മലപ്പുറം: കാലിക്കറ്റ് സർവകലാശാലാ ഹോസ്റ്റൽ മുറികൾ എസ്.എഫ്.ഐയുടെ ആയുധപ്പുരകളും മദ്യപാന കേന്ദ്രങ്ങളുമായി മാറ്റുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് നേതാവും എം.എൽ.എയുമായ ടി.വി. ഇബ്രാഹിം ആവശ്യപ്പെട്ടു. സർവകലാശാല ക്യാമ്പസിൽ നിന്ന് പുറത്തുവരുന്നത് അത്യന്തം ഗൗരവതരമായ വാർത്തകളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ക്യാമ്പസിലെ വിവിധ ഹോസ്റ്റലുകളിലായി മുപ്പതോളം മുറികൾ എസ്.എഫ്.ഐ പ്രവർത്തകർ പാർട്ടി ഓഫീസുകളായും മാരകായുധങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങളായും മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ഇടങ്ങളായും മാറ്റിയെന്നാണ് മാധ്യമവാർത്തകൾ പുറത്തുവരുന്നത്. കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളുടെ മാതൃകയിൽ ഓരോ ഹോസ്റ്റൽ മുറിക്കും പേരുകൾ നൽകി അവയെ പാർട്ടി കോട്ടകളാക്കി മാറ്റുകയാണ്. ക്യാമ്പസിൽ പഠിക്കാത്ത പ്രായം ചെന്ന ഡി.വൈ.എഫ്.ഐ ഗുണ്ടകളാണ് ഇവിടെ സ്ഥിരമായി താമസിച്ച് അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തേഞ്ഞിപ്പലം പോലീസിന്റെ നിഷ്ക്രിയത്വത്തിനെതിരെയും അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചു. എം.എസ്.എഫ് പ്രവർത്തകരെ ആക്രമിക്കാൻ മാരകായുധങ്ങളുമായി ക്യാമ്പസിലെത്തിയ എസ്.എഫ്.ഐ പ്രവർത്തകന്റെ കാർ പോലീസ് പിടികൂടിയിട്ടും പ്രതികൾക്കെതിരെ കേസെടുക്കാൻ തയ്യാറായിട്ടില്ല. എന്നാൽ, അക്രമത്തിന് ഇരയായ എം.എസ്.എഫ് പ്രവർത്തകരെ തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യാനാണ് പോലീസ് ശ്രമിക്കുന്നത്. ഇത് എസ്.എഫ്.ഐ ഗുണ്ടകളെ സംരക്ഷിക്കുന്ന ഏകപക്ഷീയമായ നടപടിയാണെന്നും ടി.വി. ഇബ്രാഹിം പറഞ്ഞു.
സർവകലാശാല അധികാരികളുമായി സഹകരിച്ച് പോലീസ് വ്യാപകമായ പരിശോധന നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും, കേരള സർവകലാശാല ക്യാമ്പസുകളിലേതുപോലെ കാലിക്കറ്റ് സർവകലാശാലയെയും സി.പി.എം ഗുണ്ടാത്താവളങ്ങളാക്കാൻ ശ്രമിക്കുന്നവരെ അമർച്ച ചെയ്യാൻ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ ആഭ്യന്തര വകുപ്പ് മന്ത്രിയും ഡി.ജി.പിയും അടിയന്തരമായി ഇടപെടണമെന്നും ടി.വി. ഇബ്രാഹിം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആവശ്യപ്പെട്ടു.


