ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ വിടവാങ്ങൽ മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അർജന്റീന ഫുട്ബോൾ ടീം പരിശീലകൻ ലയണൽ സ്കലോണി. ബെനിനെതിരെ ബ്യൂനസ് ഐറിസിൽ വെച്ച് അടുത്ത മാസമാണ് മെസ്സിയുടെ വിടവാങ്ങൽ മത്സരം നടക്കുന്നത്.
അർജന്റീനയിൽ വെച്ചുനടക്കാനിരിക്കുന്ന ഈ മത്സരം തീർത്തും വൈകാരികമായിരിക്കുമെന്നും അന്നത്തെ ദിവസം എങ്ങനെ കൈകാര്യം ചെയ്യുമെന്നതിൽ ആശങ്കയുണ്ടെന്നും സ്കലോണി വ്യക്തമാക്കി.കരയാതിരിക്കാൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ആ ദിവസം കരയാതെയിരിക്കാൻ നോക്കും. അവിടെയുണ്ടാകുകയെന്നത് തന്നെ വലിയ ഭാഗ്യമാണ്. അർജന്റീനയ്ക്കായും മെസ്സിക്കായും ഞാൻ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. എൻ്റെ ഭാഗം ഞാൻ പൂർത്തിയാക്കി.
അദ്ദേഹത്തിന്റെ വിടവാങ്ങലിന് അവിടെയുണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ, ഞാനിനി ഇവിടെയുണ്ടാകുമോ എന്ന് എനിക്കറിയില്ലല്ലോ,” സ്കലോണി വൈകാരികമായി പ്രതികരിച്ചു.
ഈ വർഷം അവസാനത്തോടെ സ്കലോണിയുടെ പരിശീലക കരാർ അവസാനിക്കാനിരിക്കെ, ഭാവിയിൽ അർജന്റീനയുടെ കോച്ചായി തുടരുമോയെന്ന കാര്യത്തിൽ അദ്ദേഹം കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ല.
മെസ്സിയുടെ വിടവാങ്ങൽ ചടങ്ങുകൾക്കായി സാധ്യമായതെല്ലാം അർജന്റീന ഫുട്ബോൾ അസോസിയേഷനും ടീമും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നിലവിലുള്ള ബലോൻ ഡി ഓർ നോമിനേഷനിൽ അവാർഡിന് ഏറ്റവും അർഹൻ ലയണൽ മെസ്സി തന്നെയാണെന്ന് സ്കലോണി അഭിപ്രായപ്പെട്ടു.
ഫുട്ബോളിൽ ഏറ്റവും മികച്ച കളിക്കാരനെയാണ് മാനദണ്ഡമാക്കുന്നതെങ്കിൽ ആ നേട്ടം മെസ്സിക്ക് മാത്രമെ അവകാശപ്പെടാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


