നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥയുടെ കാവൽഭടനായ ലിംഫാറ്റിക് സിസ്റ്റത്തെ (Lymphatic System) ബാധിക്കുന്ന അർബുദമാണ് ലിംഫോമ. അണുബാധകൾക്കെതിരെ പോരാടുന്ന വെളുത്ത രക്താണുക്കളായ ലിംഫോസൈറ്റുകളിൽ ഉണ്ടാകുന്ന അനിയന്ത്രിതമായ കോശവളർച്ചയാണ് ഈ രോഗത്തിലേക്ക് നയിക്കുന്നത്. പണ്ട് ലിംഫോമ നിർണയിക്കപ്പെടുന്നത് വലിയ ഭീതിയും അനിശ്ചിതത്വവുമാണ് സമ്മാനിച്ചിരുന്നതെങ്കിൽ ഇന്ന് അത്യാധുനിക വൈദ്യശാസ്ത്രത്തിന്റെ മുന്നേറ്റങ്ങൾ കാൻസർ ചികിത്സയെക്കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാടുകളെത്തന്നെ തിരുത്തിക്കുറിച്ചിരിക്കുന്നു.
കീമോതെറാപ്പി റേഡിയേഷൻ തുടങ്ങിയ പരമ്പരാഗത ചികിത്സാരീതികൾ അർബുദ കോശങ്ങൾക്കൊപ്പം ശരീരത്തിലെ ആരോഗ്യമുള്ള കോശങ്ങളെക്കൂടി ബാധിച്ചിരുന്നതിനാൽ രോഗികളിൽ കഠിനമായ പാർശ്വഫലങ്ങൾ ഉണ്ടാക്കിയിരുന്നു. എന്നാൽ ഈ പ്രതിസന്ധിക്കുള്ള വലിയൊരു ആശ്വാസമായാണ് ടാർഗെറ്റഡ് തെറാപ്പി (Targeted Therapy) അർബുദ ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിക്കുന്നത്. അർബുദ കോശങ്ങളെ മാത്രം കൃത്യമായി തിരിച്ചറിഞ്ഞ് നശിപ്പിക്കുന്ന ഈ അത്യാധുനിക ചികിത്സാരീതി, പാർശ്വഫലങ്ങൾ ലഘൂകരിക്കാനും ലിംഫോമ ബാധിതർക്ക് പൂർണ്ണ രോഗമുക്തിയും മെച്ചപ്പെട്ട ജീവിതനിലവാരവും ഉറപ്പാക്കാനും വലിയ പ്രതീക്ഷ നൽകുന്നു.
എന്താണ് ലിംഫോമ?
നമ്മുടെ ശരീരത്തിൽ അണുബാധകൾക്കെതിരെ പോരാടുന്ന വെളുത്ത രക്താണുക്കളായ ലിംഫോസൈറ്റുകളിൽ (Lymphocytes) ഉണ്ടാകുന്ന ജനിതക വ്യതിയാനമാണ് ലിംഫോമയ്ക്ക് കാരണം. ഈ കോശങ്ങൾ അനിയന്ത്രിതമായി പെരുകുകയും ലിംഫ് നോഡുകളിലും മറ്റ് അവയവങ്ങളിലും അടിഞ്ഞുകൂടുകയും ചെയ്യുന്നു. പ്രധാനമായും രണ്ട് തരം ലിംഫോമകളാണുള്ളത്:
- ഹൊഡ്ജ്കിൻസ് ലിംഫോമ (Hodgkin Lymphoma)
- നോൺ-ഹൊഡ്ജ്കിൻസ് ലിംഫോമ (Non-Hodgkin Lymphoma)
ലക്ഷണങ്ങൾ: മുൻകൂട്ടി തിരിച്ചറിയാം
ലിംഫോമയുടെ ആദ്യകാല ലക്ഷണങ്ങൾ പലപ്പോഴും സാധാരണ അണുബാധകളുടേതിന് സമാനമായി തോന്നാം. എങ്കിലും താഴെ പറയുന്ന സൂചനകൾ ശ്രദ്ധിക്കേണ്ടതാണ്:
വേദനയില്ലാത്ത വീക്കം: കഴുത്ത്, കക്ഷം, അല്ലെങ്കിൽ തുടയിടുക്ക് (Groin) എന്നിവിടങ്ങളിലെ ലിംഫ് ഗ്രന്ഥികളിൽ ഉണ്ടാകുന്ന വേദനയില്ലാത്ത വീക്കം.
വിട്ടുമാറാത്ത പനി: വ്യക്തമായ കാരണങ്ങളില്ലാതെ ഇടയ്ക്കിടെ ഉണ്ടാകുന്ന പനി.
രാത്രിയിൽ അമിതമായി വിയർക്കുന്നത്.
ശരീരഭാരം പെട്ടെന്ന് ഭാരം കുറയുന്ന അവസ്ഥ.
കഠിനമായ ക്ഷീണം: വിശ്രമിച്ചാലും മാറാത്ത വിട്ടുമാറാത്ത തളർച്ചയും ക്ഷീണവും.
ചൊറിച്ചിൽ: ശരീരത്തിലുടനീളം അനുഭവപ്പെടുന്ന അകാരണമായ ചൊറിച്ചിൽ.
കാരണങ്ങളും സാധ്യത ഘടകങ്ങളും
ലിംഫോമ ഉണ്ടാകാനുള്ള കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ലെങ്കിലും, ചില ഘടകങ്ങൾ രോഗസാധ്യത വർദ്ധിപ്പിക്കുന്നു:
പ്രായം: നോൺ-ഹൊഡ്ജ്കിൻസ് ലിംഫോമ സാധാരണയായി പ്രായമായവരിലാണ് കൂടുതൽ കണ്ടുവരുന്നത്.
എച്ച്.ഐ.വി (HIV) അണുബാധയുള്ളവരിലും അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവരിലും രോഗസാധ്യത കൂടുതലാണ്.
എപ്സ്റ്റൈൻ-ബാർ വൈറസ് (EBV), ഹെലിക്കോബാക്ട്ടർ പൈലോറി തുടങ്ങിയ ചില വൈറസ് അഥവാ ബാക്ടീരിയൽ അണുബാധകൾ രോഗ സാധ്യത വർധിപ്പിക്കുന്നു.
ജനിതക ഘടകം: കുടുംബത്തിൽ ലിംഫോമ ചരിത്രമുള്ളവർക്ക് രോഗസാധ്യത താരതമ്യേന കൂടുതലാണ്.
ടാർഗെറ്റഡ് തെറാപ്പി: ലിംഫോമ ചികിത്സയിലെ വഴിത്തിരിവ്
പരമ്പരാഗതമായി കീമോതെറാപ്പിയും റേഡിയേഷനുമാണ് ലിംഫോമ ചികിത്സയ്ക്ക് പ്രധാനമായി ഉപയോഗിച്ചിരുന്നത്. എന്നാൽ കീമോതെറാപ്പി അർബുദ കോശങ്ങൾക്കൊപ്പം ആരോഗ്യമുള്ള കോശങ്ങളെയും നശിപ്പിക്കാറുണ്ട്. ഇവിടെയാണ് ടാർഗെറ്റഡ് തെറാപ്പിയുടെ (Targeted Therapy) പ്രാധാന്യം.
കൃത്യമായി മരുന്നുകൾ അർബുദ കോശങ്ങളിലെ പ്രത്യേക പ്രോട്ടീനുകളെയും ജീനുകളെയും മാത്രം തിരിച്ചറിഞ്ഞ് നശിപ്പിക്കുന്നു.
കുറഞ്ഞ പാർശ്വഫലങ്ങൾ: ആരോഗ്യകരമായ കോശങ്ങളെ ബാധിക്കാത്തതിനാൽ സാധാരണ കീമോതെറാപ്പിയെ അപേക്ഷിച്ച് പാർശ്വഫലങ്ങൾ വളരെ കുറവാണ്.
മോണോക്ലോണൽ ആന്റിബോഡികളും സി.എ.ആർ-ടി സെൽ തെറാപ്പിയും: ലബോറട്ടറിയിൽ വികസിപ്പിച്ചെടുക്കുന്ന ആന്റിബോഡികളും, രോഗിയുടെ സ്വന്തം പ്രതിരോധ കോശങ്ങളെ ജനിതകമാറ്റം വരുത്തി കാൻസറിനെതിരെ പോരാടാൻ സജ്ജമാക്കുന്ന സി.എ.ആർ-ടി സെൽ തെറാപ്പിയുമെല്ലാം ലിംഫോമ ചികിത്സയിൽ വലിയ വിപ്ലവമാണ് സൃഷ്ടിക്കുന്നത്.
നേരത്തെയുള്ള രോഗനിർണയം പ്രധാനം
ലിംഫോമ തുടക്കത്തിലേ കണ്ടെത്തിയാൽ പൂർണ്ണമായി ഭേദമാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. സംശയകരമായ വീക്കങ്ങളോ മറ്റ് ലക്ഷണങ്ങളോ കണ്ടാൽ ഉടൻ തന്നെ ഒരു ഹെമറ്റോളജിസ്റ്റിനെയോ ഓങ്കോളജിസ്റ്റിനെയോ സമീപിച്ച് ലിംഫ് നോഡ് ബയോപ്സി (Biopsy), പെറ്റ് സ്കാൻ (PET-CT Scan) തുടങ്ങിയ പരിശോധനകൾ ചെയ്യേണ്ടതാണ്.
കഴുത്തിലോ കക്ഷത്തിലോ ഉണ്ടാകുന്ന വേദനയില്ലാത്ത വീക്കങ്ങൾ സാധാരണ അണുബാധയാണെന്ന് കരുതി നിസ്സാരമാക്കരുത്. രണ്ടാഴ്ചയിൽ കൂടുതൽ ഇത്തരം വീക്കങ്ങളോ രാത്രിയിലെ വിയർപ്പോ നീണ്ടുനിന്നാൽ ഉടൻ വിദഗ്ദ്ധ പരിശോധന നടത്തുക. പോഷകസമ്പന്നമായ ഭക്ഷണം, സ്ഥിരമായ വ്യായാമം, പുകവലിയും മദ്യപാനവും പൂർണ്ണമായി ഒഴിവാക്കൽ എന്നിവ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.
തയ്യാറാക്കിയത്.
Dr. Sudeep V
Clinical Hematologist, Hemato – Oncologist & Bone Marrow Transplant Physician
Aster MIMS Kozhikode
Discover how targeted therapy is revolutionizing lymphoma cancer treatment, offering new hope, improved survival rates, and better outcomes for patients.


