പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി യോഗം, സംസ്ഥാനത്ത് യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇടത് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായ ശക്തമായ ജനവികാരവും യു.ഡി.എഫ് മുന്നോട്ട് വെച്ച പ്രകടന പത്രികയും വിജയത്തിന് വഴിയൊരുക്കുമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍.
ഇടത് മുന്നണിയുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിലുപോലും ഇത്തവണ ശക്തമായ മത്സരം കാഴ്ചവെക്കാനായതായി യോഗത്തില്‍ വിലയിരുത്തി. ജില്ലകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും തെരഞ്ഞെടുപ്പ് അവലോകനവും വിശദമായി അവതരിപ്പിച്ചു.
എല്‍.ഡി.എഫ് എന്തുതരത്തിലുള്ള സഖ്യങ്ങള്‍ ഉണ്ടാക്കിയാലും ഇത്തവണ യു.ഡി.എഫ് വിജയം ഉറപ്പാണെന്ന് യോഗത്തിന് ശേഷം ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനവിധി ഒരേയൊരു വിഭാഗത്തിന്റെ ഏകീകരണമല്ല; ജാതിയെയും മതത്തെയും അതിരുകള്‍ മറികടന്ന് എല്ലാ വിഭാഗം ജനങ്ങളും യു.ഡി.എഫിന് പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയെക്കുറിച്ചുള്ള തീരുമാനം ഫലം വന്നതിന് ശേഷം മാത്രം ഉണ്ടാകുമെന്നും അതുവരെ അത്തരം ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. അപ്രഖ്യാപിത പവര്‍ കട്ട്, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ സംസ്ഥാനത്തിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് യു.ഡി.എഫ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.


