ടെഹ്റാന്: ആണവായുധങ്ങള്‍ നിര്‍മിക്കണമെന്ന് ഇറാനില്‍ ആവശ്യം ശക്തമാകുന്നതായി പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി വക്താവ് ഹസ്സന് ഘഷ്ഘവി. ഇറാന്റെ പുതിയ പരമാധികാരിക്ക് ആണവായുധങ്ങളെക്കുറിച്ച് തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരമുണ്ടെന്നും അതില്‍ ആര്‍ക്കും തടസ്സം നില്‍ക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആണവ ബോംബ് സ്വന്തമാക്കണമെന്ന ആവശ്യത്തിന് ജനങ്ങള്‍ക്കിടയിലും ഉദ്യോഗസ്ഥതലത്തിലും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഈ വിഷയത്തിലുള്ള അനുകൂല നിലപാടുകള്‍ ഗണ്യമായി വര്‍ധിച്ചു.
ഭാവിയില്‍ അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭാഗത്തുനിന്നുണ്ടാകാനിടയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി രാജ്യം ആണവായുധങ്ങള്‍ സ്വന്തമാക്കണം. യുറേനിയം സമ്പുഷ്ടീകരണ പരിപാടി ആയുധമാക്കണമെന്നും, ആണവ വ്യാപന നിരോധന കരാറില്‍ (എന്‍പിടി) നിന്ന് പിന്മാറണമെന്നുമാണ് ആവശ്യം ഉയരുന്നത്.
തുടര്‍ച്ചയായ ആക്രമണങ്ങളെ തടയുന്നതിലും നയതന്ത്ര ചര്‍ച്ചകള്‍ നടത്തുന്നതിലും പരാജയപ്പെട്ടുവെന്നാണ് ഇറാനിലെ ഒരു വിഭാഗത്തിന്റെ നിലപാട്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ആണവായുധ നിര്‍മ്മാണത്തിലേക്ക് കടക്കേണ്ട സമയം അതിക്രമിച്ചതായി ഇവര്‍ തുറന്നുപറയുന്നുവെന്നും ഹസ്സന് ഘഷ്ഘവി വ്യക്തമാക്കി.


