അവിശ്വസനീയമായ പ്രകടനത്തിലൂടെ ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ പുതിയൊരു അധ്യായം രചിച്ചിരിക്കുകയാണ് ജപ്പാന്റെ പതിനൊന്ന് കാരൻ യുകി കുരിഹാര (Yuki Kurihara).
ഇ-സ്പോർട്സ് ‘പുയോ പുയോ ചാമ്പ്യൻസ്’ (Puyo Puyo Champions) വിഭാഗത്തിലാണ് ഈ കൊച്ചുമിടുക്കൻ സ്വർണമെഡൽ സ്വന്തമാക്കിയത്.
ജപ്പാന്റെ ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വർണമെഡൽ ജേതാവെന്ന റെക്കോഡും ഇനി കുരിഹാരയ്ക്ക് സ്വന്തം.
ശനിയാഴ്ച നടന്ന ആവേശകരമായ ഫൈനലിൽ ദക്ഷിണ കൊറിയയുടെ 24കാരനായ കാങ് ഡോങ്ഷിനെ ഒന്നിനെതിരെ പത്ത് പോയിന്റുകൾക്ക് (10-2) തകർത്താണ് കുരിഹാര ചാമ്പ്യനായത്.
മത്സരത്തിന്റെ തുടക്കത്തിൽ 1-0 ന് പിന്നിലായിപ്പോയെങ്കിലും, പിന്നീട് തകർപ്പൻ തിരിച്ചുവരവിലൂടെ എതിരാളിയെ നിഷ്പ്രഭമാക്കുകയായിരുന്നു ഈ കൊച്ചുകുട്ടി.
സെമിഫൈനലിൽ തായ്ലൻഡിന്റെ 28കാരനായ തനരക് വോങ്കിറ്റ്കുനെ 10-1 എന്ന വലിയ മാർജനിൽ പരാജയപ്പെടുത്തിയാണ് കുരിഹാര ഫൈനലിലേക്ക് മാർച്ച് ചെയ്തത്.
മത്സരത്തിലുടനീളം മുതിർന്ന താരങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്ന ശാന്തതയും പ്രകടനവുമാണ് താരം കാഴ്ചവച്ചത്.
സ്കൂൾ പഠനവും ഗെയിമും ഒരുമിച്ച്
പ്രാഥമിക സ്കൂളിലെ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ പുയോ പുയോ കളിച്ച് തുടങ്ങിയ കുരിഹാര, പിന്നീട് വിവിധ ടൂർണമെന്റുകളിൽ സ്ഥിരതയാർന്ന വിജയം നേടി ഈ വർഷം ഏപ്രിലിൽ പ്രൊഫഷണൽ ലൈസൻസും സ്വന്തമാക്കി.
സ്കൂൾ പഠനവും അധിക ക്ലാസുകളും ഇ-സ്പോർട്സും ഒരുമിച്ച് കൊണ്ടുപോകുക എന്നത് ബുദ്ധിമുട്ടാണെങ്കിലും ഗെയിമിങ് ഏറെ ആസ്വദിക്കുന്നുണ്ടെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.
സ്വർണനേട്ടത്തിന് ശേഷം വലിയ ആഘോഷങ്ങളിലേക്ക് കടക്കാതിരുന്ന കുരിഹാര, തനിക്ക് അൽപ്പം നാണം തോന്നിയതുകൊണ്ടാണ് മുഖഭാവങ്ങളിൽ സന്തോഷം പ്രകടിപ്പിക്കാതിരുന്നതെന്ന് ചിരിയോടെ പറഞ്ഞു.
ഗെയിമിനെക്കുറിച്ച്…
1991-ൽ സെഗ (SEGA) പുറത്തിറക്കിയ ലോകപ്രശസ്തമായ ഒരു പസിൽ ഗെയിമാണ് ‘പുയോ പുയോ’. ഒരേ നിറത്തിലുള്ള ബ്ലോബുകൾ ഒന്നിച്ച് ചേർത്ത് സ്ക്രീൻ ക്ലിയർ ചെയ്യുന്ന ഈ ഗെയിമിന് കളിക്കാരുടെ അതിവേഗ ചിന്താശേഷിയും ബുദ്ധിയും ആവശ്യമാണ്.
ഇത്തവണത്തെ ഏഷ്യൻ ഗെയിംസിലാണ് ഇത് ആദ്യമായി ഔദ്യോഗിക മത്സര ഇനമായി ഉൾപ്പെടുത്തിയത്. ഇതേ ഇനത്തിൽ മെഡൽ പ്രതീക്ഷയോടെ ഇറങ്ങിയ ഇന്ത്യയുടെ സ്റ്റാർ ഗെയിമർ പരിതോഷ് മികച്ച പോരാട്ടത്തിന് ശേഷം ക്വാർട്ടർ ഫൈനലിൽ പുറത്തായി.
കായിക ലോകത്തെ പ്രായം കുറഞ്ഞ താരങ്ങൾ
ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മെഡൽ ജേതാക്കളുടെ പൂർണ്ണമായ ഔദ്യോഗിക രേഖകൾ ലഭ്യമല്ലെങ്കിലും, സമീപകാല ഗെയിംസുകളിലെ കൗമാരക്കാരുടെ മുന്നേറ്റം ശ്രദ്ധേയമാണ്.
2018-ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 12 കാരിയായ ഇന്തോനേഷ്യൻ താരം ബുംഗ നിമാസ് സ്കേറ്റ്ബോർഡിങ്ങിൽ വെങ്കലം നേടിയിരുന്നു. തുടർന്ന് 2023-ലെ ഹാങ്ഷൗ ഗെയിംസിൽ 13 കാരിയായ ചൈനീസ് താരം കുയി ചെൻഷി സ്വർണവും സ്വന്തമാക്കി.
ഈ നിരയിലേക്കാണ് ഇപ്പോൾ 11-ാം വയസ്സിൽ സുവർണ്ണനേട്ടവുമായി യുകി കുരിഹാര കടന്നുവന്നിരിക്കുന്നത്.


