ദിവസേനയുള്ള ഭക്ഷണത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ഊർജനില നിലനിർത്താനും ശരീരത്തിന്റെ മെറ്റബോളിക് ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ മൂന്ന് മുതൽ ഏഴ് ദിവസത്തിനുള്ളിൽ തന്നെ ചില മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടേക്കാം. എന്നാൽ ആദ്യ ദിവസങ്ങളിൽ ക്ഷീണം, തലവേദന, മധുരത്തോടുള്ള അമിതമായ ആസക്തി തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാനും സാധ്യതയുണ്ട്.
വയറുവീർപ്പും ക്ഷീണവും കുറയാം
ഭക്ഷണത്തിൽ ചേർക്കുന്ന പഞ്ചസാരയുടെ അളവ് കുറയ്ക്കുമ്പോൾ വയറുവീർപ്പും ശരീരത്തിൽ ദ്രാവകം കെട്ടിനിൽക്കുന്നതും കുറയാൻ സാധ്യതയുണ്ട്. ആദ്യ ദിവസങ്ങളിൽ അനുഭവപ്പെടുന്ന ക്ഷീണം ക്രമേണ മാറുകയും ആദ്യ ആഴ്ചയുടെ അവസാനത്തോടെ ഊർജനില കൂടുതൽ സ്ഥിരത കൈവരിക്കുകയും ചെയ്യാം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലുണ്ടാകുന്ന പെട്ടെന്നുള്ള ഉയർച്ചയും താഴ്ചയും കുറയുന്നത് ഇതിന് സഹായകമാകാം.
മധുരത്തോടുള്ള ആസക്തി കുറയാൻ സമയമെടുക്കും
പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുമ്പോൾ ആദ്യ ദിവസങ്ങളിൽ മധുരം കഴിക്കാനുള്ള ആഗ്രഹം ശക്തമായി അനുഭവപ്പെടാം. പഞ്ചസാര കഴിക്കുമ്പോൾ തലച്ചോറിൽ ഡോപ്പാമിൻ എന്ന ന്യൂറോട്രാൻസ്മിറ്ററിന്റെ പ്രവർത്തനം ഉത്തേജിപ്പിക്കപ്പെടുന്നു. സന്തോഷവും പ്രതിഫലബോധവുമായി ബന്ധപ്പെട്ടതാണ് ഡോപ്പാമിൻ. മധുരം പെട്ടെന്ന് ഒഴിവാക്കുമ്പോൾ വീണ്ടും മധുരം കഴിക്കാനുള്ള ആഗ്രഹം അനുഭവപ്പെടാം. ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്തുന്നതിനനുസരിച്ച് ഈ ആസക്തി ക്രമേണ കുറയാനും സാധ്യതയുണ്ട്.
ആദ്യ ദിവസങ്ങളിൽ തലവേദനയും ശ്രദ്ധക്കുറവും
പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്ന ആദ്യ ഘട്ടത്തിൽ ചിലർക്ക് അസ്വസ്ഥത, നേരിയ തലവേദന, ചിന്തകൾ വ്യക്തമായി കേന്ദ്രീകരിക്കാൻ പ്രയാസം (ബ്രെയിൻ ഫോഗ്), ശ്രദ്ധക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടാം. ഇവ രണ്ട് മുതൽ അഞ്ച് ദിവസം വരെ നീണ്ടുനിൽക്കാമെന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാൽ എല്ലാവർക്കും ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. ഭക്ഷണക്രമം, ഉറക്കം, ജലാംശം, കഫീൻ ഉപയോഗത്തിലെ മാറ്റങ്ങൾ തുടങ്ങിയ ഘടകങ്ങളും ഇതിനെ സ്വാധീനിക്കാം. ചിലരിൽ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ഈ ബുദ്ധിമുട്ടുകൾ കുറഞ്ഞേക്കാം.

വിശപ്പും ഊർജനിലയും നിയന്ത്രണത്തിലാകാം
പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലുണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനങ്ങൾ കുറയ്ക്കാൻ സഹായിക്കാം. ഇത് വൈകുന്നേരങ്ങളിൽ അനുഭവപ്പെടുന്ന ഊർജക്കുറവ് നിയന്ത്രിക്കാനും വിശപ്പിന്റെ സൂചനകൾ തിരിച്ചറിയാനും സഹായകമായേക്കാം. ഇതിലൂടെ ദിവസം മുഴുവൻ ഊർജനില നിലനിർത്താനും ഭക്ഷണത്തോടുള്ള അമിതമായ ആസക്തി നിയന്ത്രിക്കാനും സാധിക്കും.
പഞ്ചസാര ഒഴിവാക്കാൻ എവിടെ തുടങ്ങണം?
ഒറ്റയടിക്ക് പഞ്ചസാര പൂർണമായി ഒഴിവാക്കുന്നതിനുപകരം ക്രമേണ ഉപയോഗം കുറയ്ക്കുന്നതാണ് പലർക്കും കൂടുതൽ പ്രായോഗികം. പഞ്ചസാര ചേർത്ത ശീതളപാനീയങ്ങൾ ആദ്യം ഒഴിവാക്കാം. തുടർന്ന് ദിവസേന ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകളിലെ ലേബലുകൾ പരിശോധിച്ച് പഞ്ചസാര ചേർത്തിട്ടുണ്ടോ എന്ന് മനസ്സിലാക്കണം. പഞ്ചസാര കൂടുതലുള്ള ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതും പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതും ആരോഗ്യകരമായ ഭക്ഷണശീലം വളർത്താൻ സഹായിക്കും.

പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ ലഭിക്കുന്ന മാറ്റങ്ങൾ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ചില മാറ്റങ്ങൾ അനുഭവപ്പെടാമെങ്കിലും ദീർഘകാല ആരോഗ്യഗുണങ്ങൾക്കായി ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും സ്ഥിരമായി പിന്തുടരേണ്ടതുണ്ട്.


