രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ കുറ്റവാളിക ളെ സംരക്ഷിക്കാനുള്ള യു.പി സർക്കാറിന്റെ ശ്രമങ്ങളുടെ നേർസാക്ഷ്യമായിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുള്ള കുറ്റപത്രം. രാമക്ഷേത്രം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയെ സാക്ഷിയാക്കി സമർപ്പിക്കപ്പെട്ട കുറ്റപത്രം ഇക്കഴിഞ്ഞ ദിവസമാണ് കോടതിയിൽ സമർപ്പിക്കപ്പെട്ടത്. 133 സാക്ഷികളിൽ മറ്റൊരുട്രസ്റ്റിയായ അനിൽ മിശ്രയെയും ഉൾപ്പെടുത്തിയിട്ടു ണ്ട്. ട്രെയിൻ യാത്രയ്ക്കിടെയാണ് ചമ്പത് റായ് വിവരമറിയുന്നത് എന്നാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രത്തിൽ പറയുന്നത്. കേസ് അന്വേഷണത്തിൻ്റെ എല്ലാ ഘട്ടത്തിലും പ്രതികളെ സംരക്ഷക്കാനും ഉന്നതങ്ങളിലേക്ക് അന്വേഷണം നീങ്ങാതിരിക്കാനുമുള്ള സർവ ശ്രമങ്ങളും സംസ്ഥാന സർക്കാറിൻ്റെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടായിരുന്നു. ജനവികാരം മറികടക്കാൻ യോഗി സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നുവെങ്കിലും എസ്.ഐ.ടിയുടെ പ്രവർത്തനങ്ങൾ കടലാസിലൊതുങ്ങുന്നതായിരുന്നു പിന്നീട് കണ്ടത്. ഒച്ചിൻ്റെ വേഗതയിലുള്ള അന്വേഷണം സർക്കാറിന്റെ ഉള്ളിലിരിപ്പ് വിശ്വാസി സമൂഹത്തിന് കൃത്യമായി ബോധ്യപ്പെടുന്ന തരത്തിലായിരുന്നു. ജയിലിലായ പ്രതികളെ പുറത്തെത്തിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു ആദ്യഘട്ടത്തിൽ തന്നെ അരങ്ങേറിയത്. കേസ് റജിസ്റ്റർ ചെയ്ത് മൂന്നു മാസം പിന്നിടുന്നതിന് മുമ്പ് കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. പ്രതികളെ അറസ്റ്റ് ചെയ്ത് തൊണ്ണൂറു ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കപ്പെട്ടില്ലെങ്കിൽ സ്വാഭാവിക ജാമ്യമെന്ന പഴുതായിരുന്നു സർക്കാറിൻ്റെ കണക്കുകൂട്ടൽ. എന്നാൽ കോടതിയുടെ സമ്മർദ്ദത്തിന് വഴങ്ങി അന്വേഷണ സംഘത്തിന് സമയപരിധിക്കുള്ളിൽ തന്നെ കുറ്റപത്രം സമർപ്പിക്കേണ്ടി വരികയായിരുന്നു.
സംഭാവന തട്ടിപ്പ് കേസിൽ മാത്രം 13 പേർ ഉൾപ്പെട്ടതായായിരുന്നു പ്രത്യേക അന്വേഷണ സംഘം തുടക്കത്തിൽ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ എട്ട് പേരെ അറസ്റ്റ് ചെയ്തതോടെ കേസ് നിലച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രസ്റ്റി അനിൽ മിശ്രയും രാജി സമർപ്പിച്ചതോടെ അവരുടെ കേസിലെ പങ്ക് മായ്ച്ചു കളയുന്ന സാഹചര്യമായിരുന്നു. സംഘ്പരിവാർ സംഘടനാ രംഗങ്ങളിൽ പതിറ്റാണ്ടുകളായി നേതൃനിരിയിലുള്ള ഇരുവരും ക്ഷേത്രക്കൊള്ള നേരത്തെ അറിഞ്ഞിരുന്നു എന്ന നിലയ്ക്ക് വാർത്തകൾ പുറത്തു വന്നിരുന്നു. അന്വേഷണവും കേസും ആരംഭിക്കുന്നതിന് മുൻപ് തന്നെ ഇവർക്ക് അകത്തെ കാര്യങ്ങളിൽ ധാരണയുണ്ടായിരുന്നു. പരാതി നൽകുന്നതിന് മുൻപ് തന്നെ ഒരു പ്രതിയുടെ വീട്ടിൽ നിന്നും ഇവരുടെ നിർദ്ദേശ പ്രകാരം പണം നീക്കിയിരുന്നു. പൊലീസ് സഹായത്തോടെ തന്നെ, കേസ് എടുക്കുന്നതിന് മുൻപ് നടത്തിയ ഈ നീക്കം വീഡിയോ സഹിതം പുറത്തു വരികയുണ്ടായി. ജൂൺ ആദ്യവാരത്തിൽ തന്നെ ക്രമക്കേടുകൾ ട്രസ്റ്റിന്റെ ശ്രദ്ധയിൽ പ്പെട്ടിരുന്നു. തുടർന്ന് തെളിവുകൾ സഹിതം ജനങ്ങൾ വിവരങ്ങൾ അറിഞ്ഞതോടെയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിടുക്കപ്പെട്ട് മുഖം രക്ഷിക്കൽ നടപടി പ്രഖ്യാപിച്ചത്.
കൊള്ളയുടെ പ്രധാന ആസൂത്രകൻ അനുകൽപ് മിശ്രയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ആകെ 133 സാക്ഷികളാണുള്ളത്. സംഭാവനക്കൊള്ളയുടെ മുഴുവൻ ഭാരവും നേരത്തെ അറസ്റ്റിലായ എട്ടുപേരിൽ മാത്രം കെട്ടിവെക്കുന്ന തരത്തിലാണ് കുറ്റപത്രം. സംഘ്പരിവാർ നേതാക്കളിലേക്ക് അന്വേഷണം നീളാതിരിക്കാനുള്ള കരുതലിന്റെ ഭാഗമാണിതെന്നാണ് വിമർശനം. അറസ്റ്റിലായ എട്ടുപേരും കാണിക്ക എണ്ണിത്തിട്ടപ്പെടുത്തുന്നതിനായി ക്ഷേത്രട്രസ്റ്റും ബാങ്കും ചേർന്ന് നിയമിച്ച കരാർ ജീവനക്കാരാണ്. ട്രസ്റ്റ് ഭാരവാഹികളോ ഉന്നതരോ അറിയാതെ ഇവർ എങ്ങനെ ഇത്ര വലിയ തട്ടിപ്പ് നടത്തി എന്ന ചോദ്യം ഇതോടെ ബാക്കിയാകുന്നു. വിശ്വാസവഞ്ചന, ക്രിമിനൽ ഗുഢാലോചന, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് എട്ട് പ്രതികൾക്കെതിരെയും കേസെടുത്തിരിക്കുന്നത്. ഭണ്ഡാരം സൂക്ഷിച്ചിരിക്കുന്ന മുറിയിലെ സി.സി.ടി.വി കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന. പ്രതികൾ 105 തവണ പണം മോഷ്ടിക്കുന്നത് കണ്ടെത്തിയെന്നാണ് തൽസ്ഥിതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വെള്ളി കട്ടികളുൾപ്പെടെ 803 വിലപ്പെട്ട സംഭാവന വസ്തുതുക്കൾ കൈകാര്യം ചെയ്യുന്നതിൽ ക്ഷേത്രം ട്രസ്റ്റിന് വീഴ്ചയുണ്ടായിട്ടില്ലെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന ഇവ അന്വേഷണ സംഘം നേരിട്ട് പരിശോധിച്ചതായും കുറ്റപത്രത്തിൽ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേരിട്ടുള്ള നിയന്ത്രണത്തിനും നിരീക്ഷണത്തിനും കീഴിലായിരുന്നു ട്രസ്റ്റ് പ്രവർത്തിച്ചിരുന്നുത്. ആർ.എസ്.എസിന്റെ സമുന്നത സമ നേതാക്കൾ കൈകാര്യം ചെയ്തിരുന്ന ട്രസ്റ്റിൽ നടന്ന ഞെട്ടിപ്പിക്കുന്ന കൊള്ളക്ക് പക്ഷേ ഉത്തരവാദികളാരുമില്ലാത്ത അവസ്ഥയാണ്. ഏതാനും താൽക്കാലിക ജീവനക്കാരെ പ്രതികളാക്കി കുറ്റപത്രംകൂടി സമർപ്പിക്കപ്പെട്ടതിലൂടെ യഥാർത്ഥപ്രതികളിലേക്ക് ഈ കേസ് എത്തിച്ചേരുകയില്ലെന്നുറപ്പായിരിക്കുകയണ്.


