കളിയുടെ നിയന്ത്രവും പ്രതിരോധവും ക്യത്യമായ ബാലൻസിൽ പടുത്തുയർത്തിയ കാലിക്കറ്റ് എഫ്.സിക്ക് സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിൽ തകർപ്പൻ തുടക്കം. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്.സിയെ 2-0ന് തോൽപ്പിച്ചു.
ക്യാപ്റ്റൻ പ്രശാന്ത്, അർജന്റീനക്കാരൻ മാക്സിമിലിയാനോ എന്നിവരാണ് വിജയികൾക്കായി ഗോൾ നേടിയത്. എവേ ഗ്രൗണ്ടിൽ സമ്മർദ്ദങ്ങളൊന്നുമില്ലാതെ ആക്രമണാത്മകമായാണ് കൊമ്പൻസ് മത്സരം തുടങ്ങിയത്. ആദ്യ പത്ത് മിനിറ്റിനുള്ളിൽ മുഹമ്മദ് നിഷാം വിങിലൂടെ നടത്തിയ രണ്ട് മുന്നേറ്റങ്ങൾ കാലിക്കറ്റ് പ്രതിരോധത്തെ പരീക്ഷിച്ചു.
ഇരുപത്തിമൂന്നാം മിറ്റിൽ കാലിക്കറ്റ് ലീഡ് നേടി. ഇടതുവിങ്ങിലൂടെ ഫെഡറിക്കോ ബുവാസോ നടത്തിയ അതിവേഗ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. കൊമ്പൻസ് പ്രതിരോധനിരയെ വേഗത്തിൽ മറികടന്ന ബുവാസോ ബോക്സിലേക്ക് കയറി, ഗോളി സത്യജിത്തിനെ മുന്നിലേക്ക് വലിച്ചിറക്കി. തുടർന്ന് നൽകിയ കൃത്യമായ പാസ് ക്യാപ്റ്റൻ പ്രശാന്ത് പോസ്റ്റിലെത്തിച്ചു (1-0). ഇഞ്ചുറി സമയത്ത് കാലിക്കറ്റ് ലീഡ് രണ്ടാക്കി. അണ്ടർ 23 താരം ആൻഡ്രൂസിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മാക്സിമിലിയാിനോ ഗോളാക്കി (2-0).
രണ്ടാം പകുതിയുടെ തുടക്കത്തിൽ ജാഷിദ് അലിയെയും അർജുനെയും ഇറക്കിയ കൊമ്പൻസ് ആക്രമണം ശക്തമാക്കി. അൻപത്തിയൊൻപതാം മിനിറ്റിൽ തുടർച്ചയായി രണ്ട് കോർണറുകൾ നേടിയ കാലിക്കറ്റ് മുന്നാം ഗോളിന് ശ്രമിച്ചെങ്കിലും ബോക്സിനുള്ളിൽ കൊമ്പൻ പ്രതിരോധം കൃത്യമായ പൊസിഷനിംഗിലൂടെ ഭീഷണി ഒഴിവാക്കി.
അന്തരിച്ച കാലിക്കറ്റ് എ ഫസി സെക്രട്ടറി ബിനോ ജോസ് ഈപ്പൻ, കളിക്കാരൻ റിജോൺ ജോസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഗനി അഹമ്മദ് നിഗം എന്നിവരെ ഓർമ്മി ച്ചുകൊണ്ടാണ് കാലിക്കറ്റ് കൊബൻസ് മത്സരം തുടങ്ങിയത്. ഇന്ന് ഒന്നാം റൗണ്ടിലെ അവസാന മത്സരത്തിൽ ഫോഴ്സ കൊച്ചി എഫ് സി, മലപ്പുറം എ ഫ് സിയെ നേരിടും, കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30ന് കിക്കോഫ്.


