എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന, ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രമായ ‘ഡോണ്ട് ട്രബിൾ ദ് ട്രബിൾ’ (Don’t Trouble the Trouble) തിയറ്ററുകളിലേക്ക് എത്തുമ്പോൾ സിനിമയെക്കുറിച്ച് വലിയ ഹൈപ്പാണ് ഉയർന്നിരിക്കുന്നത്.
റിലീസിന് തൊട്ടുമുമ്പ് ചിത്രം കണ്ട തെലുങ്ക് സിനിമാലോകത്തെ സൂപ്പർതാരങ്ങളായ ജൂനിയർ എൻടിആറും മഹേഷ് ബാബുവും ചിത്രത്തെയും ഫഹദിന്റെ പ്രകടനത്തെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന മികച്ചൊരു ഫാമിലി എന്റർടെയ്നറാണ് ചിത്രമെന്നാണ് ഇരുവരുടെയും പക്ഷം.
ഫഹദിന്റെ പ്രകടനം അസാധ്യം: ജൂനിയർ എൻടിആർ
ഫഹദ് ഫാസിലിന്റെ അഭിനയമികവിനെ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു ജൂനിയർ എൻടിആറിന്റെ പ്രതികരണം.
“സുരി എന്ന കഥാപാത്രമായി ഫഹദ് സാർ കാഴ്ചവച്ചത് എത്ര പ്രശംസനീയമായ പ്രകടനമാണ്! ഓരോ ഫ്രെയിമിലും ജീവൻ നൽകുന്ന താങ്കളുടെ രീതി ഏറെ പ്രചോദനം നൽകുന്നതാണ്.
ഒപ്പം കൊച്ചു സാറാ എന്റെ ഹൃദയം കവർന്നു. സിനിമ അവസാനിച്ച ശേഷവും മനസ്സിൽ തങ്ങിനിൽക്കുന്ന നിഷ്കളങ്കതയാണ് അവളുടെ പ്രകടനം,” എന്ന് എൻടിആർ കുറിച്ചു.
കാലഭൈരവയുടെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മാറ്റം കൂട്ടിയെന്നും പോലീസ് സ്റ്റേഷൻ രംഗം മുതൽ ക്ലൈമാക്സ് വരെയുള്ള ഭാഗങ്ങൾ ഒരു വൈകാരിക റോളർ കോസ്റ്റർ അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംവിധായകൻ ശശാങ്ക് യെലേട്ടിയുടെ കഠിനാധ്വാനത്തെയും നിർമ്മാതാവ് എസ്.എസ്. കാർത്തികേയയെയും അദ്ദേഹം അഭിനന്ദിച്ചു.
ഹൃദയത്തെ സ്പർശിക്കുന്ന അനുഭവം: മഹേഷ് ബാബു
ചിത്രം നൽകുന്ന ഊഷ്മളതയെക്കുറിച്ചാണ് സൂപ്പർതാരം മഹേഷ് ബാബു സംസാരിച്ചത്.
“വളരെ മികച്ച രീതിയിൽ ഒരുക്കിയ, സന്തോഷം പകരുന്ന ഒരു ചിത്രം. ഒരേസമയം ആഴത്തിൽ വിനോദിപ്പിക്കുകയും ഹൃദയത്തെ സ്പർശിക്കുകയും ചെയ്യുന്നു.
ഫഹദ് സാർ, താങ്കൾ അസാധ്യനായ ഒരു നടനാണ്. ഓരോ കഥാപാത്രത്തിലൂടെയും സ്വയം പുതുക്കുന്ന താങ്കളുടെ രീതി ശരിക്കും പ്രചോദനമാണ്,” എന്ന് മഹേഷ് ബാബു അഭിപ്രായപ്പെട്ടു.
സംവിധായകൻ ശശാങ്ക് യെലേട്ടിക്കും നിർമ്മാതാക്കളായ ശോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്.എസ്. കാർത്തികേയ എന്നിവർക്കും അദ്ദേഹം ആശംസകൾ നേർന്നു.
റിലീസിന് ഒരുങ്ങി ചിത്രവും അഡ്വാൻസ് ബുക്കിംഗും
ഫഹദ് ഫാസിലിനൊപ്പം ബാലതാരം സാറ പാലേക്കർ, സൗരഭ് സച്ദേവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ചിത്രം ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2ന് ലോകവ്യാപകമായി തിയറ്ററുകളിലെത്തുകയാണ്.
ഭാവനാ റിലീസാണ് ചിത്രം കേരളത്തിൽ തിയറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ബുക്കിംഗും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
സൂപ്പർതാരങ്ങളുടെ മികച്ച അഭിപ്രായങ്ങൾ കൂടി പുറത്തുവന്നതോടെ വലിയൊരു ദൃശ്യവിരുന്നായിരിക്കും തിയറ്ററുകളിൽ കാത്തിരിക്കുന്നത്.


