രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഭീതിതമായി വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ ജനങ്ങളെ ആശങ്കയുടെ മുൾ മുനയിലേക്ക് തള്ളിവിടുകയാണ്. വിഖ്യാത മണിപ്പൂരി ഗിറ്റാറിസ്റ്റ് ചോങ്തോം വിക്രം സിങ് ആൾകൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന്, പ്രത്യേകിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനത്ത് എത്തിയവർ ഏറെ ഭയപ്പാടോടെയാണ് കഴിഞ്ഞുകൂടുന്നത്.
അരുണാചൽ പ്രദേശ്, സിക്കിം, മണിപ്പൂർ അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരങ്ങളാണ് ജോലി ആവശ്യാവർത്ഥവും ഉന്നത പഠനത്തിനുമായി ഡൽഹിയിൽ തങ്ങുന്നത്. ഏതു സമയത്തും തങ്ങളും ആക്രമിക്കപ്പെടാമെന്ന ആശങ്കയാണ് ഇവരെ അലട്ടുന്നത്. ചോങ്തോമിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നൂറു കണക്കിന് വടക്കു കിഴക്കൻ സംസ്ഥാനക്കാരാണ് തെരുവിലിറങ്ങിയിരിക്കുന്നത്. വടക്കു കിഴക്കൻ സംസ്ഥാനക്കാരുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരിക്കുകയുമാണ്.
കൊലപാതകത്തിൽ നീതി വേണമെന്ന ആവശ്യം വക്രംസിങിന്റെ ഭാര്യയും ഉന്നിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി വീടിനടുത്ത് മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് ചോദ്യം ചെയ്ത വിക്രം സിംഗിനെ ഒരു സംഘം യുവാക്കൾ ക്രൂരമായി മർദിക്കുകയായിരുന്നു. സമീപത്ത് തട്ടുകട നടത്തുന്നവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. തളർന്നു വീണ സിങിനെ മകൻ്റെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാത്രി നൂറുകണക്കിന് വടക്കുകിഴക്കൻ സംസ്ഥാനക്കാർ പൊലീസ് സ്റ്റേഷനിലേക്ക് മെഴുകുതിരി കത്തിച്ച് മാർച്ച് നടത്തിയിരുന്നു. “തങ്ങളും ഇന്ത്യക്കാർ’ എന്ന മുദ്രാവാക്യം ഉയർത്തിയായിരു ന്നു പ്രതിഷേധം.
ഡബിൾ എഞ്ചിൻ സർക്കാർ ഭരിക്കുന്ന ഡൽഹി ബി.ജെ.പി ഭരണത്തിൽ ‘കുറ്റകൃത്യങ്ങളുടെ തലസ്ഥാനം’ എന്ന വിശേഷണം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കിക്കൊണ്ടിരിക്കുകയാണ്. പ്രദേശത്തിന്റെ ഭരണം ബി.ജെ.പി കൈയ്യാളുമ്പോൾ രാജ്യ തലസ്ഥാനമെന്ന നിലയിൽ ക്രമ സമാധാന ചുമതല കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.
ഇരുഭരണകൂടങ്ങളും ചേർന്ന് പഴുതടച്ച സുരക്ഷ ഒരുക്കേണ്ട സ്ഥലത്താണ് കൊലപാതകങ്ങളും ആക്രമണങ്ങളും മോഷണങ്ങളുമെല്ലാമായി സ്വൈര്യജീവിതം തകർന്നുതരിപ്പണമായിരിക്കുന്നത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ 19 മെട്രോ നഗരങ്ങളിൽ കൊല പാതകം, തട്ടിക്കൊണ്ടുപോകൽ, കവർച്ച എന്നിവയിൽ ഡൽഹി തന്നെയാണ് ഏറ്റവും ഉയർന്ന നിരക്കിലുള്ളത്. രാജ്യത്തെ മറ്റ് മെട്രോ നഗരങ്ങളെ അപേക്ഷിച്ച് സ്ത്രീധന പീഡന മരണങ്ങൾ, ബലാത്സംഗങ്ങൾ, കുട്ടികൾക്കെ തിരെയുള്ള അതിക്രമങ്ങൾ എന്നിവ ഡൽഹിയിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ഇന്ത്യയിൽ രജിസ്റ്റർ ചെയ്യുന്ന ആകെ മോഷണക്കേസുകളിൽ വലിയൊരു ശതമാനം (ഏകദേശം 30% ഓളം) ഡൽഹിയിലാണ് നടക്കുന്നത്. വാഹന മോഷണങ്ങളും ഇതിൽ ഉൾപ്പെടുന്നു. രാജ്യത്തെ നടുക്കിക്കളഞ്ഞ നിർഭയ മോഡൽ ക്രൂരത സംസ്ഥാനത്ത് വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇക്കഴിഞ്ഞ ആഴ്ച്ചയാണ്. സ്വകാര്യ സ്ലീപ്പർ ബസിനുള്ളിൽ 16 വയസുകാരിയായ പ്ലസ്.വൺ വിദ്യാർത്ഥിനിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ഉത്തർപ്രദേശിൽ നിന്നും നോയിഡയിലേക്ക് വരികയായിരുന്ന പെൺകുട്ടി കനത്ത മഴ കാരണം ഗ്രേറ്റർ നോയിഡയിലെ പരിചൗക്കിൽ അബദ്ധത്തിൽ ബസ് ഇറങ്ങുകയായിരുന്നു.
അവിടെ നിന്ന് ലിഫ്റ്റ് ചോദിച്ചാണ് സ്ലീപ്പർ ബസിൽ കയറിയത്. യാത്രക്കിടയിൽ ഡ്രൈവറും, കണ്ടക്ടറും ക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ഏകദേശം 47 കിലോമീറ്ററോളം ഓടുന്ന ബസിൽ വെച്ച് പീഡിപ്പിച്ച ശേഷം പെൺകുട്ടിയെ ഡൽഹിയിലെ കശ്മീരി ഗേറ്റിന് സമീപം ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു.
17 വർഷമായി ഡൽഹിയിൽ താമസമാക്കിയ, അറിയപ്പെടുന്ന സംഗീത അധ്യാപകൻ കൂടിയായായ ചോങ്തോങ് വിക്രം സിങിൻ്റെ കൊലപാതകത്തെതുടർന്ന് സംസ്ഥാനത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളും ചർച്ചയായിരിക്കുകയാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തെക്കുറിച്ച് വലിയ വായിൽ സംസാരിക്കുന്ന നരേന്ദ്രമോദി സർക്കാർ അവർക്കുനേരെ ഡൽഹിയിൽ വ്യപകമായി നടക്കുന്ന ആക്രമണങ്ങളിലും വംശീയ അധിക്ഷേപങ്ങളിലും അർത്ഥവത്തായ മൗനമാണ് സ്വീകരിക്കുന്നത്. പ്രസ്തുത സംസ്ഥാനങ്ങളിൽവെച്ച് അവരുടെ സുരക്ഷയെക്കുറിച്ചും പുരോഗതിയെക്കുറിച്ചും സംസാരിച്ച് ഡൽഹിയിൽ മടങ്ങിയെത്തുമ്പോൾ സ്വീകരിക്കുന്ന ഈ മൗനം ഭരണകൂടത്തിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്.
സർക്കാറിനെതിരെ സമരംചെയ്യുന്ന വിദ്യാർത്ഥികൾക്കുനേരെ രൂക്ഷമായ ആക്രമണങ്ങളഴിച്ചുവിടുന്ന പൊലീസിന്റെ ഭാഗത്തുനിന്നാണ് ഈ നിസംഗതയെന്നത് സ്വാഭാവികമായി കാണാനാകില്ല. സ്വാർത്ഥ രാഷ്ട്രീയ താൽപര്യങ്ങളെ മുൻനിർത്തി നടത്തുന്ന ഈ ഇരട്ടത്താപ്പ് അവസാനിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള ബാധ്യത മോദി സർക്കാർ നിറവേറ്റാത്ത പക്ഷം കൂടുതൽ ദൗർഭാഗ്യകരമായ വാർത്തകൾ തലസ്ഥാന നഗരിയിൽ നിന്ന് കേൾക്കേണ്ടിവരും.


