രാജ്യത്ത് ഉയരുന്ന ചെറുത്തുനില്പ്പുകളെയും വിയോജിപ്പുകളെയും അധികാരമുപയോഗിച്ച് അടിച്ചമര്ത്തുന്ന കേന്ദ്ര സര്ക്കാര് നടപടിയില് പുതിയ ഇരയായി മാറിയിരിക്കുകയാണ് യുവാക്കളുടെ ട്രെന്ഡിംഗ് കൂട്ടായ്മയായ ‘കോക്ക്‌റോച്ച് ജനതാ പാര്ട്ടി’ (ഇഖജ). ഇന്സ്റ്റഗ്രാമില് ഭരണകക്ഷിയായ ബിജെപിയുടെ ഔദ്യോഗിക അക്കൗണ്ടിനേക്കാള് കൂടുതല് ഫോളോവേഴ്സിനെ നേടി കുതിപ്പ് തുടരുന്നതിനിടയിലാണ് പാര്ട്ടിയുടെ എക്സ് (ട്വിറ്റര്) അക്കൗണ്ടിന് കേന്ദ്ര സര്ക്കാര് ഇന്ത്യയില് വിലക്കേര്പ്പെടുത്തിയത്. ‘നിയമപരമായ ആവശ്യപ്രകാരം’ അക്കൗണ്ട് ഇന്ത്യയില് തടഞ്ഞുവെച്ചിരിക്കുന്നു എന്നാണ് എക്സ് അധികൃതര് വ്യക്തമാക്കുന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടതിനും, നീറ്റ് പരീക്ഷാ വിവാദത്തില് വിദ്യാര്ത്ഥികള്ക്ക് അനുകൂലമായി നിലപാടെടുത്തതിനുമാണോ ഈ വിലക്കെന്ന് പാര്ട്ടിയുടെ സ്ഥാപകന് അഭിജീത് ദിപ്‌കെ ചോദിച്ചു. ഭരണകൂടം തങ്ങളെ ഇത്രയധികം ഭയപ്പെടുന്നുണ്ടോ എന്നും അദ്ദേഹം ഇന്സ്റ്റഗ്രാമിലൂടെ പരിഹസിച്ചു.
എക്സ് അക്കൗണ്ട് പൂട്ടിച്ച് വായടപ്പിക്കാന് നോക്കിയ കേന്ദ്ര സര്ക്കാര് നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് ഇന്സ്റ്റഗ്രാമിലൂടെ പാര്ട്ടി പ്രതികരിച്ചത്. ഇന്ത്യയെ ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം’ എന്ന് പരിഹസിച്ചുകൊണ്ട്, വിയോജിക്കുന്നവരുടെ ശബ്ദം ഇല്ലാതാക്കുന്ന ഫാസിസ്റ്റ് ശൈലിയെ അവര് രൂക്ഷമായി വിമര്ശിച്ചു.
തൊഴിലില്ലാത്ത യുവാക്കളെ ‘പാറ്റകള്‘ എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധിക്ഷേപിച്ചതിനെതിരെ ഉയര്ന്ന പരിഹാസ പ്രതികരണമെന്നോണമാണ് മേയ് 16-ന് ഈ ഡിജിറ്റല് പാര്ട്ടി രൂപീകൃതമായത്. എന്നാല് വെറും 5 ദിവസത്തിനുള്ളില് 1.3 കോടിയിലധികം ഫോളോവേഴ്സുമായി ഇന്സ്റ്റഗ്രാമില് ബിജെപിയെപ്പോലും (8.8 മില്യണ്) പിന്നിലാക്കാന് ഈ ജനകീയ കൂട്ടായ്മയ്ക്ക് സാധിച്ചു.
‘ഭരണകൂടത്തിന്റേത് ഒരു സെല്ഫ് ഗോളാണ്. ഇത് പ്രതീക്ഷിച്ചതായിരുന്നു. യുവാക്കളുടെ ചോദ്യങ്ങള്ക്ക് മുന്നില് മറുപടിയില്ലാതെ വരുമ്പോള് അക്കൗണ്ടുകള് ബ്ലോക്ക് ചെയ്യുന്നത് കേന്ദ്രത്തിന്റെ സ്ഥിരം രീതിയാണ്.’ അഭിജീത് ദിപ്‌കെ പറഞ്ഞു.
ജനാധിപത്യ മൂല്യങ്ങളെ കാറ്റില്പ്പറത്തിക്കൊണ്ട് സ്വതന്ത്ര ശബ്ദങ്ങളെ അടിച്ചമര്ത്തുന്ന കേന്ദ്ര നയങ്ങള്ക്കെതിരെയുള്ള യുവതലമുറയുടെ വലിയൊരു വികാരമായി ‘കോക്ക്‌റോച്ച് ജനതാ പാര്ട്ടി’ മാറിയിരിക്കുകയാണ്. തങ്ങളെ അടിച്ചമര്ത്താന് നോക്കുന്ന കേന്ദ്ര സര്ക്കാരിന്റെ ഫാസിസ്റ്റ് രീതികള്ക്കെതിരെ സോഷ്യല് മീഡിയയിലൂടെ കൂടുതല് ശക്തമായി മുന്നോട്ട് പോകുമെന്നാണ് പാര്ട്ടി അണികള് നല്കുന്ന മുന്നറിയിപ്പ്. മഹുവ മൊയ്ത്ര ഉള്പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും ഈ ജനകീയ മുന്നേറ്റത്തിന് ഇതിനോടകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments


