കോഴിക്കോട്: ക്യാമ്പസുകളില്‍ എസ്.എഫ്.ഐ നടത്തുന്ന അക്രമങ്ങള്‍ അധികാര നഷ്ടത്തിന്റെ വെപ്രാളവും സ്വബോധം നഷ്ടപ്പെടുന്നതിന്റെ പ്രകടമായ തെളിവുമാണെന്ന് ഡോ. എം.കെ മുനീര്‍. കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെയും മഹാരാജാസ് കോളേജിലെയും സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ രൂക്ഷ വിമര്‍ശനം.
കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ ചിന്താഗതിയില്‍ മാറ്റം സംഭവിക്കുന്നുവെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നതിനുപകരം, എം.എസ്.എഫ്, കെ.എസ്.യു, യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്ന രീതിയാണ് എസ്.എഫ്.ഐ സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുന്‍പ് ആയിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്ന ഇടത്ത്, കേവല വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മാത്രം ഇത്തവണ വിജയമുറപ്പിക്കാനായത് മാറിവരുന്ന വിദ്യാര്ഥിമനസ്സുകളുടെ സൂചനയാണ്.
ജനാധിപത്യത്തില്‍ പരാജയസാധ്യത തിരിച്ചറിയുമ്പോള്‍ ആത്മപരിശോധന നടത്തുകയാണ് വേണ്ടത്. എന്നാല്‍ അടിപതറുമ്പോള്‍ അക്രമത്തിലേക്ക് തിരിയുന്ന രാഷ്ട്രീയ സംസ്കാരത്തില്‍നിന്ന് എസ്.എഫ്.ഐ ഇനിയും മോചിതരായിട്ടില്ല. മഹാരാജാസ് കോളേജിലെ ബിരുദദാനച്ചടങ്ങില്‍ മന്ത്രി റോജി എം. ജോണിനെതിരെ എസ്.എഫ്.ഐ പ്രവര്‍ത്തക നടത്തിയ അനാവശ്യ പ്രതിഷേധം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ പ്രസംഗത്തിനുശേഷം ചോദ്യം കേള്‍ക്കാമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടും, ചടങ്ങിന്റെ അന്തസ്സും സദസ്സിന്റെ വികാരവും പരിഗണിക്കാതെ ബഹളം തുടരാനാണ് പ്രവര്‍ത്തക മുതിര്‍ന്നത്. ഒടുവില്‍ ഈ അനൗചിത്യത്തിനെതിരെ രക്ഷിതാക്കള്‍ക്കുപോലും പരസ്യമായി പ്രതികരിക്കേണ്ടിവന്നു. ആശയപരമായ വ്യക്തതയിലൂടെയും സംവാദങ്ങളിലൂടെയുമാണ് ഒരു പ്രസ്ഥാനം പ്രസക്തി നിലനിര്‍ത്തേണ്ടത്. എതിര്‍സ്വരങ്ങളെ കേള്‍ക്കാനും വിമര്‍ശനങ്ങളെ നേരിടാനും കഴിയാത്ത ഒരു സംഘടനയ്ക്ക് വിദ്യാര്‍ഥികളുടെ വിശ്വാസം ദീര്‍ഘകാലം നിലനിര്‍ത്താനാവില്ലെന്നും എം.കെ മുനീര്‍ കൂട്ടിച്ചേര്‍ത്തു.


