തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി ഇന്ന് പ്രതിഷേധ പ്രക്ഷോഭങ്ങൾ നടക്കും. ഗാന്ധിജയന്തി ദിനമായ ഇന്ന് പ്രതിപക്ഷ പാർട്ടികൾ, കൊക്റോച്ച് ജനതാ പാർട്ടി, വിവിധ സന്നദ്ധ സംഘടനകൾ, ആക്ടിവിസ്റ്റുകൾ എന്നിവരുടെ നേതൃത്വത്തിൽ തെരുവിലിറങ്ങി പ്രതിഷേധിക്കാനാണ് തീരുമാനം.
കൊക്റോച്ച് ജനതാ പാർട്ടി തങ്ങളുടെ പ്രതിഷേധ റാലി ഇന്ന് മുംബൈയിലെ പ്രശസ്തമായ ശിവാജി പാർക്കിൽ നിന്നാണ് ആരംഭിക്കുന്നത്. ഇവിടുന്ന് ആരംഭിക്കുന്ന സമരം രാജ്യത്തുടനീളം ശക്തമാക്കാനും തുടർന്ന് ഡൽഹിയിലേക്ക് വ്യാപിപ്പിക്കാനുമാണ് പാർട്ടിയുടെ നീക്കം. ഇൻഡ്യാ (INDIA) സഖ്യത്തിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള ജില്ലാ കലക്ടറേറ്റ് മാർച്ചുകൾക്കും ഇന്ന് തുടക്കമാകും.
ഡൽഹിയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇൻഡ്യാ സഖ്യത്തിലെ പ്രധാന പാർട്ടികളും പ്രതിപക്ഷ യുവജന-വിദ്യാർഥി സംഘടനകളും തെരുവിലിറങ്ങും. യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ്, ഐസ (AISA) തുടങ്ങിയ സംഘടനകളുടെ പ്രവർത്തകർ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
വിവിധ സംഘടനകൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നതിനായി മുൻകൂട്ടി അനുമതി തേടിയിരുന്നെങ്കിലും ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. എന്നാൽ വിലക്കുകൾ ലംഘിച്ചും സമരവുമായി മുന്നോട്ടുപോകുമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷ സംഘടനകൾ.


