ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദീപപ്രകാശൻ ചടങ്ങിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികളിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകിയ സംഭവത്തിൽ വൻ വിവാദം.
ജമ്മുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലാണ് (ഐഐഎം) ഇത്തരമൊരു നടപടിയുണ്ടായത്.
സെപ്റ്റംബർ 17-ന് ഐഐഎം ജമ്മു കാമ്പസിലാണ് മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ചടങ്ങ് സംഘടിപ്പിച്ചത്. ‘വിക്ഷിത് ഭാരത് 2047’ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ വളർച്ചാ യാത്രയെക്കുറിച്ച് പ്രതിഫലിപ്പിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഐഐഎം എക്സിൽ കുറിച്ചിരുന്നു.
ഐഐഎം ജമ്മു ഡയറക്ടർ പ്രൊഫസർ ബി.എസ്. സഹായ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി എംഎൽഎ യുധ്വീർ സേത്തിയും പങ്കെടുത്തിരുന്നു.
എന്നാൽ, നിർബന്ധിത പരിപാടിയായി പ്രഖ്യാപിച്ചിരുന്ന ഈ ചടങ്ങിൽ നിന്ന് വിട്ടുനിന്ന വിദ്യാർത്ഥികൾക്ക് ഐഐഎം സ്റ്റുഡന്റ് കൗൺസിൽ നോട്ടീസ് അയക്കുകയായിരുന്നു.
പരിപാടിയിൽ പങ്കെടുക്കാത്തവർ അതിനുള്ള കാരണം കാണിച്ച് രേഖാമൂലം വിശദീകരണം നൽകണമെന്നും, അല്ലാത്തപക്ഷം 500 രൂപ പിഴ ഈടാക്കുമെന്നുമാണ് മുന്നറിയിപ്പ്.
ആരോഗ്യപരമായ കാരണങ്ങളാൽ വിട്ടുനിൽക്കുന്നവർക്ക് മാത്രമാണ് ഇളവ് അനുവദിക്കുകയെന്നും, അത് തെളിയിക്കാൻ ക്യാമ്പസിലെ ‘സഞ്ജീവ്നി’ ഡിസ്പെൻസറിയിൽ നിന്നുള്ള ബെഡ് റെസ്റ്റ് ശുപാർശ ചെയ്യുന്ന ഔദ്യോഗിക മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
മറ്റ് മെഡിക്കൽ കാരണങ്ങളോ രേഖകളോ അംഗീകരിക്കില്ലെന്നും ഇതിൽ പറയുന്നുണ്ട്.
രാഷ്ട്രീയ നേതാക്കളുടെ വിമർശനം
ജമ്മു കശ്മീർ കോൺഗ്രസ് നേതാവ് സയ്യിദ് നാസിർ ഹുസൈൻ “പ്രധാനമന്ത്രി മോദിയുടെ ജന്മദിനാഘോഷത്തിൽ വിദ്യാർത്ഥികൾ നിർബന്ധമായും പങ്കെടുക്കേണ്ടത് എന്തുകൊണ്ടാണ്?
ഇത് ഐഐഎമ്മിലെ അക്കാദമിക് ഉത്തരവാദിത്തമാണോ, അതോ പ്രധാനമന്ത്രിയുടെ പ്രചാരണം കാമ്പസിലേക്ക് നിർബന്ധിതമായി കൊണ്ടുവന്നതാണോ?” എന്ന് എക്സിൽ ചോദിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വതന്ത്ര മനസ്സുകളെയാണ് വളർത്തിയെടുക്കേണ്ടതെന്നും രാഷ്ട്രീയ നേതാക്കളുടെ ആഘോഷങ്ങൾക്ക് വിദ്യാർത്ഥികളെ നിർബന്ധിക്കുകയോ ശിക്ഷാ നടപടികളോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുധാകർ സിംഗ് (ബീഹാർ എംപി): പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ വിളക്കുകൾ കൊളുത്തിയില്ലെങ്കിൽ 500 രൂപ പിഴ ചുമത്തുമെന്ന് കാണിച്ച് നോട്ടീസ് അയച്ചതിനെ അദ്ദേഹം വിമർശിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം പ്രവണതകൾ കടന്നുവരുന്നതിനെതിരെ അദ്ദേഹം ശക്തമായ ഭാഷയിൽ പ്രതികരിച്ചു.
പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം രാഷ്ട്രീയ പബ്ലിസിറ്റി സ്റ്റണ്ടുകൾ ഒഴിവാക്കണമെന്നാണ് വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയ നേതാക്കളും ഒരേപോലെ ആവശ്യപ്പെടുന്നത്.


