തിരുവനന്തപുരം: കോഴിമുട്ടയ്ക്ക് 4000 രൂപയും കോഴിക്കുഞ്ഞിന് 6500 രൂപയും! അക്ഷരത്തെറ്റോ തമാശയോ അല്ല, സംഗതി അത്രയും സത്യമാണ്. ലോകത്തിലെ ഏറ്റവും അപൂർവമായ കോഴിവംശങ്ങളിലൊന്നായ ‘അയാം സെമാനി’ (Ayam Cemani) ഇനത്തിന്റെ പ്രത്യേകതകളാണ് ഇവയെ വിപണിയിൽ അതിരുകടന്ന വിലയുള്ളവയാക്കുന്നത്.
ഇൻഡോനേഷ്യയാണ് ഈ അപൂർവ കോഴികളുടെ ജന്മനാട്. ശരീരത്തിന് പുറമെ ഉള്ളിലെ അവയവങ്ങളും എല്ലുകളും വരെ കട്ടക്കറുപ്പു നിറത്തിലുള്ളതാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. ഇൻഡോനേഷ്യൻ ഭാഷയിൽ ‘അയാം’ എന്നാൽ കോഴിയും ‘സെമാനി’ എന്നാൽ പൂർണമായും കറുത്തത് എന്നുമാണ് അർത്ഥം. ശരീരകോശങ്ങളിൽ കൂടിയ അളവിൽ മെലാനിൻ പിഗ്മെൻ്റ് അടിഞ്ഞുകൂടുന്ന ‘ഫൈബ്രോമെലനോയിസ്’ (Fibromelanosis) എന്ന ജനിതക അവസ്ഥയാണ് ഈ കറുപ്പ് നിറത്തിന് കാരണം.
പ്രത്യേകതകൾ പലത്:
മുട്ടയുടെ നിറം:
കോഴിയുടെ ശരീരം ടാറിനേക്കാൾ കറുത്തതാണെങ്കിലും, ഇവയുടെ മുട്ടയുടെ നിറം സാധാരണ കോഴികളുടേതുപോലെ ക്രീം നിറത്തിലോ നേരിയ പിങ്കുകലർന്ന തവിട്ടുനിറത്തിലോ ആണ് കാണപ്പെടുന്നത്.
ഉത്പാദനം കുറവ്:
ഒരു മുട്ടയ്ക്ക് ശരാശരി 45 ഗ്രാം ഭാരമുണ്ടാകും. എന്നാൽ വർഷത്തിൽ 60 മുതൽ 80 മുട്ടകൾ മാത്രമാണ് ഇവ ഇടുന്നത്. വളർച്ച വളരെ സാവധാനത്തിലായതും ഉത്പാദനം കുറയാൻ കാരണമാകുന്നു.
കോഴികളുടെ ലോകത്തെ ലംബോർഗിനി:
വൻ വിലയും അപൂർവതകളും കാരണം ഇവ ‘ലംബോർഗിനി കോഴി’ എന്നാണ് അറിയപ്പെടുന്നത്.
ഇൻഡോനേഷ്യക്കാർ ഈ കോഴികൾക്ക് പ്രത്യേക നിഗൂഢ ഗുണങ്ങളുണ്ടെന്ന് വിശ്വസിക്കുന്നുണ്ട്. വംശശുദ്ധിയുള്ള ഒരു അയാം സെമാനി കോഴിക്കുഞ്ഞിനെ വാങ്ങാൻ 6500 രൂപയ്ക്കുമുകളിൽ നൽകേണ്ടിവരും. ജന്മനാട്ടിൽ അല്ലാത്ത മറ്റു രാജ്യങ്ങളിൽ ഇവയെ വളർത്തുന്നതും പ്രജനനം നടത്തുന്നതും കാലാവസ്ഥാ വ്യതിയാനം കാരണം വളരെ ബുദ്ധിമുട്ടാണ്. ഇതും ഈ കോഴികളുടെ ഉയർന്ന വിലയ്ക്ക് ആക്കം കൂട്ടുന്നു.


