സൗത്ത് ഇന്ത്യയിൽ ഏറ്റവും വലിയ ആരാധക പിന്തുണയുള്ള താരമാണ് ദളപതി വിജയ്. എന്നാൽ സിനിമയിൽ നിന്ന് രാഷ്ട്രീയ പ്രവേശനം നടത്തിയ വിജയ് അഭിനയജീവിതത്തിന് ഔദ്യോഗികമായി വിരാമം കുറിച്ചിരിക്കുകയാണ്.
താരം കളമൊഴിഞ്ഞെങ്കിലും വിജയിയുടെ മകൻ ജേസൺ സഞ്ജയ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. എന്നാൽ പിതാവിന്റെ വഴിയേ അഭിനേതാവായിട്ടല്ല, മറിച്ച് സംവിധായകനായാണ് ജേസൺ സിനിമയിലേക്ക് ചുവടുവെക്കുന്നത്.
തെലുങ്ക് താരം സന്ദീപ് കിഷനെ നായകനാക്കി ലൈക പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ജേസൺ തന്റെ ആദ്യ ചിത്രം ഒരുക്കുന്നത്. ആക്ഷൻ റൊമാൻസ് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ പ്രൊമോഷനുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്.
അൽഫോൻസ് പുത്രൻ ചിത്രത്തിൽ നിന്ന് പിന്മാറാൻ കാരണം?
ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ മലയാളത്തിന്റെ പ്രമുഖ സംവിധായകൻ അൽഫോൻസ് പുത്രന്റെ ചിത്രത്തിൽ നായകനായി അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചിരുന്നുവെന്ന് ജേസൺ വെളിപ്പെടുത്തി.എന്നാൽ എന്തുകൊണ്ട് ആ ചിത്രത്തിൽ അഭിനയിച്ചില്ലെന്ന അവതാരകന്റെ ചോദ്യത്തിന് താരം വ്യക്തമായ മറുപടി നൽകി.
“എനിക്ക് 18 അല്ലെങ്കിൽ 19 വയസ്സുള്ളപ്പോഴാണ് ഈ ഓഫർ വരുന്നത്. അന്ന് ഞാൻ കാനഡയിലെ യൂണിവേഴ്സിറ്റി പഠനം ആരംഭിച്ചതേ ഉണ്ടായിരുന്നുള്ളൂ. കരിയറിൽ എന്തായിരിക്കണം ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ഒരു ധാരണയുണ്ടായിരുന്നെങ്കിലും, അന്ന് എനിക്ക് അഭിനയിക്കാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. എനിക്ക് ഫിലിം മേക്കിങ്ങിൽ കൂടുതൽ പഠിക്കേണ്ടതുണ്ടെന്ന് തോന്നി.
അക്കാലത്താണ് അൽഫോൻസ് സാറിനെക്കുറിച്ച് പറയാൻ അച്ഛൻ എന്നെ വിളിക്കുന്നത്. അദ്ദേഹം അങ്ങനെയൊരു കാര്യം അച്ഛനോട് പറഞ്ഞപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി.
ഭാവിയിൽ എന്തെങ്കിലും ചെയ്യാനുള്ള വലിയൊരു പ്രചോദനമായിരുന്നു അത്. പക്ഷേ, അന്ന് മനസ്സിൽ ഒരുപാട് ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് ആ പ്രൊജക്ട് ചെയ്യാൻ സാധിച്ചില്ല,” ജേസൺ വ്യക്തമാക്കി.
സംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തനിക്ക് താൽപ്പര്യമെന്നും, സിനിമയുടെ വിവിധ മേഖലകൾ പഠിച്ചറിഞ്ഞ ശേഷമാണ് താൻ സംവിധാനത്തിലേക്ക് തിരിഞ്ഞതെന്നും ജേസൺ കൂട്ടിച്ചേർത്തു.
en


