ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ വീണ്ടും ഇടം നേടിയ ഭുവനേശ്വർ കുമാറിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഭുവനേശ്വർ കുമാറിന് ഇത്രയധികം നീണ്ടുനിൽക്കുന്ന ഒരു ക്രിക്കറ്റ് കരിയർ ഉണ്ടാകുമെന്ന് താൻ കരുതിയിരുന്നില്ലെന്നാണ് കൈഫ് പറഞ്ഞത്.
‘ഞാൻ ആദ്യമായി ഭുവനേശ്വറിനെ കാണുമ്പോൾ അദ്ദേഹത്തിന് 17 വയസ്സായിരുന്നു. ഇത്രയും നീണ്ട കരിയർ അദ്ദേഹത്തിന് ഉണ്ടാകും എന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അദ്ദേഹത്തിന്റെ കഴിവിനും മികച്ച പ്രകടനങ്ങൾക്കും ലഭിക്കുന്ന വലിയ അംഗീകാരമാണിത്. ഒരു ഫാസ്റ്റ് ബൗളറുടെ സാധാരണ ശരീരഘടന അദ്ദേഹത്തിനുണ്ടായിരുന്നില്ല.
എന്നാൽ അതൊന്നും അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചില്ല. ഇത്രയും മികച്ച ബൗളർ ആയി അദ്ദേഹം മാറിയത് തന്നെ വലിയ കാര്യമാണ്. ഭുവനേശ്വർ കുമാറിൽ ഞാൻ ശ്രദ്ധിച്ച ഏറ്റവും വലിയ പ്രത്യേകത മികച്ച സ്വിങ്ങും സീമും ഉണ്ടായിരുന്നു എന്നതാണ്. അദ്ദേഹത്തിന്റെ കരിയറിന്റെ ചെറിയൊരു ഭാഗമാകാൻ സാധിച്ചതിൽ ഞാനും വളരെയധികം സന്തോഷവാനാണ്’ മുഹമ്മദ് കൈഫ് തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
2026 ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി നടത്തിയ തകർപ്പൻ പ്രകടനമാണ് ഭുവനേശ്വർ കുമാറിന്റെ മുന്നിൽ വീണ്ടും ഇന്ത്യൻ ടീമിന്റെ വാതിൽ തുറക്കപ്പെട്ടത്. ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് ഭുവനേശ്വർ ഇടം നേടിയത്. 2022ലായിരുന്നു താരം അവസാനമായി ഇന്ത്യക്കായി കളിച്ചിരുന്നത്.


