എം.സി മായിന്‍ഹാജി / ലുഖ്മാന് മമ്പാട്
1960 ല്‍ രൂപീകരിക്കപ്പെട്ട കേരള സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പതിനാറാമത് ചെയര്‍മാനായി ചുമതലയേറ്റ എം.സി മായിന്‍ ഹാജി, അര നൂറ്റാണ്ടിലേറെയായി മത രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിറ സാനിധ്യമാണ്. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായ എം.സി മായിന്‍ ഹാജി ചന്ദ്രികയുമായി സംസാരിക്കുന്നു
? കേന്ദ്രത്തിന്റെ പുതിയ വഖഫ് നിയമം
/ 1913 ല്‍ ബീജാവാപം ചെയ്യപ്പെട്ട് 1923 മുതല്‍ വഖഫ് സംരക്ഷണവുമായി ബന്ധപ്പെട്ട് നിയമങ്ങളുള്ള രാജ്യമാണ് ഇന്ത്യ. സ്വതന്ത്ര്യത്തിന് ശേഷം 1954 ല്‍ നമ്മുടെ രാജ്യത്ത് വഖഫ് സംരക്ഷത്തിന് കൃത്യമായ നിയമവും ചട്ടവും രൂപീകരിച്ചു. 1960ല്‍ കേരള സംസ്ഥാന വഖഫ് ബോര്‍ഡ്, പി.കെ കുഞ്ഞു സാഹിബ് ചെയര്‍മാനായാണ് നിലവില്‍ വരുന്നത്. കേന്ദ്ര വഖഫ് നിയമത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാന വഖഫ് ബോര്‍ഡുകളുടെ പ്രവര്‍ത്തനം. 2025 ല്‍ മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വേണ്ടത്ര ചര്‍ച്ച പോലും ചെയ്യാതെയും വഖഫിനെ പ്രതിനിധീകരിക്കുന്നവരെ മുഖവിലക്കെടുക്കാതെയും യുനൈറ്റഡ് വഖഫ് മാനേജ്മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി ആന്റ് ഡവലപ്മെന്റ് നിയമം പാസാക്കിയതാണ് വലിയ ആശങ്ക. ഉമീദ് എന്ന് ഓമനപ്പേരിട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരെ രാജ്യത്തെ മുസ്്ലിംകള്‍ മാത്രമല്ല, പ്രബുദ്ധ മതേതര സമൂഹമാകെ പ്രതിഷേധത്തിലാണ്.
? വിഷയം സുപ്രീംകോടതിയുടെ
പരിഗണനയിലാണ്
/ ഏതൊരു പൗരനും സ്ഥാപനങ്ങള്‍ക്കും സംഘടകള്ക്കുമെല്ലാം അവരുടെ സ്വത്തിലുള്ള അവകാശത്തിനൊരു പരിരക്ഷയുണ്ട്. ഉമീദ് വന്നതോടെ രാജ്യത്ത് വഖഫ് സ്വത്ത് മാത്രം തുലാസിലാവുന്ന സ്ഥിതിയാണ്. നൂറ്റാണ്ടുകളായി തുടരുന്ന വഖഫ് സ്വത്തുക്കള്‍ പോലും ജില്ലാ കലക്ടര്‍മാരുടെ മാത്രം പേനത്തുമ്പില്‍ കണ്ടുകെട്ടപ്പെട്ടേക്കാമെന്നതാണ് സ്ഥിതി. വ്യവസ്ഥാപിതമായി വഖഫുകളെ രജിസ്റ്റര്‍ ചെയ്ത് പരിപാലിക്കപ്പെടാത്ത വിവിധ സംസ്ഥാനങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ വഖഫ് സ്വത്തില്‍ കണ്ണുവെക്കുന്ന ദുഷ്ടലാക്കാണ് പുതിയ നിയമ നിര്‍മാണത്തിന്റെ ചേതോവികാരം. കുറഞ്ഞത് രണ്ട് അമുസ്്ലിംകളെയെങ്കിലും വഖഫ് ബോര്‍ഡുകളില്‍ നിയമിക്കണമെന്ന, ദേവസ്വം ബോര്‍ഡുകള്‍ക്കോ ക്ഷേത്ര ട്രസ്റ്റുകള്‍ക്കോ ഒന്നുമില്ലാത്ത അടിച്ചേല്‍പ്പിക്കലിന്റെ ഉദ്ദേശം വഖഫ് സംരക്ഷണത്തെക്കാള്‍ മറ്റെന്തോ അല്ലെ. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. നീതിയുക്തമായ വിധിവരുമെന്ന് തന്നെയാണ് പ്രതീക്ഷ.
? പിണറായി യു.ഡി.എഫിനെ
പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു
/ അമുസ്ലിം അംഗങ്ങളെ വഖഫില്‍ വെക്കുന്നതിനും ദേവസ്വം ബോര്‍ഡില്‍ മുസ്ലിംകളെ വെക്കുന്നതിനും മുസ്ലിംലീഗും യു.ഡി.എഫും എതിരാണ്. അവരവരുടെ വിശ്വാസ ആചാരം സംരക്ഷിക്കപ്പെടണമെന്നും അത്തരം ബോഡികളില്‍ ആ സമുദായത്തിലെ വിശ്വാസികള്‍ വേണമെന്നുമാണ് നിലപാട്. കേരള വഖഫ് ബോര്‍ഡില്‍ അമുസ്ലിം ജീവനക്കാരെ നിര്‍ബന്ധമാക്കാനുള്ള നീക്കം പിണറായി സര്‍ക്കാര്‍ നടത്തിയപ്പോള്‍ ജനലക്ഷങ്ങളെ അണിനിരത്തി മുസ്ലിം ലീഗ് നടത്തിയ പ്രക്ഷോഭം ചരിത്രമാണ്. വഖഫ് ബോര്‍ഡിലേക്ക് മുസ്ലിം ഇതരരെ അടിച്ചേല്പ്പാക്കാന് ബി.ജെ.പിക്ക് വഴികാണിച്ച സി.പി.എമ്മും പിണറായി സര്‍ക്കാറും ഇപ്പോള്‍ മലര്‍ന്നുകിടന്ന് തുപ്പുകയാണ്. നിയമവും ചട്ടവും പാലിക്കാതെ യോഗ്യതയില്ലാത്തവരെ വെച്ച് ഭരണം തീരാന്‍ സമയം പിണറായി സര്‍ക്കാര്‍ തട്ടിക്കൂട്ടിയ വഖഫ് ബോര്‍ഡിന്റെ സാധുത കോടതിയിലെത്തിയപ്പോഴാണ് അവരുടെ കരണം മറിച്ചിലും മുതലക്കണ്ണീരും. വഖഫ് ബോര്‍ഡ് ചെയര്‍മാനും മെമ്പറും സുപ്രീം കോടതിയെ സമീപിച്ച് നടത്തിയ വാദം നമ്മുടെ മുമ്പില്‍ രേഖയായുണ്ട്. വഖഫ് ബോര്‍ഡിലേക്ക് രണ്ട് അമുസ്ലിം അംഗങ്ങളെ ഉള്‍പ്പെടുത്തിയാല്‍ തീരാവുന്ന പ്രശ്നങ്ങള്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്നാണ് അവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്, സുപ്രീം കോടതിയെ അറിയിച്ചത്. ബി.ജെ.പി നേതാവായ ചിദംബരേഷിന് വക്കാലത്ത് നല്കി കോടതിയില്‍ വിട്ട്, അമുസ്ലിം അംഗങ്ങളെ വഖഫ് ബോഡില്‍ നിയമിക്കുന്നതില്‍ യാതൊരു എതിര്‍പ്പുമില്ലെന്നും, രണ്ടു അമുസ്ലിം അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുതന്നെ വിഷയം ലളിതമായി പരിഹരിക്കാവുന്നതാണെന്നും പരമോന്നത കോടതിയില്‍ പറഞ്ഞ ചെയര്‍മാനും അംഗവുമാണ് പുറത്ത് മറ്റൊന്ന് പ്രചരിപ്പിക്കുന്നത്. കാലം ഒന്നിനും കണക്ക് ചോദിക്കാതെ പോവില്ല.
? 18 വര്‍ഷത്തെ ബോര്‍ഡ് അനുഭവം
/ പതിനെട്ട് വര്‍ഷം എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞാല്‍ പോര. ഇപ്പോഴത്തെ പുതിയ സംവിധാനമായ നോമിനേഷനിലൂടെയല്ല, വഖഫ് സ്ഥാപനങ്ങളില്‍ നിന്ന് തിരഞ്ഞടുക്കപ്പെട്ട രണ്ടു പ്രതിനിധികളിലൊരാളാണ് ഞാന്‍. മറ്റൊരാള്‍ എന്റെ സഹപ്രവര്ത്തകന് അഡ്വ.പി.വി സൈനുദ്ദീനും. വഖഫ് സ്ഥാപന മുതവല്ലിമാരില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച് 18 വര്‍ഷം അംഗമായ വ്യക്തിയെന്നത് ചെറിയകാര്യമല്ല. ആ സ്ഥാപനങ്ങള്‍ക്ക് കൂടി നല്കിയ അംഗീകാരമായാണ് ഈ പദവിയെ കാണുന്നത്. ആ ഗൗരവം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിച്ചത്. കോഴിക്കോട് നല്ലളം മഹല്ലുകമ്മിറ്റി പ്രസിഡന്റായിരുന്ന എന്റെ പിതാവ് കുഞ്ഞാലി മുണ്ടോളി. 1974 ഡിസംബറിലാണ് അദ്ദേഹം മരിക്കുന്നത്. 1975 ജനുവരിയില്‍ 17കാരനായ എന്നെ നിര്‍ബന്ധിച്ച് എല്ലാവരും ചേര്‍ന്ന് പ്രസിഡന്റാക്കുകയായിരുന്നു. നല്ലളം മഹല്ലുകമ്മിറ്റി പ്രസിഡന്റായി 53 വര്‍ഷമായി തുടരുന്ന എനിക്ക് വഖഫും വഖഫ് സംരക്ഷണവും വൈകാരിക വിഷയമാണ്. സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, അഡ്വ.ടി.കെ സൈതാലിക്കുട്ടി, അഡ്വ.ടി.കെ ഹംസ തുടങ്ങിയവരോടൊപ്പമെല്ലാം പ്രവര്‍ത്തിക്കാനായ അനുഭവ സമ്പത്ത് അനുഗ്രഹമാണ്. മഹല്ലിലും വഖഫ് ബോര്‍ഡിലും ഒരിക്കല്‍ പോലും ഒരാക്ഷേപവുമുണ്ടാക്കിയില്ലെന്നതിന് ദൈവത്തെ സ്തുതിക്കുന്നു.
? എന്തൊക്കെയാണ് മുന്‍ഗണന
/ വഖഫ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അഞ്ഞൂറോളം കേസുകളുണ്ട്. പലതും നിസാര വിഷയങ്ങള്‍. നിരന്തരം സിറ്റിംഗ് നടത്തിയാലും ആ പ്രശ്നങ്ങളില്‍ ചുറ്റിപ്പറ്റി ചര്‍ച്ചയും സമയവും പോകുന്നത് പലപ്പോഴും വേദനിപ്പിച്ചിട്ടുണ്ട്. ഇത്തരം കേസുകളും തര്‍ക്കങ്ങളും ഒരു മേശക്ക് ചുറ്റുമിരുന്ന് പരമാവധി വേഗത്തില്‍ നീതിയുക്തമായി തീര്‍പ്പാക്കണം. അപ്പോഴേ ക്ഷേമ പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധപതിപ്പിക്കാനാവൂ. വരുമാനത്തിന്റെ അഞ്ച് ശതമാനം വിഹിതം വാങ്ങുക എന്നതിനപ്പുറം, വഖഫ് സ്ഥാപനങ്ങളും അതിലെ ജീവനക്കാരും വലിയ പരിഗണന അര്‍ഹിക്കുന്നുണ്ട്. ക്ഷേമ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന ഗ്രാന്റ് പകുതിയാക്കി വെട്ടിക്കുറച്ചും പിന്നെ നല്‍കാതെ പിടിച്ചുവെച്ചും പിണറായി സര്‍ക്കാര്‍ അവഗണിച്ചപ്പോള്‍ തനത് ഫണ്ടില്‍ നിന്നാണ് ചെറിയ സഹായങ്ങളെങ്കിലും ചെയ്തത്. 60 വയസ് കഴിഞ്ഞ മദ്രസാ ധ്യാപകരുടെയും മുഅദ്ദിന്റെയും പെന്ഷന് കൃത്യമായി കൊടുക്കണം. സി.എച്ച് മുഹമ്മദ് കോയ തുടങ്ങിവെച്ച പദ്ധതിയാണത്. മഹല്ലുകള്‍ സാക്ഷ്യപ്പെടുത്തിയ അര്‍ഹരായവര്‍ക്ക് വിവാഹ-ചികിത്സാ സഹായങ്ങള്‍ കാലതാമസമില്ലാതെ നല്‍കണം. വര്‍ഷങ്ങളായി ഇതൊന്നും ശരിയായി നടക്കുന്നില്ല. സര്‍ക്കാറിന്റെയും വകുപ്പ് മന്ത്രിയുടെയുമെല്ലാം ശ്രദ്ധ ഉറപ്പാക്കി, സുതാര്യമായി ഇത്തരം ക്ഷേമ പരിപാടികള്‍ സമയബന്ധിതമായി നടപ്പാക്കും. തീര്‍ച്ചയായും വഖഫ് സംരക്ഷണത്തില്‍ ജാഗ്രതയോടെ മുന്നോട്ടു പോകും.
? മുനമ്പം ഭൂമിയിലെ തര്‍ക്കം
/ മുനമ്പത്തില്‍ ഇനി വഖഫ് ബോര്‍ഡിന് ഒന്നും ചെയ്യാനില്ല. ലഭ്യമായ രേഖകള്‍ പരിശോധിച്ച് വഖഫ് സ്വത്താണെന്ന് കണ്ട് ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതാണ്. ട്രിബ്യൂണലോ കോടതിയോ മറിച്ചൊരു തീരുമാനം പറയുമ്പോള്‍ മാത്രമേ മറ്റൊരാലോചനക്ക് പ്രസക്തിയൊള്ളൂവെന്നാണ് അക്കാലത്തെ ബോര്‍ഡ് അംഗം എന്ന നിലയിലുമുള്ള നിലപാട്. പക്ഷെ, ആ ഭൂമി പണം കൊടുത്തോ അല്ലാതെയോ കൈവശപ്പെടുത്തി അതില്‍ താമസിക്കുന്ന പാവപ്പെട്ട മനുഷ്യരുടെ പ്രശ്നം നിസാരമല്ല. സാധുജനങ്ങളെ വഴിയാധാരമാക്കരുത്. അവര്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണം. മാനുഷിക പരിഗണനയുള്ള വി.ഡി സതീശന് സര്‍ക്കാറില്‍ എല്ലാവര്ക്കും പ്രതീക്ഷയുണ്ട്. നിയമവും ചട്ടവും അനുസരിച്ചേ വഖഫ് ബോര്‍ഡിന് മുന്നോട്ടു പോകാനാവൂ. പ്രതീക്ഷയോടെ എല്ലാ വാതിലുകളും തുറന്നിടും. വഖഫ് ബോര്‍ഡിന്റെ ചുമതല വഖഫ് സംരക്ഷവും പരിപാലനവും ഉറപ്പാക്കലാണ്.
? സുന്നികളെ അവഗണിച്ചുവെന്ന പരാതി
/ 11ല്‍ 9 അംഗങ്ങളെയാണ് നിയമിച്ചത്. ആരെയൊക്കെ അംഗങ്ങളാക്കണം, ഏതൊക്കെ സംഘടനകളെ പരിഗണിക്കണം, മറ്റുപദവികള്‍ വരുമ്പോള്‍ അവര്‍ക്ക് പകരം നല്‍കണം എന്നതിനൊന്നും മറുപടി പറയാന്‍ ഞാന്‍ ആളല്ല. എല്ലാവര്ക്കും അര്‍ഹമായ പരിഗണ നല്‍കണമെന്ന് തന്നെയാണ് എന്റെ നിലപാട്. എന്നെക്കാള്‍ വലിയ സുന്നിയില്ലെന്നാണ് എന്റെ വിശ്വാസം. അര നൂറ്റാണ്ടിലേറെയായി ഒരു സുന്നി മഹല്ലിന്റെ പ്രസിഡന്റാണ് ഞാന്‍. ഭിന്നത ഉണ്ടാവുന്നതിനും മുമ്പ് എസ്.എസ്.എഫിലും എസ്.വൈ.എസിലും പ്രവര്‍ത്തിച്ച പാരമ്പര്യമുണ്ട്. വര്‍ഷങ്ങളായി സമസ്തയുടെ രണ്ടു പ്രധാന കീഴ്ഘടകങ്ങളുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ്. ഇസ്്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ സംസ്ഥാന കമ്മിറ്റി അംഗവും സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന ഉപാധ്യക്ഷനും പട്ടിക്കാട് എം.ഇ.എ എഞ്ചിനീയറിംഗ് കോളജ് കമ്മിറ്റി അംഗവുമാണ്. ജീവിതത്തില്‍ ഇന്നേവരെ സുന്നി ആശയത്തിന് എതിരായി അറിഞ്ഞുകൊണ്ടൊന്നും പ്രവര്‍ത്തിച്ചിട്ടില്ല. കൂടാതെ, കണ്ണിയത്ത് ഉസ്താദിന്റെയും ശംസുല്‍ ഉലയുടെയും കോട്ടുമല ഉസ്താദിന്റെയുമൊക്കെ ശിക്ഷ്യനായ മഹാ പണ്ഡിതനായ എം.പി മുസ്തഫല്‍ ഫൈസിയും ബോര്‍ഡിലുണ്ട്. 1996 ല്‍ കോഴിക്കോട് കടപ്പുറത്ത് സമസ്തയുടെ 70 ാം വാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗമധ്യേ ക്ഷീണിതനായി ഇരുന്ന ശംസുല്‍ ഉലമ വിഷയാവതരണം പൂര്‍ത്തിയാക്കാന്‍ നിയോഗിച്ച അദ്ദേഹം, ഖുര്‍ആന്‍ പരിഭാഷയിലും മുഹിയുദ്ദീന് മാലക്ക് വ്യാഖ്യാനമായും ഗ്രന്ഥങ്ങള്‍ രചിച്ച പ്രതിഭയാണ്; ഒന്നാം നമ്പര്‍ സുന്നി. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയൊന്നും സുന്നിയല്ലെന്നാണോ ഇവര്‍ പറയുന്നത്. വനിതകളിലും സുന്നികളുണ്ട്.
? ജമാഅത്തിന് ആദ്യമായി അംഗത്വം
/ എല്ലാ വിഭാഗത്തില്‍പെട്ടവര്‍ക്കും സമീപിക്കാവുന്ന സമിതിയാണ് വഖഫ് ബോര്‍ഡ്. തീര്‍ച്ചയായും സുന്നി അല്ലാത്തവരും വഖഫ് ബോര്‍ഡില്‍ ഉണ്ടാവും. ഉണ്ടാവണമെന്നാണ് നിയമം. ഷിയ ബോറ വിഭാഗക്കാര്‍ വിരലിലെണ്ണാവുന്നവരേ കേരളത്തിലൊള്ളൂ. എന്നാല്‍, അവരില്‍ നിന്നൊരു പ്രതിനിധി 11 അംഗ ബോര്‍ഡില്‍ നിര്‍ബന്ധമാണ്. അങ്ങനെയാണ് മലബാര്‍ മുസ്്ലിം ലീഗിന്റെ സമുന്നതനായ നേതാവ് ദാവൂദ് ഭായ് കപ്പാസിയുടെ പുത്രന് തെക്കേപുറത്തെ വ്യവസായ പ്രമുഖനുമായ മുല്ലാ സിറാജ് ബായ് കപ്പാസിയെ വഖഫ് ബോര്‍ഡ് അംഗമായത്. വെല്‍ഫെയര്‍ പാര്‍ട്ടി നോമിനിയായ ജസീം സബാഹ് അംഗമായത് ഉയര്‍ത്തിപ്പിടിച്ച്, ജമാഅത്തെ ഇസ്ലാമിക്ക് ആദ്യമായി അംഗത്വം നല്‍കിയെന്ന് വാര്‍ത്ത കണ്ടപ്പോ ചിരിയാണ് തോന്നിയത്. ടി ആരിഫലി, അബ്ദുറഹ്മാന് പെരിങ്ങാടി, ഡോ.അബ്ദുല്‍ സലാം വാണിയമ്പലം, വി.കെ അലി തുടങ്ങിയ ജമാഅത്തെ ഇസ്്ലാമി നേതാക്കള്‍ വഖഫ് ബോര്‍ഡ് അംഗങ്ങളായിരുന്നു. ഒരു കാര്യം ഉറപ്പിച്ച് പറയാം, ഇപ്പോഴത്തെ വഖഫ് ബോര്‍ഡ് സുന്നികളെ അവഗണിച്ചിട്ടില്ല. ആരെയും അവഗണിക്കില്ല. നിയമത്തിന്റെ പരിധിയില്‍ നിന്ന് എല്ലാവര്ക്കും നീതി ഉറപ്പാക്കും; ആരോടും അനീതി ചെയ്യില്ല.
? വ്യാജ പ്രചാരണങ്ങള്‍
/ സോഷ്യല്‍ മീഡിയയിലെ ചിലരുടെ കുപ്രചരണങ്ങളും ചെളിവാരി എറിയലുമുണ്ടെങ്കിലും, കൂടുതലും സന്തോഷത്തോടെയും സ്നേഹത്തോടെയും ചേര്‍ത്തു പിടിക്കുന്നവരാണ്. മുസ്്ലിംലീഗിനും സമസ്തക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയാണ് ഞാന്‍. പൂക്കോയ തങ്ങളുടെ കാലം മുതല്‍ പാണക്കാടുമായി ബന്ധമുണ്ട്. അദ്ദേഹത്തിന്റെ എല്ലാ മക്കളുമായി ഒരിക്കലും മുറിയാത്ത ഹൃദയ ബന്ധമുണ്ടാക്കാനായി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കീഴില്‍ ഒരു എളിയ പ്രവര്‍ത്തകനായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ഇതൊരു അനുഭൂതിയും ഉത്തരവാദിത്വവുമാണ്. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ചെയര്‍മാനായിരിക്കെ പണം സമ്പാദിച്ചുവെന്ന് കാണിച്ച് സി.പി.എമ്മുകാര്‍ വിജിലന്‍സില്‍ പരാതികൊടുത്തിരുന്നു. കൊടിയേരിയുടെ പൊലീസ് അന്വേഷിച്ച് ക്ലീന്‍ചിറ്റ് നല്കി, പരാതി കൈയ്യോടെ ചവറ്റുകൊട്ടയിലിട്ടതാണ്. നിലപാടുകളില്‍ ഉറച്ചു നില്ക്കുമ്പോള് വ്യക്തി വിരോധമുണ്ടാവുക സ്വാഭാവികം. തല്ക്കാലം അതു ഗൗനിക്കുന്നില്ല. പരിധിവിട്ടാല്‍ നിയമ നടപടി സ്വീകരിക്കും.


