കൊച്ചി: ഒരു ദിവസത്തിന്റെ മുഴുവൻ മൂഡിനെയും ഊർജത്തെയും നിയന്ത്രിക്കുന്നത് പ്രഭാതഭക്ഷണമാണ്. രാവിലെ എന്ത് കഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അന്നേദിവസത്തെ നമ്മുടെ ഉന്മേഷം.
എന്നാൽ വയർ നിറയെ കഴിച്ചാലും പലപ്പോഴും സുഖകരമല്ലാത്ത അവസ്ഥയിലൂടെ കടന്നുപോകാറില്ലേ? വയർ നിറയെ കഴിക്കുന്നതിലല്ല, എന്താണ് കഴിച്ചത് എന്നതിലാണ് കാര്യമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
ശരീരത്തെ ആകമാനം ക്ഷീണാവസ്ഥയിലേക്ക് തള്ളിവിടാൻ സാധ്യതയുള്ള, രാവിലെ വെറും വയറ്റിൽ ഒഴിവാക്കേണ്ട 5 പ്രധാന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
- മധുരം കൂടുതലുള്ള ഭക്ഷണങ്ങൾ
മധുരം പരമാവധി ഒഴിവാക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. മധുരം കൂടുതലുള്ള പാക്കറ്റ് ഉൽപന്നങ്ങൾ നിർബന്ധമായും ഒഴിവാക്കണം. ഇവയിൽ നാരുകൾ വളരെ കുറവും പഞ്ചസാര വളരെ കൂടുതലുമാണ്. വെറും വയറ്റിൽ ഇവ കഴിക്കുന്നത് ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഷുഗറും കഫീനും അടങ്ങിയ പാനീയങ്ങളും പ്രഭാതഭക്ഷണത്തിന് നല്ലതല്ല. പകരം ഓട്സ്, നട്സ് തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം.
- അമിതമായി എരിവുള്ള ആഹാരം
വയർ കാലിയായിരിക്കുമ്പോൾ എരിവ് ചെല്ലുന്നത് വയറിനും ആരോഗ്യത്തിനും ഒരുപോലെ ദോഷകരമാണ്. അതിനാൽ വെറും വയറ്റിലും പ്രഭാതഭക്ഷണമായും എരിവ് അടങ്ങിയ സാധനങ്ങൾ ഒഴിവാക്കണം.
മുളക് കൂടിയ കറികളും അച്ചാറുകളുമാണ് പ്രധാന വില്ലന്മാർ. വയറ്റിലെ അസഹ്യമായ വേദന, നെഞ്ചെരിച്ചിൽ, അസിഡിറ്റി എന്നിവയ്ക്ക് പലപ്പോഴും ഇവ കാരണമാകാറുണ്ട്. അമിതമായാൽ വയറിളക്കത്തിനും ഛർദ്ദിക്കും ഇത് ഇടയാക്കും.
- ബേക്കറി പലഹാരങ്ങൾ
ഫാസ്റ്റ് ഫുഡ് സംസ്കാരം വളർന്നതോടെ ബേക്കറി പലഹാരങ്ങൾക്ക് ജനപ്രീതി ഏറെയാണ്. കേക്ക്, ഡോണട്ട്, ക്രീം ബൺ, പേസ്ട്രി എന്നിവയാണ് ഇന്ന് പലരുടെയും ഇഷ്ട പ്രഭാതഭക്ഷണം.
എന്നാൽ പഞ്ചസാരയും മൈദയും കൂടുതലടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പെട്ടെന്ന് വ്യത്യാസമുണ്ടാക്കുകയും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുകയും ചെയ്യും.
- തൈര്
തൈരടങ്ങിയ ഭക്ഷണങ്ങൾ രാവിലെ ഒഴിവാക്കുന്നതാണ് നല്ലത്. വെജ് സാലഡിൽ തൈര് ചേർത്ത് കഴിക്കുന്ന ശീലം പലർക്കുമുണ്ട്.
എന്നാൽ പ്രോബയോട്ടിക് അടങ്ങിയ തൈര് രാവിലെ വെറും വയറ്റിലെത്തിയാൽ കുടലിലെ ശരീരത്തിന് ഗുണം ചെയ്യുന്ന ചില ബാക്ടീരിയകൾ നശിക്കുന്നതിന് കാരണമാകും. മാത്രമല്ല, ഇത് മലബന്ധത്തിലേക്കും അസിഡിറ്റിയിലേക്കും നയിച്ചേക്കാം.
- സിട്രസ് പഴങ്ങൾ (പുളിപ്പുള്ള ഫ്രൂട്ട്സ്)
രാവിലെ ആരോഗ്യത്തിന് നല്ലതാണെന്ന് കരുതി ഫ്രൂട്ട്സ് കഴിക്കുന്നവരുണ്ട്. എന്നാൽ നാരങ്ങ, ഓറഞ്ച് എന്നിവയുൾപ്പെടെയുള്ള സിട്രസ് പഴങ്ങൾ രാവിലെ ഒഴിവാക്കണം. ഇവയിൽ ധാരാളം സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്.
വെറും വയറ്റിലേക്ക് ഇവയെത്തുമ്പോൾ ആമാശയത്തിലെ ആസിഡിന്റെ ഉത്പാദനം വർധിക്കുകയും വയറുവേദന, മലബന്ധം, അസിഡിറ്റി തുടങ്ങിയ പാർശ്വഫലങ്ങൾക്ക് കാരണമാവുകയും ചെയ്യും.


