നാല് പടികൾ കയറുമ്പോഴോ, അല്പം വേഗത്തിൽ നടക്കുമ്പോഴോ കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെടുന്നത്, പ്രായമാകുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക ക്ഷീണമാണ് എന്ന് പറഞ്ഞ് സ്വയം ആശ്വസിക്കുന്ന നിരവധിയാളുകൾ നമുക്കിടയിലുണ്ട്. പ്രായമായവരിൽ കാണുന്ന ഈ അവഗണന പലപ്പോഴും ഗുരുതരമായ ശ്വാസകോശ-ഹൃദയ രോഗങ്ങൾ വൈകി മാത്രം തിരിച്ചറിയാൻ ഇടയാക്കുന്നു.
വാർദ്ധക്യം ശരീരത്തിന്റെ പ്രവർത്തനവേഗത കുറയ്ക്കുമെന്നത് യാഥാർഥ്യമാണെങ്കിലും, നിത്യജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള കിതപ്പും ശ്വാസതടസ്സവും വാർദ്ധക്യത്തിന്റെ സ്വാഭാവിക ലക്ഷണങ്ങളല്ല. സമയബന്ധിതമായ പരിശോധനകളിലൂടെ തിരിച്ചറിഞ്ഞാൽ കൃത്യമായ ചികിത്സ നൽകാൻ സാധിക്കുന്ന പല രോഗങ്ങളുടെയും ആദ്യ മുന്നറിയിപ്പാണ് ഈ അസ്വസ്ഥത.
സാധാരണ പ്രായമാകലും രോഗലക്ഷണവും തമ്മിലുള്ള വ്യത്യാസം
പ്രായമാകുമ്പോൾ ശ്വാസകോശത്തിന്റെ ഇലാസ്തികത കുറയുകയും നെഞ്ചിലെ പേശികളുടെ ബലം നേരിയ തോതിൽ കുറയുകയും ചെയ്യാറുണ്ട്. എന്നാൽ ഇത് സാധാരണ ദൈനംദിന കാര്യങ്ങൾ ചെയ്യുന്നതിൽ തടസ്സമുണ്ടാക്കാറില്ല.
- സാധാരണ വാർദ്ധക്യം: കഠിനമായ കായീകാധ്വാനം ചെയ്യുമ്പോൾ മാത്രം നേരിയ കിതപ്പ് തോന്നുകയും, കുറച്ചുനേരം വിശ്രമിക്കുമ്പോൾ അത് വേഗത്തിൽ മാറുകയും ചെയ്യുന്നു.
- രോഗലക്ഷണം: പടവുകൾ കയറുമ്പോഴോ, കുളിക്കുക, വസ്ത്രം മാറുക തുടങ്ങിയ ലളിതമായ കാര്യങ്ങൾ ചെയ്യുമ്പോഴോ കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെടുക, നടക്കുമ്പോൾ കൂടെയുള്ളവർക്കൊപ്പം എത്താൻ സാധിക്കാതെ വരിക, കിതപ്പ് നാൾക്കുനാൾ കൂടിവരിക.
രണ്ടാമത് പറഞ്ഞ അവസ്ഥ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ശ്വാസകോശത്തിന്റെ പ്രവർത്തനശേഷി കുറയുന്നതിന്റെ വ്യക്തമായ സൂചനയാണ്.
കിതപ്പിന് പിന്നിലെ പ്രധാന കാരണങ്ങൾ
ശ്വാസകോശത്തെയോ ഹൃദയത്തെയോ ബാധിക്കുന്ന പല രോഗങ്ങളും ആദ്യ ഘട്ടത്തിൽ അമിതമായ കിതപ്പിലൂടെയാണ് പുറത്തുവരുന്നത്:
സി.ഒ.പി.ഡി (COPD): പുകവലി, അന്തരീക്ഷ മലിനീകരണം, അടുക്കളയിലെ പുക എന്നിവ മൂലം ശ്വാസകോശത്തിലെ വായു അറകൾക്ക് തകരാറ് സംഭവിക്കുന്ന അവസ്ഥ.
ആസ്ത്മ (Asthma): ചെറുപ്പത്തിൽ മാത്രമല്ല, പ്രായമായതിന് ശേഷവും ശ്വാസനാളത്തിലെ വീക്കം മൂലം ആസ്ത്മ വരാം.
ഐ.എൽ.ഡി (Interstitial Lung Disease): ശ്വാസകോശ തന്തുക്കൾ കട്ടിയാകുകയും (Pulmonary Fibrosis) ഓക്സിജൻ രക്തത്തിലേക്ക് കലരുന്നത് തടസ്സപ്പെടുകയും ചെയ്യുന്ന അവസ്ഥ.
ശ്വാസകോശ അണുബാധകൾ: ന്യൂമോണിയ, ക്ഷയരോഗം (TB) അല്ലെങ്കിൽ കോവിഡിന് ശേഷമുള്ള ശ്വാസകോശ പ്രശ്നങ്ങൾ.
ഹൃദ്രോഗങ്ങൾ: ഹൃദയത്തിന്റെ പമ്പിംഗ് ശേഷി കുറയുന്ന ഹൃദയതകരാറുകൾ (Heart Failure), ശ്വാസകോശ ധമനികളിലെ ഉയർന്ന രക്തസമ്മർദ്ദം (Pulmonary Hypertension) എന്നിവയും കടുത്ത ശ്വാസംമുട്ടലിന് കാരണമാകും.
ശ്വാസകോശവും ഹൃദയവും: ജീവന്റെ പരസ്പര ബന്ധം
ശ്വസനവ്യവസ്ഥയും രക്തസംക്രമണ വ്യവസ്ഥയും തമ്മിൽ പരസ്പരം കോർത്തിണക്കപ്പെട്ടവയാണ്. ശ്വാസകോശം കാര്യക്ഷമമല്ലെങ്കിൽ രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുകയും, ഈ കുറവ് പരിഹരിക്കാൻ ഹൃദയത്തിന് കൂടുതൽ വേഗത്തിലും കഠിനമായും പ്രവർത്തിക്കേണ്ടതായും വരുന്നു. ദീർഘകാലം ശ്വാസകോശ രോഗങ്ങൾ ചികിത്സിക്കാതിരുന്നാൽ അത് ഹൃദയത്തിന്റെ വലതുഭാഗത്തെ പമ്പിംഗ തകരാറിലാക്കാൻ ഇടയാക്കും. അതിനാൽ ശ്വാസംമുട്ടൽ ഉണ്ടാകുമ്പോൾ ശ്വാസകോശത്തോടൊപ്പം ഹൃദയാരോഗ്യവും വിലയിരുത്തേണ്ടത് അനിവാര്യമാണ്.
വൈകാതെ വൈദ്യസഹായം തേടേണ്ട മുന്നറിയിപ്പുകൾ
താഴെ പറയുന്ന ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഒട്ടും വൈകാതെ ഒരു പൾമണോളജിസ്റ്റിന്റെ സേവനം തേടേണ്ടതാണ്:
ക്രമാതീതമായി വർദ്ധിച്ചുവരുന്ന കിതപ്പ് അല്ലെങ്കിൽ ശ്വാസതടസ്സം.
ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വിട്ടുമാറാത്ത ചുമ.
നെഞ്ചിൽ അനുഭവപ്പെടുന്ന കനമോ പുകച്ചിലോ ശ്വാസമെടുക്കുമ്പോഴുള്ള ശബ്ദം.
ചുണ്ടുകളിലോ വിരലുകളിലോ നീലനിറം പടരുന്നത് (Cyanosis).
പാദങ്ങളിലോ കണങ്കാലിലോ ഉണ്ടാകുന്ന വീക്കം.
രാത്രിയിൽ ശ്വാസതടസ്സം മൂലം പെട്ടെന്ന് ഉണരുക അല്ലെങ്കിൽ തലയിണകൾ ഉയർത്തിവെച്ച് മാത്രം ഉറങ്ങാൻ സാധിക്കുക.
അത്യാവശ്യ ശ്വാസകോശ പരിശോധനകൾ
രോഗം കൃത്യമായി നിർണ്ണയിക്കാൻ വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന പരിശോധനകൾ:
സ്പൈറോമെട്രി / പൾമണറി ഫങ്ഷൻ ടെസ്റ്റ് (Spirometry / PFT): ശ്വാസകോശത്തിലേക്ക് എത്രമാത്രം വായു കയറുന്നുണ്ടെന്നും, എത്ര വേഗത്തിൽ അത് പുറത്തുവിടാൻ സാധിക്കുന്നുണ്ടെന്നും അളക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രാഥമിക പരിശോധനയാണിത്.
ചെസ്റ്റ് എക്സ്-റേ (Chest X-Ray): ശ്വാസകോശത്തിലെ അണുബാധകൾ, വീക്കം, വെള്ളക്കെട്ട് എന്നിവ തിരിച്ചറിയാൻ സഹായിക്കുന്നു.
എച്ച്.ആർ.സി.ടി സ്കാൻ (HRCT Chest): ശ്വാസകോശ കലകൾക്കുണ്ടാകുന്ന മാറ്റങ്ങളും, സി.ഒ.പി.ഡിയുടെ തീവ്രതയും കൃത്യമായി മനസ്സിലാക്കാൻ ഇത് സഹായിക്കും.
6-മിനിറ്റ് വാക്ക് ടെസ്റ്റ് (6-MWT): ആറ് മിനിറ്റ് നടക്കുമ്പോൾ രക്തത്തിലെ ഓക്സിജന്റെ അളവിൽ ഉണ്ടാകുന്ന വ്യതിയാനം അളക്കുന്ന ലളിതമായ പരിശോധന.
എക്കോകാർഡിയോഗ്രാം (ECHO): ഹൃദയത്തിന്റെ പമ്പിംഗ് ശേഷിയും ശ്വാസകോശ ധമനികളിലെ രക്തസമ്മർദ്ദവും വിലയിരുത്താൻ നടത്തുന്ന പരിശോധന.
ശ്വാസകോശ ആരോഗ്യം സംരക്ഷിക്കാൻ ചില പ്രതിരോധ മാർഗ്ഗങ്ങൾ
പുകവലി പൂർണ്ണമായി ഉപേക്ഷിക്കുക: സി.ഒ.പി.ഡി ഉൾപ്പെടെയുള്ള രോഗങ്ങൾ തടയാനുള്ള പ്രധാന വഴി പുകവലിയും നിഷ്ക്രിയ പുകവലിയും (Passive smoking) ഒഴിവാക്കുക എന്നതാണ്.
വാക്സിനേഷനുകൾ എടുക്കുക: മുതിർന്നവർ കൃത്യസമയത്ത് ന്യുമോകോക്കൽ (Pneumococcal), വാർഷിക ഇൻഫ്ലുവൻസ (Flu) വാക്സിനുകൾ എടുക്കുന്നത് ശ്വാസകോശ അണുബാധകളെ തടയും.
അന്തരീക്ഷ മലിനീകരണത്തിൽ നിന്ന് സംരക്ഷണം: പൊടിയും പുകയും ഉള്ള അന്തരീക്ഷത്തിൽ ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക.
ശ്വാസകോശ വ്യായാമങ്ങൾ: പ്രാണായാമം, ഡയാഫ്രമാറ്റിക് ബ്രീത്തിംഗ് തുടങ്ങിയ ശ്വസന വ്യായാമങ്ങൾ ദിവസവും ശീലമാക്കുക.
പ്രായമായതുകൊണ്ടാണ് കിതയ്ക്കുന്നത് എന്ന ധാരണ മാറ്റിവെച്ച് ലക്ഷണങ്ങൾ കാണുന്ന ആദ്യഘട്ടത്തിൽ തന്നെ ശ്വാസകോശ രോഗങ്ങൾ തിരിച്ചറിഞ്ഞാൽ മരുന്നുകളിലൂടെയും ശരിയായ ജീവിതശൈലിയിലൂടെയും രോഗം മൂർച്ഛിക്കുന്നത് തടയാനും ശ്വാസകോശ ശേഷി നിലനിർത്താനും സാധിക്കും. ശ്വാസമെടുക്കാൻ പ്രയാസം തോന്നുമ്പോൾ അത് ശരീരത്തിന്റെ ഒരു മുന്നറിയിപ്പായി കണ്ട് സമയബന്ധിതമായി ഡോക്ടറെ കാണുക. കൃത്യസമയത്തെ പരിശോധനയും ശരിയായ പരിചരണവും കൊണ്ട് നിങ്ങളുടെ ശ്വാസത്തിനും ജീവിതത്തിനും ഒരുപോലെ പുതിയ ഊർജ്ജം നൽകാം.

ഡോ. മുഹമ്മദ് ഇസ്സുദ്ധീൻ ഇർഷാദ് കൈതകത്ത്
സീനിയർ കൺസൾട്ടന്റ് പുൽമോണോലോജി പൾമണോളജി
ആസ്റ്റർ മിംസ് കോട്ടക്കൽ


