കൊച്ചി: ഫോർട്ട് കൊച്ചിയെയും കേരളത്തെയും ലക്ഷ്യമിട്ട് ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർ പങ്കുവെച്ച മുസ്ലിം വിരുദ്ധ വിദ്വേഷ വീഡിയോയ്ക്ക് താഴെ ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ ‘സാഡ് റിയാലിറ്റി’ എന്ന് കമന്റ് ചെയ്ത സംഭവത്തിൽ ചർച്ചകൾ ചൂടുപിടിക്കുന്നു
ദിയയുടെ പരാമർശത്തിനെതിരെ ശക്തമായ മറുപടിയുമായി യാത്രികനും ഇൻഫ്ലുവൻസറുമായ മാഹീൻ രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് മാഹീൻ തന്റെ പ്രതികരണം പങ്കുവെച്ചത്.
കേരളത്തിലെ സ്വകാര്യ ബസുകളിൽ ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം മതങ്ങളെ പ്രതിനിധീകരിച്ച് നൽകിയിട്ടുള്ള ദൈവങ്ങളുടെയും പ്രമുഖ വ്യക്തികളുടെയും ചിത്രങ്ങൾ അടങ്ങിയ സ്റ്റിക്കറുകൾ പങ്കുവെച്ചുകൊണ്ടാണ് മാഹീൻ മറുപടി നൽകിയത്.
“അതെ, ഇതൊരു ദുഃഖകരമായ യാഥാർത്ഥ്യമാണ് (Yes, this is a sad reality). നമ്മൾ സമാധാനത്തോടെയും ഐക്യത്തോടെയും ജീവിക്കുന്നത് അംഗീകരിക്കാൻ ചിലർക്ക് കഴിയുന്നില്ല എന്നത് ഏറെ ദുഃഖകരമാണ്.
നമ്മൾ പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും ഒരുമിച്ച് ജീവിക്കുന്ന രീതി മറ്റുള്ളവർക്ക് പ്രചോദനമാകേണ്ടതാണ്, അല്ലാതെ അവരെ അസ്വസ്ഥരാക്കേണ്ട ഒന്നല്ല” എന്നാണ് മാഹീൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
‘ദിയ കൃഷ്ണ’ എന്ന ഹാഷ്ടാഗോടെ പങ്കുവെച്ച ഈ കുറിപ്പിനെ പിന്തുണച്ചും എതിർത്തും നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്.
വിവാദത്തിന്റെ പശ്ചാത്തലം:
‘ലിറ്റിചോക്കപ്പ്’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഫോർട്ട് കൊച്ചിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ വിവാദ വീഡിയോ പുറത്തുവന്നത്.
ഫോർട്ട് കൊച്ചി നിറയെ മുസ്ലിങ്ങളാണെന്നും കേരളം അപകടത്തിലാണെന്നും കേന്ദ്ര സർക്കാർ ഉടൻ ഇടപെടണമെന്നുമാണ് വീഡിയോയിലെ പ്രധാന ആക്ഷേപം.
താൻ നിലവിൽ ഫോർട്ട് കൊച്ചിയിലാണ് താമസിക്കുന്നതെന്നും ഈ വീഡിയോയ്ക്ക് ശേഷം തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം കേരള സർക്കാരിനായിരിക്കും എന്നും ഇൻഫ്ളുവൻസർ വീഡിയോയിലൂടെ ഭയം പ്രകടിപ്പിച്ചിരുന്നു.
ഈ വീഡിയോയ്ക്ക് താഴെയാണ് ദിയ കൃഷ്ണ ‘സാഡ് റിയാലിറ്റി’ എന്ന് കമന്റ് ചെയ്തത്.
വിശദീകരണവുമായി ദിയ കൃഷ്ണ:
എന്നാൽ കമന്റ് വലിയ വിവാദമായതോടെ വിശദീകരണവുമായി ദിയ കൃഷ്ണ രംഗത്തെത്തിയിരുന്നു. വീഡിയോയുടെ ആദ്യഭാഗം മാത്രം കണ്ട്, കഫേയിൽ മഹാത്മാഗാന്ധിയുടെ ചിത്രത്തോടൊപ്പം ജിന്നയുടെ ചിത്രം വെച്ചതിനെക്കുറിച്ചാണ് താൻ ആ കമന്റ് ഇട്ടതെന്നും, മുസ്ലിങ്ങളെക്കുറിച്ച് പിന്നീട് പറഞ്ഞ കാര്യങ്ങൾ താൻ ശ്രദ്ധിച്ചിരുന്നില്ലെന്നുമാണ് ദിയയുടെ വാദം.
വീഡിയോ മുഴുവനായി കാണാതെ പകുതി കണ്ട് പ്രതികരിച്ചത് തന്റെ തെറ്റാണെന്നും അതിൽ മാപ്പ് ചോദിക്കുന്നതായും അവർ പറഞ്ഞു.
എന്നാൽ, കേരളത്തിൽ ഹിന്ദു-മുസ്ലിം സംഘർഷമുണ്ടായാൽ അതിന്റെ നടുക്ക് താനോ അച്ഛനോ ഉണ്ടാകുമെന്നും, ഇന്ത്യയിലെ ഒരു പുരാതന നഗരത്തിന്റെ പേരുള്ള കഫേയിൽ പാകിസ്ഥാൻ സ്ഥാപകനായ ജിന്നയുടെ ഫോട്ടോ വെച്ചതിനെ ചോദ്യം ചെയ്തതിൽ ഉറച്ചുനിൽക്കുന്നുവെന്നും ദിയ വ്യക്തമാക്കിയിരുന്നു.
തനിക്ക് ഒരു മതത്തോടും വിദ്വേഷമില്ലെന്നും, കൊച്ചിയിൽ വരുമ്പോഴടക്കം ഏറ്റവും കൂടുതൽ തന്നോടൊപ്പം സെൽഫിയെടുക്കുന്നത് മുസ്ലിം പെൺകുട്ടികളാണെന്നും ദിയ കൂട്ടിച്ചേർത്തിരുന്നു.
സമൂഹ മാധ്യമങ്ങളിൽ വലിയ തോതിലുള്ള ചർച്ചകൾക്കും ചേരിതിരിവുകൾക്കുമാണ് ഈ വിവാദം ഇപ്പോൾ വഴിവെച്ചിരിക്കുന്നത്.


