നിലപാടിലേക്ക് വിമര്‍ശകരുടെ ശ്രദ്ധ ക്ഷണിക്കുകയാണ് താരം ചെയ്തത്.
2014-ല്‍ ഗാസ മുനമ്പില്‍ ഇസ്രായേല്‍ ആക്രമണം നടത്തുമ്പോള്‍ സെയ്ന് മാലിക്കിന് 21 വയസ്സായിരുന്നു പ്രായം. വണ്‍ ഡയറക്ഷനില് അംഗമായിരിക്കെ പോസ്റ്റ് ചെയ്ത ആ സന്ദേശം ലക്ഷക്കണക്കിന് ആളുകളാണ് ഷെയര്‍ ചെയ്തത്. കടുത്ത വധഭീഷണികളും തിരിച്ചടികളും നേരിടേണ്ടി വന്നിട്ടും ആ പോസ്റ്റ് നീക്കം ചെയ്യാന്‍ മാലിക് തയ്യാറായിരുന്നില്ല. പിന്നീട് 2021 മേയിലും പലസ്തീന് ജനതയ്ക്ക് പിന്തുണയുമായി താരം രംഗത്തെത്തി. ഇസ്രായേല്‍ ആക്രമണത്തില്‍ ഇരയായ കുട്ടികളുടെ വിവരങ്ങള്‍ പങ്കുവെച്ച താരം, താന്‍ പലസ്തീനികള്ക്കൊപ്പമാണെന്നും അധിനിവേശത്തിനെതിരായ അവരുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു.
സംഗീതരംഗത്തെ പ്രമുഖര്‍ പലസ്തീന് വിഷയത്തില്‍ നടത്തുന്ന പ്രതികരണങ്ങള്‍ വലിയ തോതില്‍ നിരീക്ഷിക്കപ്പെടുന്നതിനിടെയാണ് മാലിക്കിനെ ചുറ്റിപ്പറ്റിയുള്ള ഈ ചര്‍ച്ചകളും ഉയര്‍ന്നു വന്നത്. പലസ്തീന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ പ്രശസ്ത റാപ്പര്‍ മാക്ലെമോറിനെ (Macklemore) എഡ് ഷീരന്റെ ‘Loop Tour’-ല്‍ നിന്ന് നീക്കം ചെയ്തത് അടുത്തകാലത്താണ്. പ്രകടനങ്ങള്‍ക്കിടെ ‘ഫ്രീ ഫലസ്തീന്’ എന്ന് മുദ്രാവാക്യം വിളിക്കുകയും ഗാസയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തതിനെത്തുടര്‍ന്നായിരുന്നു ഇത്. മാക്ലെമോര്‍ ഉള്‍പ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കാന്‍ വിവിധ വേദികള്‍ വിസമ്മതിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ടൂര്‍ പ്രൊമോട്ടര്‍മാരായ ‘മെസ്സിന ടൂറിംഗ് ഗ്രൂപ്പ്’ അറിയിച്ചിരുന്നു. പലസ്തീനുവേണ്ടി പരസ്യമായി സംസാരിക്കുന്ന കലാകാരന്മാര്ക്ക് നേരിടേണ്ടി വരുന്ന തൊഴില്‍പരമായ പ്രത്യാഘാതങ്ങളിലേക്കാണ് ഈ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.


