മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്കുമാറിന്റെ രാജിക്കായി രാജ്യം മുഴുവന്‍ കൈകോര്‍ക്കുന്നതിനാണ് ഇന്ത്യ ഇന്നലെ സാക്ഷ്യംവഹിച്ചത്. രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ ഇന്ത്യക്കാരും അണിനിരക്കണമെന്ന ഇന്ത്യാ സഖ്യത്തിന്റെ ആഹ്വാനം ശിരസ്സാ വഹിച്ചു കൊണ്ട് സ്ത്രീകളും, വിദ്യാര്‍ഥികളും, തൊഴിലാളികളും, കര്‍ഷകരും തുടങ്ങി രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഏകദേശം 10 ലക്ഷം പേരാണ് രാംലീല മൈതാനിയിലെ മഹാറാലിയില്‍ പങ്കെടുത്തത്. ഉച്ചയ്ക്ക് 12ന് മിന്റോ റോഡ് കൊണാട്ട് പ്ലേസ് ജങ്ഷനില്‍ നിന്ന് രാംലീല മൈതാനത്തേക്ക് നടന്ന ‘ചലോ ദില്ലി’ മാര്‍ച്ചിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങി ഇന്ത്യ സഖ്യത്തിന്റെ പ്രമുഖ നേതാക്കള്‍ നേതൃത്വം നല്കിയപ്പോള് ആ ബാലവൃദ്ധം അവരുടെ പിന്നില്‍ അണിനിരക്കുകയായിരുന്നു. രാംലീല മൈതാനത്തിന്റെ ശേഷി കണക്കിലെടുത്ത് 50,000 പേരെയാണ് പൊലീസ് പ്രതീക്ഷിച്ചതെങ്കിലും ഏകദേശം 10 ലക്ഷം പേര് അണിനിരന്നുവെന്നാണ് ഇന്ത്യ സഖ്യത്തിന്റെ വിലയിരുത്തല്‍. രാംലീല മൈതാനത്തെ റാലിക്ക് ഡല്‍ഹി പൊലീസ് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കൊണാട്ട് പ്ലേസ് മിന്റോ റോഡ് ഭാഗത്തുനിന്നുള്ള മാര്‍ച്ചിന് പ്രത്യേക അനുമതിയുണ്ടായിരുന്നില്ല. എത്ര അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും കരുത്തോടെ ഒറ്റക്കെട്ടായി ജനാധിപത്യത്തെ സംരക്ഷിക്കാന്‍ തയാറാണെന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് രാജ്യ തലസ്ഥാനത്ത് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ജനത അക്ഷരാര്‍ത്ഥത്തില്‍ വിപ്ലവം തീര്‍ത്തിരിക്കുന്നത്.
വോട്ടര്‍ പട്ടിക അട്ടിമറിച്ചെന്നും ‘സ്പെഷ്യല്‍ ഇന്റന് സീവ് റിവിഷന്‍’ (എസ്.ഐ.ആര്) നടപടികളിലൂടെ 13.2 കോടി വോട്ടര്‍മാരെ വെട്ടിമാറ്റിയെന്നും ആരോപിച്ചാണ് ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷം തെരുവിലിറങ്ങിയിരിക്കുന്നത്. റാലിക്ക് മുമ്പായി കഴിഞ്ഞ ദിവസം എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ പ്രതിപക്ഷം പ്രതീകാത്മക ‘ജനകീയ കുറ്റവിചാരണ’ സംഘടിപ്പിച്ചിരുന്നു. ഫോം ആറ് നിയമ വിരുദ്ധമായി മാറ്റിയെഴുതിയെന്നും ഭരണകക്ഷിയായ ബി.ജെ.പിയുമായി ചേര്‍ന്ന് വോട്ട്കവര്ച്ചയ്ക്ക് ഒത്താശ ചെയ്തെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം തയ്യാറാക്കിയ കുറ്റപത്രം യോഗത്തില്‍ ഐകകണ്ഠേന പാസാക്കിയിരുന്നു. മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാ കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, തിരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്ര ഭരണാധികാരികളുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ വിഷയം ജനകീയ കോടതിയിലേക്ക് എത്തിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.
പ്രതിപക്ഷ ഐക്യത്തിന്റെ വിളംബരമായി മാറിയ മഹാറാലിയില്‍ ഇന്ത്യാസഖ്യത്തിലെ മുഴുവന്‍ നേതാക്കളും അണിനിരക്കുകയും അണികള്‍ ആവേശത്തോടെ ഏറ്റെടുക്കുകയും ചെയ്തത് ഗ്യാനേഷ്കുമാറിന്റെ രാജി ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ലെന്നതിന്റെ ശക്തമായ സന്ദേശമാണ് കേന്ദ്ര സര്‍ക്കാറിന് നല്‍കിയിരിക്കുന്നത്. മമതാ ബാനര്‍ജിയുള്‍പ്പെടെ റാലിയില്‍ സംസാരിച്ച എല്ലാ നേതാക്കളും അനി നിശിതമായ വിമര്‍ശനമാണ് കേന്ദ്ര സര്‍ക്കാറിനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കുമെതിരെ ഉന്നയിച്ചത്. മൗനത്തിന്റെ മഹാമാളത്തില്‍ ഒളിച്ച് ഇനിയും രക്ഷപ്പെടാനാവില്ലെന്നുള്ള സന്ദേശമാണ് ഇരുവര്‍ക്കും ലഭിച്ചിരിക്കുന്നത്. മുന്കൂട്ടിപ്രഖ്യാപിച്ച റാലി പ്രതിഷേധത്തിന്റെ മഹാപ്രവാഹമായി മാറുമെന്നുറപ്പുള്ളതിനാല് ഏതു വിധത്തിലും ഇതിനെ പ്രതിരോധിക്കാനുള്ള പണിപ്പുരയിലായിരുന്നു മോദിയും കൂട്ടരും. വന്‍പൊലീസ് സന്നാഹങ്ങളും കര്ശനനിയന്ത്രണങ്ങളുമെല്ലാമായി ഇന്ത്യാ സഖ്യം പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാനുള്ള കെണികളെല്ലാം അമിത്ഷായുടെ കുരുട്ട് ബുദ്ധിയില്‍ ഒരുങ്ങിയെങ്കിലും, അതൊന്നും വിലപ്പോയില്ല. ദീപാവലിയുടെ പശ്ചാത്തലത്തില്‍ റാലിനിര്ത്തിവെക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തെപ്പോലും രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കി മാറ്റിയ സര്‍ക്കാറും ബി.ജെ.പിയും കൂടുതല്‍ ഒറ്റപ്പെടുന്ന കാഴ്ച്ചയായിരുന്നു പിന്നീട് കണ്ടത്. പ്രധാനമന്ത്രി വിചാരിച്ചാല്‍ നിമിഷങ്ങള്‍ക്കൊണ്ട് റാലി അവസാനിപ്പിക്കാവുന്നതേയുള്ളു എന്ന മറുപടിയിലൂടെ ബി.ജെ.പിയുടെ രാഷ്ട്രീയ താല്പര്യങ്ങളെ മുളയിലേ നുള്ളിക്കളഞ്ഞ രാഹുല്‍ ഗാന്ധി, വ്യാപാരികളോട് എന്തെങ്കിലുമൊക്കെ വാങ്ങണമെന്ന് സമരക്കാരോട് ആഹ്വാനം ചെയ്തതിലൂടെ അവരുടെ കൈയ്യടിയും നേടുകയുമുണ്ടായി.
ഏറ്റവുമൊടുവില്‍ റാലിയുടെ രാഷ്ട്രീയ പ്രാധാന്യം കുറയ്ക്കാനും പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനും 1984 ലെ സിഖ് വിരുദ്ധ കലാപം ഉയര്‍ത്തിക്കാട്ടിയാണ് ബി.ജെ.പി ശ്രമം നടത്തിയത്. സിഖ് വിരുദ്ധ കലാപ ദിനത്തില്‍ തന്നെ റാലി നടത്തുന്നത് ചൂണ്ടിക്കാട്ടി അവര്‍ പ്രതിഷേധ മാര്‍ച്ചും നടത്തുകയുണ്ടായി. ബി.ജെ.പിയുടെ ഈ വെപ്രാളവും വിഭ്രാന്തിയും സൂചിപ്പിക്കുന്നത് അവരുടെ പ്രതിസന്ധിയുടെ ആഴമാണ്. അതിശക്തമായ പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോ ബി.ജെ.പിക്കോ മുന്നില്‍ ഒരു പോം വഴിയുമില്ലന്നതാണ് വസ്തുത. എന്നാല്‍ പ്രതിപക്ഷമാകട്ടേ തങ്ങളുടെ പ്രതിഷേധം നാള്ക്കുമാള് കടുപ്പിച്ചു കൊണ്ടിരിക്കുകയുമാണ്. ഗ്യാനേഷ്കുമാറിന്റെ രാജിയല്ലാതെ ഇനി പരിഹരമില്ലെന്ന വസ്തുത ഉള്‍ക്കൊള്ളാന്‍ ഇനിയും എത്രനാള്‍ വേണ്ടിവരുമെന്ന ചോദ്യം മാത്രമേ അവരുടെ മുന്നില്‍ അവശേഷിക്കുന്നുള്ളൂ.


