മലയാള സിനിമയുടെ എക്കാലത്തെയും വലിയ ദൃശ്യവിസ്മയങ്ങളിൽ ഒന്നായ പ്രിയദർശൻ – മോഹൻലാൽ ചിത്രമായ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്. ഒക്ടോബർ ഒന്നിനാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റീ റിലീസ് ചെയ്യുന്നത്.
ഇതുവരെ റീ റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി, മലയാളത്തിൽ ആദ്യമായി 8-കെ നിലവാരത്തിൽ ഫിലിം സ്കാൻ ചെയ്ത് സൂപ്പർ 4-കെ ദൃശ്യഭംഗിയിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
കഴിഞ്ഞ മൂന്നര വർഷത്തിനിടെ 14 മലയാള ചിത്രങ്ങൾ റീ റിലീസ് ചെയ്തിട്ടുണ്ടെങ്കിലും പഴയ ഫിലിമുകളിൽ നിന്ന് സൂപ്പർ 4-കെ നിലവാരത്തിലേക്ക് മാറ്റുന്നത് ഇതാദ്യമായാണ്.
മാറ്റിനി നൗ കമ്പനിയും പ്രസാദ് കോർപ്പും ചേർന്നാണ് ഈ ദൃശ്യ വിസ്മയം തിയേറ്ററുകളിൽ എത്തിക്കുന്നത്.
ഫിലിം പ്രിന്റിനായുള്ള കഠിനമായ അന്വേഷണം
ചിത്രത്തിന്റെ ഒറിജിനൽ ഫിലിം പ്രിന്റ് കണ്ടെത്തുക എന്നത് ഏറെ ശ്രമകരമായ ദൗത്യമായിരുന്നു. ഒടുവിൽ ചിത്രത്തിന്റെ നിർമാതാവ് എൻ. ഗോപാലകൃഷ്ണന്റെ മകൻ അനിൽകുമാർ വഴിയാണ് ആവശ്യമായ ഫിലിം പ്രിന്റ് ലഭ്യമായത്.
ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സൂക്ഷിച്ചിരുന്ന പ്രിന്റാണ് ഇതിനായി ഉപയോഗിച്ചത്. ചിത്രത്തിലെ ദൃശ്യങ്ങളും വെളിച്ചവിന്യാസങ്ങളും ഏറെ പ്രത്യേകതകൾ നിറഞ്ഞതായതുകൊണ്ട്, കാലപ്പഴക്കത്തിന്റെ പ്രശ്നങ്ങൾ പൂർണ്ണമായും ഒഴിവാക്കാനാണ് പ്രിന്റ് 8-കെ നിലവാരത്തിൽ സ്കാൻ ചെയ്തത്.
കെ.വി. ആനന്ദിന്റെ ക്യാമറാ വിസ്മയങ്ങൾ ചെറിയ വിശദാംശങ്ങൾ പോലും നഷ്ടപ്പെടാതെ പുതിയ സാങ്കേതികവിദ്യയിലൂടെ തിയേറ്ററുകളിൽ എത്തിക്കാൻ ഇതിലൂടെ സാധിക്കും.
ചെന്നൈ പ്രസാദ് ലാബിൽ സ്കാൻ ചെയ്ത ചിത്രത്തിന്റെ റീമാസ്റ്ററിങ് ജോലികൾ മാറ്റിനി നൗവിന്റെ സ്റ്റുഡിയോയിലാണ് പൂർത്തിയാക്കിയത്. പുതിയ ഡോൾബി ആറ്റ്മോസ് ശബ്ദവിന്യാസവും ചിത്രത്തിന് നൽകിയിട്ടുണ്ട്.


