-ഷഹബാസ് വെള്ളില –
കൊൽക്കത്ത: പ്രമുഖരായ പല വിദേശ കോച്ചുമാരും ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകരാവാൻ താല്പര്യം പ്രകടിപ്പിച്ചു മുന്നോട്ട് വന്നെങ്കിലും ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇന്ത്യൻ കോച്ച് ആയ ഖാലിദ് ജമീലിനാണ് അവസരം നൽകിയത്.
2025 ഓഗസ്റ്റിലാണ് മുഖ്യ പരിശീലകനായി ചുമതലയേൽക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനാകുന്ന ആദ്യ ഇന്ത്യക്കാരനാണ് ഖാലിദ്.
കുവൈത്തിൽ ജനിച്ച അദ്ദേഹം ഇന്ത്യൻ ഫുട്ബാളിലെ മികച്ച മിഡ്ഫീൽഡറിൽ ഒരാളായിരുന്നു. നിരവധി ക്ലബ്ബുകളെ പരിശീലിപ്പിച്ച അദ്ദേഹം ഐസ്വൾ എഫ്.സിയെ ഐ ലീഗ് ചാമ്പ്യൻമാർ ആക്കിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
പിന്നീട് വമ്പന്മാരായ ഈസ്റ്റ് ബംഗാൾ, മോഹൻബഗാൻ തുടങ്ങിയ ഐ ലീഗ്, ഐ എസ് എൽ ക്ലബ്ബുകളെയും പരിശീലിപ്പിച്ചു.
ഇന്ത്യൻ ഫുട്ബോളിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റ അദ്ദേഹം വലിയ വിജയമാണ് പറയാൻ ആയിട്ടില്ലെങ്കിലും അദേഹത്തിന്റെ മനോഭാവം ഇന്ത്യൻ ഫുട്ബോളിൽ ക്ലിക്ക് ആവും എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
പ്രദേശികമായി നിരവധി ക്ലബ്ബുകളെ പരിശീലിപ്പിച്ച മുൻ പരിചയം പുതിയ താരങ്ങളെ കണ്ടെത്തുന്നതിൽ അദ്ദേഹത്തിന് തുണയാകുന്നുണ്ട്.
ക്ലബ്ബുകളുമായുള്ള നല്ല ബന്ധം കാരണം ഏത് താരങ്ങളെയും എപ്പോഴും നാഷണൽ ടീമിന് ലഭിക്കുന്നു എന്നതും പോസിറ്റീവ് ആണ്.
മുൻകാലങ്ങളിൽ സീനിയർ താരങ്ങളുടെ ക്വാട്ടകളിൽ ടീമിൽ കയറിപ്പറ്റുന്ന ചില താരങ്ങൾ ഉണ്ടായിരുന്നു.എന്നാൽ ഈ പ്രവണതക്ക് ഒക്കെ തന്നെ മാറ്റം വന്നു. പരിക്കാനെങ്കിലും ഫോം ഔട്ടാണെങ്കിലും ടീമിൽ പ്രത്യേക പരിഗണനയോടെ തുടരുന്ന രീതി മറി.
സൗത്ത്നോ, നൊർത്ത് വേർതിരിവില്ലാതെ റെക്കമെന്റുകൾ ഇല്ലാതെ പ്രകടനം മാത്രം അടിസ്ഥാനമാക്കി ടീമിനെ സെറ്റ് ചെയ്യാനായി എന്നത് ഖാലിദ് ജമീൽ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റമായി തന്നെ കാണാം. പെട്ടന്നില്ലെങ്കിലും വരും ദിവസങ്ങളിൽ ഇതിന്റെ ഗുണം കണ്ടു തുടങ്ങും. അതിന്റെ മിന്നലാട്ടങ്ങളാണ് കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ കണ്ടത്.
ആകെ 12 മത്സരങ്ങളാണ് ഖാലിദ് ജമീലിന് കീഴിൽ ഇന്ത്യ ഇറങ്ങിയത്. ഇതിൽ രണ്ട് വിജയങ്ങൾ മാത്രമായിരുന്നു സമ്പാദ്യമെങ്കിലും മാറ്റം പ്രകടമാണ്.
അദ്ദേഹത്തിന്റെ ആദ്യ ദൗത്യമായിരുന്ന കാഫാ നേഷൻസ് കപ്പിൽ തജിക്കിസ്ഥാനെ തോൽപ്പിക്കുകയും അഫ്ഗാനിസ്ഥാനോട് സമനില വഴങ്ങുകയും ഒമാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോല്പിക്കുകയും ചെയ്ത ടീം മൂന്നാം സ്ഥാനം നേടി.
പ്രതിരോധത്തിന് ഊന്നൽ നൽകിക്കൊണ്ട് രണ്ട് ഡിഫൻസീവ് മിഡ്ഫീൽഡർമാരെ അണിനിരത്തുകയും, വിങ്ങർമാരിലൂടെയും ഒരു അറ്റാക്കിങ് മിഡ്ഫീൽഡറിലൂടെയും മുന്നേറ്റനിരക്കാരന് പന്തെത്തിക്കുകയും ചെയ്യുന്നതാണ് ശൈലി.
ഇത് ഇന്ത്യൻ കളിക്കാർക്ക് നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന ശൈലിയാണ്.
മുൻ കോച്ചുമാരിൽ നിന്ന് വ്യത്യസ്തമായി ആഭ്യന്തര ഫുട്ബോളിലെ പ്രതിഭകളെ കൃത്യമായി അറിയാവുന്ന ഖാലിദ് ജമീൽ നിരവധി യുവതാരങ്ങൾക്ക് ദേശീയ ടീമിലേക്ക് വഴിതുറന്നു.
മലയാളി താരം മുഹമ്മദ് സനാൻ മികച്ച ഉദാഹരണമാണ്. ശക്തരായ ടീമുകൾക്കെതിരെ കളിക്കുമ്പോഴും അനാവശ്യമായി സമ്മർദ്ദത്തിന് കീഴ്പ്പെടാതെ പോരാടാനുള്ള മാനസികാവസ്ഥ അദ്ദേഹം കളിക്കാരിൽ വളർത്തിയെടുത്തു എന്നതിന് ഉദാഹരണമാണ് ബ്രസീൽ, യുറുഗ്വായ്, പനാമ ടീമുകൾക്കെതിരെയുള്ള പ്രകടനം.
ഇന്ത്യൻ ടീമിന്റെ നിലവാരം ഉയർത്താൻ ഉയർന്ന റാങ്കിംഗിലുള്ള വമ്പൻ ടീമുകളുമായി കൂടുതൽ മത്സരങ്ങൾ കളിക്കണമെന്നതാണ് അദേഹത്തിന്റെ നിലപാട്.
കളിക്കാരിൽ നല്ല ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാൻ കുറഞ്ഞ കാലം കൊണ്ട് തന്നെ കഴിഞ്ഞു എന്നതാണ് ഖാലിദ് ജമീൽ ‘ക്ലിക്ക്’ ആയി എന്ന് പറയാനുള്ള പ്രധാന കാരണം. ഈ തീ അണയാതെ സൂക്ഷിച്ചാൽ കത്തിപ്പടരാം.
പനാമ-ബ്രസീൽ-യുറുഗ്വായ്
ഏഷ്യൻ ഗെയിംസിന് പോലും ടീമിനെ വിടുന്നില്ല എന്ന് പറഞ്ഞപ്പോൾ എന്താണ് കോച്ച് ഉദ്ദേശിച്ചതെന്ന് ആർക്കും മനസ്സിലായിരുന്നില്ല. രണ്ട് മാസം ബാംഗ്ലൂരിൽ ടീം കഠിന പരിശീലനം.
ആവിശ്യമുള്ള മുഴുവൻ താരങ്ങളെയും ക്യാമ്പിൽ എത്തിക്കാൻ ക്ലബ്ബുകളുമായി ‘നയതന്ത്രം’. അതിന്റെഫലം എല്ലാവരും കണ്ടത് ബാംഗ്ലൂരിൽ പനാമക്ക് എതിരെ.
ഫിഫ റാങ്കിങ്കിൽ 44 ആം സ്ഥാനത്തുള്ള ലോകക്കപ്പ് കളിച്ച ടീമിനെതിരെ ജയത്തിന് തുല്യമായ സമനില. നിർഭാഗ്യം കൊണ്ടു മാത്രമാണ് ഇന്ത്യക്ക് ജയം അന്യമായത്.
ഓസ്ട്രേലിയൻ പൗരത്വം ഉപേക്ഷിച്ചു ഇന്ത്യക്കാരനായി ടീമിനോപ്പം ചേർന്ന റയാൻ വില്യംസ് ഇന്ത്യക്കായി തന്റെ രണ്ടാം ഗോൾ നേടുമ്പോൾ പനാമക്കെതിരെ ടീം ശരിക്കും ആധിപത്യം നേടിയിരുന്നു.
ഒന്നാം പകുതിയിൽ തന്നെ ഇന്ത്യ ലീഡ് നേടി. എന്നാൽ 68 മിനുറ്റിൽ പനാമ ഒപ്പമെത്തി. നിരവധി മുന്നേറ്റങ്ങൾ കണ്ട മത്സരത്തിൽ ഫിനിഷിങ് പോരായ്മയാണ് ഇന്ത്യക്ക് വിജയം നഷ്ടമാക്കിയത്. ഫിഫ റാങ്കിൽ ആറാം സ്ഥാനത്തുള്ള ബ്രസീൽ ടീമുമായി ഒട്ടും സമ്മർദ്ദം ഇല്ലാതെ കളിക്കാനായി എന്നതാണ് പ്രധാനം.
4 ഗോളിന് തോറ്റെങ്കിലും ഇതിൽ മൂന്ന് ഗോളുകളും ഇന്ത്യക്ക് ഒഴിവാക്കാമായിരുന്നതാണ്. അതോടൊപ്പം തന്നെ ഇന്ത്യൻ മുന്നേറ്റങ്ങളിൽ പലപ്പോഴും മാർക്കിന്യോസ് നയിച്ച ബ്രസീൽ പ്രതിരോധം നിര വിറക്കുന്നതും കണ്ടു.
മാന്യമായ ഒരു ബോൾ പൊസിഷനും സൂക്ഷിക്കാൻ ഇന്ത്യൻ ടീമിനായി. 28 മിനുറ്റ് വരെ വിനിഷ്യസ് നയിച്ച മുന്നേറ്റ നിരയെ പിടിച്ചു കെട്ടാനും ഇന്ത്യക്കായി.
ആദ്യ പകുതി മുഴുവനും കളിച്ച വിനിക്ക് ഗോൾ നേടാണോ മികച്ചൊരു അസ്സിസ്റ്റ് കൊടുക്കാനോ കഴിഞ്ഞില്ല.
ബ്രസീൽ കോച്ച് അൻസലോട്ടിയും ബ്രസീൽ മാധ്യമങ്ങളുമെല്ലാം ഇന്ത്യൻ പോരാട്ട വീര്യത്തെ അഭിനന്തിച്ചിരുന്നു.യുറുഗ്വക്ക് എതിരായ മത്സരവും ഇന്ത്യൻ ഫുട്ബാളിന്റെ ഗുണകരമായ മാറ്റം തെളിയിച്ച മത്സരമായിരുന്നു.
ഫിഫ റാങ്കിങ്കിൽ 20 സ്ഥാനത്തുള്ള ഉറൂഗ്വായിൽ ലോകോത്തര താരങ്ങളാണ് പന്ത് തട്ടിയത്.
ഡാർവിൻ നുനിയസ്, റൊണാൾഡ് ആരാഹോ തുടങ്ങിയ ലോക ഫുട്ബാളിലെ തന്നെ പ്രമുഖർ പന്ത് തട്ടിയ ടീമിനെതിരെയും ഇന്ത്യ പതറിയില്ല. യുറുഗ്വായ് താരങ്ങളുടെ ശാരീരിക ക്ഷമതക്ക് മുന്നിലാണ് പലപ്പോഴും ഇന്ത്യൻ ടീം പതറിയത്.


