2023ലെ ഏകദിന ലോകകപ്പ് തോൽവി ഇപ്പോഴും വലിയ വേദനയാണെന്ന് മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. സ്വന്തം നാട്ടിൽ ലോകകപ്പ് നടക്കുമ്പോൾ വിജയിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും രോഹിത് വ്യക്തമാക്കി.
‘2023 ലോകകപ്പിലെ തോൽവി വലിയൊരു വേദനയാണ് നൽകുന്നത്. കാരണം ഞങ്ങൾ അതിനു വേണ്ടി എല്ലാം നൽകിയിരുന്നു. ആ ടൂർണമെന്റിന് വേണ്ടി ഞങ്ങൾ അത്രയേറെ പരിശ്രമിച്ചു. ചിന്തകൾ, തന്ത്രങ്ങൾ, ലക്ഷ്യം തുടങ്ങി എല്ലാം ഞങ്ങൾ അതിനായി സമർപ്പിച്ചിരുന്നു. എന്നിട്ടും ഞങ്ങൾക്ക് ആഗ്രഹിച്ച റിസൾട്ട് നേടാൻ സാധിച്ചില്ല എന്നതാണ് ആ വേദനക്ക് കാരണം. സ്വന്തം നാട്ടിൽ കളിക്കുമ്പോൾ വിജയിക്കാനാണല്ലോ ആഗ്രഹിക്കുന്നത്’ രോഹിത് ശർമ്മ ജിയോ സ്റ്റാറിലൂടെ പറഞ്ഞു.
2023 ലോകകപ്പിൽ ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടാണ് ഇന്ത്യക്ക് കിരീടം നഷ്ടമായത്. 2027 ഏകദിന ലോകകപ്പിലും ഇന്ത്യയും ഓസ്ട്രേലിയയും ഒരു ഗ്രൂപ്പിലാണ്. ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഇടം നേടിയിരിക്കുന്നത്. ഓസ്ട്രേലിയ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, സിംബാബ്വെ എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പം കിരീടത്തിനായി ഗ്രൂപ്പ് എയിൽ മത്സരിക്കുന്നത്.
ഒക്ടോബർ 7ന് നടക്കുന്ന ടൂർണമെന്റിലെ ഉദ്ഘാടന മത്സരം കഴിഞ്ഞ ലോകകപ്പ് ഫൈനലിന്റെ തനിയാവർത്തനമാണ്.
നീണ്ട 16 വർഷത്തെ ഏകദിന ലോകകപ്പിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാനാവും ഇന്ത്യ കളത്തിൽ ഇറങ്ങുന്നത്. 1983ൽ കപിൽ ദേവിന്റെ നേതൃത്വത്തിലാണ് ആദ്യമായി ഇന്ത്യ ഏകദിന ലോകകപ്പ് സ്വന്തമാക്കിയത് പിന്നീട് 2011ൽ എം.എസ് ധോണിയുടെ കീഴിലും ഇന്ത്യ ലോകകപ്പ് ചാമ്പ്യന്മാരായി.
ഇന്ത്യൻ ഇതിഹാസ താരങ്ങളായ രോഹിത് ശർമയുടെയും വിരാട് കോലിയുടെയും അവസാന ലോകകപ്പ് ആയതിനാൽ ഇരുവരും കിരീടം നേടി മടങ്ങാനാവും ആഗ്രഹിക്കുക.


