രാത്രിയിലെ ഭക്ഷണക്രമം ഉറക്കത്തിന്റെ ഗുണനിലവാരത്തെ സ്വാധീനിക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രാത്രി വൈകിയും അമിതമായും ഭക്ഷണം കഴിക്കുന്നത് ദഹനം വൈകുന്നതിനും ഉറക്കത്തെ തടസ്സപ്പെടുത്തുന്നതിനും കാരണമാകാം. അതിനാല്‍ എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങള്‍ അത്താഴത്തില്‍ ഉള്‍പ്പെടുത്തുന്നത് സഹായകരമാകാം.
പഴങ്ങള്‍, പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, വേവിച്ച ഇലക്കറികള്‍ എന്നിവ രാത്രിയിലെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഫൈബര്‍ ധാരാളമുള്ള ബ്രോക്കോളി, മധുരക്കിഴങ്ങ് എന്നിവയും ദഹനത്തിന് ഗുണകരമായ ഭക്ഷണങ്ങളായി വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ക്വിനോവ, അവക്കാഡോ എന്നിവയും രാത്രിയില്‍ കഴിക്കാവുന്ന ഭക്ഷണങ്ങളുടെ പട്ടികയിലുണ്ട്.
ഒമേഗ-3 ഫാറ്റി ആസിഡ്, പ്രോട്ടീന്‍, വൈറ്റമിന്‍ ഡി, സിങ്ക് എന്നിവ അടങ്ങിയ സാല്‍മണ്‍ മത്സ്യവും അത്താഴത്തിന് പരിഗണിക്കാം. പരിപ്പ് സൂപ്പും മറ്റൊരു ഓപ്ഷനാണ്. മഞ്ഞളും ഇഞ്ചിയും ഉള്‍പ്പെടുത്തിയ വിഭവങ്ങള്‍ ദഹനത്തെ സഹായിക്കാനും വയറുവീക്കം, പുളിച്ചുതികട്ടല്‍ തുടങ്ങിയ അസ്വസ്ഥതകള്‍ കുറയ്ക്കാനും സഹായിക്കും.
ഭക്ഷണം കഴിക്കുന്ന സമയവും പ്രധാനമാണ്. ഉറങ്ങുന്നതിന് കുറഞ്ഞത് രണ്ട് മണിക്കൂര്‍ മുമ്പ് അത്താഴം കഴിക്കാനും രാത്രി വൈകിയുള്ള ഭക്ഷണം ഒഴിവാക്കാനും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. രാത്രി എട്ടിന് മുമ്പ് ഭക്ഷണം കഴിക്കുന്നത് ദഹനത്തിന് ആവശ്യമായ സമയം ലഭിക്കാന്‍ സഹായിക്കുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.


